

ആലപ്പുഴ : മേല്‍ക്കൂര തകര്‍ന്നു വീണ കാര്‍ത്തികപ്പള്ളി സ്‌കൂളിലേക്ക് കെഎസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ഗേറ്റ് തള്ളിത്തുറന്ന് പ്രവര്‍ത്തകര്‍ സ്‌കൂളിന് അകത്തേക്ക് തള്ളിക്കയറിയതോടെ, സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധം കയ്യാങ്കളിയിലെത്തുകയായിരുന്നു.
ക്ലാസ് നടക്കുന്നതിനിടയിലാണ് പ്രതിഷേധവും കയ്യാങ്കളിയും ഉടലെടുത്തത്. പ്രവർത്തകർ കസേരകൾ ഉൾപ്പെടെ കയ്യിൽ കിട്ടിയതെല്ലാം വലിച്ചെറിഞ്ഞു. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസ് ഈ സമയത്ത് ഉണ്ടായിരുന്നില്ല. സംഘർഷത്തിൽ മാധ്യമപ്രവർത്തകൻ അടക്കം നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നുവെന്ന് യൂത്ത് കോൺഗ്രസുകാർ ആരോപിക്കുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തതായി മെമ്പർ കുറ്റപ്പെടുത്തി. കഴിഞ്ഞദിവസമാണ് കാർത്തികപ്പള്ളി സർക്കാർ യുപി സ്‌കൂളിലെ പ്രധാന കെട്ടിടത്തിത്തിന്റെ മേൽക്കൂര ഭാഗികമായി തകർന്നുവീണത്. അവധി ദിവസമായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
തകർന്ന കെട്ടിടത്തിൽ ക്ലാസുകൾ പ്രവർത്തിച്ചിരുന്നില്ലെന്നാണ് സ്‌കൂൾ അധികൃതർ പറഞ്ഞത്. എന്നാൽ ഇവിടെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നുവെന്ന് രക്ഷിതാക്കളും നാട്ടുകാരും പറയുന്നു. അപകടം നടന്ന ശേഷം സ്‌കൂൾ അധികൃതർ തകർന്ന ക്ലാസ് മുറികളിലെ മേശകളും ബെഞ്ചുകളും ധൃതിപ്പെട്ട് എടുത്തുമാറ്റുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates