തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണ രാഹുല്‍ ഗാന്ധി തുറന്നു കാട്ടിയതിലുള്ള രോഷമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ നിഴലിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെ ദേശീയ നേതാവാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിനെതിരെ തരം താണഭഷയിലാണ് സിപിഎം പ്രസ്താവന പുറപ്പെടുവിച്ചത്. ലാവ്‌ലിന്‍ അഴിമതിക്കേസില്‍ കേസില്‍ പ്രതിയായിരുന്ന പിണറായി വിജയനെ മുഖ്യമന്ത്രിക്കസേരയിലിരുത്തിക്കൊണ്ടാണ് രാഹുല്‍ഗാന്ധിയെപ്പറ്റി സിപിഎം പറയുന്നത്. ലാവ്‌ലിന്‍ കേസ് സുപ്രീംകോടതിയില്‍ പരിഗണനയിലാണ്. ഇരുപത്തിഏഴാം തവണയാണ് ആ കേസ് സുപ്രീം കോടതി മാറ്റി വയ്ക്കുന്നത്. ഇത് ബിജെപിയുമായുള്ള ഒത്തുകളിയാണെന്ന് ചെന്നിത്തല പറഞ്ഞു.
സി.പി.എമ്മിന്റെ കൊടി പിടിച്ചാല്‍ മുഖ്യമന്ത്രിയുടെ കസേരിലിരുന്നും സ്വര്‍ണ്ണക്കടത്ത് നടത്താമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതും വസ്തുതയല്ലേ? ഇടതു കൊടി പിടിക്കുന്നവര്‍ക്ക് പിന്‍വാതില്‍ വഴി കൂട്ടത്തോടെ ജോലി കൊടുക്കന്ന സമയമാണിപ്പോള്‍. അതേ സമയം രാത്രി പകലാക്കി പഠിച്ച് റാങ്ക് ലിസ്റ്റില്‍ കയറിക്കൂടിയവര്‍ക്ക് നിയമനം ലഭിക്കാനായി സെക്രട്ടേറയറ്റിന് മുന്നില്‍ സത്യാഗ്രഹം കിടക്കേണ്ട ഗതികേടിലുമാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ചത് സി.പി.എമ്മിനെ പ്രകോപിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് മറുമരുന്നില്ല എന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
രാജ്യത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് അമിത ഉത്സാഹം കാട്ടുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന രാജ്യദ്രോഹപരമായ സ്വര്‍ണ്ണക്കടത്തിലെ അന്വേഷണം എന്തു കൊണ്ടാണ് മന്ദഗതിയിലാക്കിയിരിക്കുന്നതെന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. അതിനെന്താണ് തെറ്റ്? അത് ഒരു വസ്തുതയല്ലേ? രാജ്യത്തെ തന്നെ ഞെട്ടിച്ച കേസായിട്ടും സ്വര്‍ണ്ണക്കടത്തു കേസില്‍ ഇപ്പോള്‍ അന്വേഷണമെന്തെങ്കിലും നടക്കുന്നുണ്ടോ? എന്തു കൊണ്ടാണ് പെട്ടെന്നൊരു ദിവസം അന്വേഷണം മന്ദഗതിയിലായത്? ഈ മെല്ലപ്പോക്കിന് കാരണം എല്ലാവര്‍ക്കുമറിയാമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുണ്ടാക്കിയിട്ടുള്ള കള്ളക്കൂട്ടു കെട്ട് തുറന്നു പറയുമ്പോള്‍ സി.പി.എമ്മിന് രോഷമുണ്ടാകുന്നത് സ്വാഭാവികമാണ്.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിട്ടില്ലെന്ന് പറയുന്ന സിപിഎം തങ്ങളുടെ സഹജമായ നുണ വ്യവസായമാണ് തുടരുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം രാഷ്ട്രം മുഴുവന്‍ ഇന്നലെ കേട്ടതാണ്. ബിജെപി സര്‍ക്കാര്‍ കൊണ്ടു വന്ന കര്‍ഷകദ്രോഹ നിയമങ്ങളെയും, കുത്തകള്‍ക്ക് വഴിവിട്ട് നല്‍കുന്ന സഹായങ്ങളെയും പെട്രോളിന്റെ പേരില്‍ നടത്തുന്ന കൊള്ളയെയും രൂക്ഷമായ ഭാഷയിലാണ് രാഹുല്‍ഗാന്ധി കടന്നാക്രമിച്ചത്. രാഷ്ട്രം മുഴുവന്‍ ശ്രവിച്ച ആ വാക്കുകളും തമസ്‌കരിച്ച് രാഹുല്‍ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ലെന്ന പച്ചക്കള്ളം വിളമ്പാന്‍ സി.പി.എമ്മിന് മാത്രമേ കഴിയൂ.
രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ട്രാക്ടര്‍ റാലിയെ വിമര്‍ശിക്കുമ്പോള്‍ ബിജെപിക്കും സിപിഎമ്മിനും ഒരേ ഭാഷ വന്നത് അവരുടെ പുതിയ കൂട്ടു കെട്ടിന്റെ ഫലമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates