'കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റി, ബിജെപിക്കും യുവാക്കള്‍ക്കും ഓരേ കാഴ്ചപ്പാട്'- പ്രധാനമന്ത്രി

ഇന്ന് ഭാരതം ആത്മനിര്‍ഭര്‍ ഭാരതമാണ്. ലോകം നമ്മുടെ രാജ്യത്തെ ഉറ്റുനോക്കുന്നു. ഡിജിറ്റല്‍ ഇന്ത്യ അടക്കമുള്ള കാര്യങ്ങളാണ് നമ്മെ അതിന് പ്രാപ്തമാക്കിയത്
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ
Updated on
2 min read

കൊച്ചി: കേരളത്തില്‍ വരുമ്പോള്‍ പ്രത്യേക ഊര്‍ജം ലഭിക്കുന്നുവെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവം പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യം അമൃത കാലത്തിലൂടെയാണ് മുന്നേറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളികളായ സ്വാതന്ത്ര്യ സമര സേനാനികളെ അടക്കം അനുസ്മരിച്ചാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. 

നമ്പി നാരായണന്‍ അടക്കം കേരളത്തിലെ നിരവധി ആളുകള്‍ യുവാക്കള്‍ക്ക് പ്രചോദനമാണ്. പരമ്പരാഗതമായ അറിവിനെ പുനരുദ്ധാനം ചെയ്യാന്‍ ആദിശങ്കരന്‍ വന്നു. കാലഹരണപ്പെട്ട സിദ്ധാന്തങ്ങള്‍ മുറുകെപിടിച്ചപ്പോള്‍ ശ്രീനാരായണ ഗുരുവിനെ പോലെയുള്ളവര്‍ സമൂഹത്തില്‍ നവോത്ഥാനം കൊണ്ടു വന്നു. അക്കമ്മ ചെറിയാനടക്കമുള്ള സ്വാതന്ത്ര്യ സമര സേനാനികള്‍ കേരളത്തിലുണ്ടായി. ഇന്ന് നിരവധി ചെറുപ്പക്കാര്‍ അവരുടെ പാത പിന്തുടരുന്നു. 

21ാം നൂറ്റാണ്ട് ഭാരതത്തിന്റെതാണെന്ന് എല്ലാവരും പറയുന്നു. ഭാരതം യുവ ശക്തിയുടെ ഭണ്ഡാരമാണ്. ഒരു കാലത്ത് ഭാരതത്തിന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് പറയുമായിരുന്നു. ഇന്ന് ഭാരതം ആത്മനിര്‍ഭര്‍ ഭാരതമാണ്. ലോകം നമ്മുടെ രാജ്യത്തെ ഉറ്റുനോക്കുന്നു. ഡിജിറ്റല്‍ ഇന്ത്യ അടക്കമുള്ള കാര്യങ്ങളാണ് നമ്മെ അതിന് പ്രാപ്തമാക്കിയത്. 

ഒരു കാലത്ത് ഇന്ത്യയെ കണക്കാക്കിയിരുന്നത് ഏറ്റവും ദുര്‍ബലമായ അഞ്ച് സമ്പദ് വ്യവസ്ഥയായിട്ടാണ്. ഇന്ന് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്നാണ് ലോകം കാണുന്നത്. എന്റെ പ്രതീക്ഷ നിങ്ങളിലാണ്. 

കേരളത്തിലടക്കമുള്ള യുവാക്കള്‍ ഇന്ത്യയുടെ വികസനത്തിനായി നേതൃപരമായി മുന്നോട്ടു വരുന്നു. ഭാരതം ആഗോള ദൗത്യം നിറവേറ്റാനുള്ള പരിശ്രമത്തിലാണ്. 

ജി20യുടെ അധ്യക്ഷ പദവി ഭാരതം അലങ്കരിക്കുന്നു. ജി20യുമായി ബന്ധപ്പെട്ട പല യോഗങ്ങളും തിരുവനന്തപുരത്തും കുമരകത്തും നടന്നു. അതിലെല്ലാം യുവാക്കളുടെ പങ്കാളിത്തം ധാരളമുണ്ടായി. വരാനിരിക്കുന്ന ജി20 യോഗങ്ങളിലും നിങ്ങളുടെ പങ്കളിത്തമുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. അതിന് നിങ്ങളോടെല്ലാം നന്ദി പറയുന്നു. 

ബിജെപിയും യുവാക്കളും ഒരേ കാഴ്ചപ്പാട് പങ്കിടുന്നവരാണ്. സര്‍ക്കാര്‍ യുവാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. യുവാക്കളുടെ നേതൃത്വത്തിലുള്ള വികസനം സാധ്യമാക്കാനാണ് ബിജെപി പരിശ്രമിക്കുന്നത്. 

മുന്‍ സര്‍ക്കാരുകള്‍ അഴിമിതിയാലാണ് അറിയപ്പെട്ടത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ഓരോ മേഖലയിലും യുവാക്കള്‍ക്കാണ് അവസരം ഒരുക്കുന്നത്. സ്വയം പര്യപ്തതയിലൂടെ അവസരങ്ങള്‍ നല്‍കുന്നു. പ്രാദേശിക ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. 

എല്ലാ മേഖലകളിലും യുവാക്കള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ബിജെപി ആവിഷ്‌കരിച്ച ആത്മനിര്‍ഭര്‍ ഭാരത് യുവാക്കള്‍ക്ക് ധാരാളം അവസരം നല്‍കുന്നു. ബഹിരാകാശ, പ്രതിരോധ, മേഖലകളിലെല്ലാം നിരവധി പദ്ധതികള്‍ കൊണ്ടുവന്നു. ഹൈവേ, റെയില്‍വേ, ജല, വ്യോമ ഗതാഗത മേഖലകളിലെല്ലാം പുതിയ അവസരങ്ങള്‍ ഒരുക്കുന്നു. 

കേരളത്തിന്റെ സമ്പദ് ഘടനയില്‍ തീരദേശത്തിന് വളരെ പ്രാധാന്യമുണ്ട്. മത്സ്യ മേഖലയില്‍ ജീവിക്കുന്ന ആളുകളുടെ ജീവിതം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മത്സ്യ ബന്ധന മേഖലയ്ക്ക് വേണ്ടി ഫഷറീസ് വകുപ്പ് തന്നെ ഉണ്ടാക്കിയത് ബിജെപി സര്‍ക്കാരാണ്. 

കേന്ദ്ര സേനകളിലെ കോണ്‍സ്റ്റബിള്‍ പരീക്ഷ ഇന്ത്യയിലെ എല്ലാ ഭാഷകളിലും ആയി മാറ്റിയിട്ടുണ്ട്. ഇനി മുതല്‍ കേരളത്തിലടക്കമുള്ള യുവാക്കള്‍ക്ക് ആ പരീക്ഷക്ക് എളുപ്പം തയ്യാറെടുക്കാം. 

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സ്വയം തൊഴിലുകള്‍ക്കുള്ള അവസരവും ഒരുക്കുന്നു. സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായി തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നു. കേരളത്തിലെ സര്‍ക്കാരിന് പക്ഷേ യുവാക്കള്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കാനുള്ള താത്പര്യമില്ല. ഒഴിവുകള്‍ നികത്താന്‍ പരിശ്രമിക്കുന്നില്ല. 

കേരളത്തിലെ യുവ ജനതയുടെ കഴിവുകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ പരിശ്രമിക്കണം. ഈശ്വരന്‍ ധാരാളം കഴിവുകള്‍ നല്‍കിയ ജനതയാണ് കേരളത്തിലുള്ളത്. ടൂറിസമടക്കമുള്ള കാര്യങ്ങള്‍ വന്‍ സാധ്യതയാണ് കേരളത്തിനുള്ളത്. അതിനുള്ള പുതിയ വഴിയായി യുവം മാറട്ടെ.

കേരളത്തിന്റെ പരമ്പരാഗത വൈദ്യ ശാസ്ത്രം വലിയ ശക്തിയാണ്. മുന്‍ കെനിയന്‍ പ്രധാനമന്ത്രിയുടെ മകളുടെ കണ്ണിന്റെ അസുഖം കേരളത്തില്‍ മാറ്റിയത് ഞാന്‍ മന്‍ കി ബാത്തില്‍ പറഞ്ഞിരുന്നു. മന്‍ കി ബാത്തില്‍ കേരളത്തിന്റെ കാര്യം പറയുമ്പോള്‍ എനിക്ക് സന്തോഷം തോന്നാറുണ്ട്. ചിലര്‍ ചില കാര്യങ്ങള്‍ പറയാന്‍ കത്തയക്കാറുമുണ്ട്. മന്‍ കി ബാത്തിന്റെ 100ാം അധ്യായമാണ് ഈ വരുന്ന ഞായറാഴ്ച. 

രാജ്യം അതിവേഗം മുന്നേറുമ്പോള്‍ കേരള അതിനൊപ്പം നില്‍ക്കണം. എന്നാല്‍ ഒരുകൂട്ടര്‍ കേരളത്തിന്റെ താത്പര്യത്തിനേക്കാള്‍ പാര്‍ട്ടിക്കും മറ്റൊരു കൂട്ടര്‍ ഒരു കുടുംബത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് നിരവധി അവസരങ്ങളാണ് അതിലൂടെ നഷ്ടമാകുന്നത്. 

ഒരു വശത്ത് ബിജെപി സര്‍ക്കാര്‍ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ കേരളത്തില്‍ സ്വര്‍ണക്കടത്തു പോലെയുള്ള കാര്യങ്ങള്‍ക്കാണ് ചിലര്‍ അധ്വാനിക്കുന്നത്. അധികാരത്തിലുള്ള ചിലര്‍ കേരളത്തിലെ യുവജനതയുടെ ഭാവി കൊണ്ടു തുലാസിലാക്കുകയാണ്. 

കേരളത്തിലെ ചെറുപ്പക്കാരുടെ ആശയും അഭിലാഷവും അറിയുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. കോവിഡ് കാലത്ത് സൗജന്യ റേഷനും സൗജന്യ വാക്‌സിനും നല്‍കി. അദ്ദേഹം വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com