

തിരുവനന്തപുരം തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലായി വിജയിക്കുമെന്ന് ഉറപ്പുള്ള 250 മുതൽ 300 വരെ വാർഡുകൾ ബിജെപി കണ്ടെത്തി. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മികച്ച വിജയം നേടാനാകുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. സംസ്ഥാനത്തുടനീളം 21,000-ത്തിലധികം വാർഡുകൾ സ്വന്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള സജീവ പ്രവർത്തനത്തിലാണ് തങ്ങളെന്ന് ബിജെപി നേതൃത്വം പറയുന്നു.
കേരളത്തിലെ ബിജെപി തയ്യാറാക്കിയ വിശാലമായ രാഷ്ട്രീയ രൂപരേഖയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നിർണായക പ്രാധാന്യമുള്ളതാണെന്ന് മുതിർന്ന നേതാക്കൾ പറയുന്നു.
"അമിത് ഷാ ഉൾപ്പെടെയുള്ള കേന്ദ്ര നേതൃത്വം ഈ തെരഞ്ഞെടുപ്പിനെ ഒരു നിർണായക പരീക്ഷണമായാണ് കാണുന്നത്. ഒരു നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടുകളുടെ 30 ശതമാനം നേടാൻ ഞങ്ങൾക്ക് കഴിഞ്ഞാൽ, ആ നിയമസഭാ സീറ്റ് നേടാനുള്ള ഞങ്ങളുടെ സാധ്യത ഗണ്യമായി വർദ്ധിക്കും," ഒരു ബിജെപി നേതാവ് പറഞ്ഞു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ശക്തമായ പ്രകടനം കാഴ്ചവയ്ക്കുന്നതിനുള്ള അടിത്തറ പാകുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളുടെ തന്ത്രപരമായ പ്രധാന്യത്തെ വ്യക്തമാക്കുന്നതാണ് ഇത്.
വാർഡ് തല കമ്മിറ്റി യോഗത്തിനായി ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് എത്തിയത് കൂടുതൽ ആവേശം പകർന്നതായി അവർ പറഞ്ഞു. നിലവിൽ, ഏകദേശം 18,000 വാർഡുകളിൽ ബിജെപി സജീവമായ പ്രചാരണത്തിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. ശേഷിക്കുന്ന 3,000 വാർഡുകളിൽ പ്രചാരണത്തിനുള്ള ടീം രൂപീകരണം പൂർത്തിയാക്കുന്നതിനുള്ള ശ്രമങ്ങൾ - ഓഫ്‌ലൈൻ, ഓൺലൈൻ മീറ്റിങ്ങുകൾ - നടന്നുവരികയാണ്.
തദ്ദേശ വാർഡുകളുടെ പുനർനിർണ്ണയ പ്രക്രിയയെക്കുറിച്ച് പാർട്ടി നേതാക്കൾക്ക് ആശങ്കയുണ്ട്, അതിനെ 'അശാസ്ത്രീയവും പക്ഷപാതപരവുമാണ്' എന്ന് അവർ ആരോപിച്ചു.
" വാർഡ് പുനർ നിർണ്ണയം നടത്തിയ രീതിയിൽ ഞങ്ങൾ തൃപ്തരല്ല. ഞങ്ങളുടെ പ്രധാന വാർഡുകളിലെ സാധ്യത കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ മാസം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള യോഗത്തിൽ ഈ വിഷയം ഉന്നയിക്കും, കോടതിയെ സമീപിക്കുന്നതും ആലോചിക്കുന്നുണ്ട്," ഒരു മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.
ബിജെപിക്ക് ശക്തിയുള്ള വാർഡുകൾ പരമ്പരാഗതമായി ഇടതുപക്ഷത്തെ പിന്തുണച്ചിരുന്ന സമീപ പ്രദേശങ്ങളുമായി ലയിപ്പിക്കുകയാണെന്ന് മറ്റൊരു നേതാവ് വിശദീകരിച്ചു. “തിരുവനന്തപുരം കോർപ്പറേഷൻ പോലുള്ള സ്ഥലങ്ങളിൽ, ഞങ്ങൾക്ക് വലിയ വോട്ട് വിഹിതമുണ്ടായിരുന്ന വാർഡുകൾ ഇടതുപക്ഷ ശക്തികേന്ദ്രങ്ങൾ ഉൾപ്പെടുത്തി പുനർനിർണ്ണയിച്ചു, ഇത് ഞങ്ങളുടെ അടിത്തറ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്,” അദ്ദേഹം ആരോപിച്ചു.
ഈ വെല്ലുവിളികൾക്കിടയിലും, സംസ്ഥാനത്തുടനീളം തങ്ങളുടെ തെരഞ്ഞെടുപ്പ് സംവിധാനം പൂർണ്ണമായും സജീവമാണെന്ന് ബി ജെ പി ഭാരവാഹികൾ പറയുന്നു. “തെക്കൻ കേരളത്തിൽ ഞങ്ങൾക്ക് ശക്തമായ സ്വാധീനമുണ്ട്, അതിനർത്ഥം മറ്റ് പ്രദേശങ്ങളെ ഞങ്ങൾ അവഗണിക്കുന്നു എന്നല്ല. പരമാവധി സാന്നിധ്യം ഉറപ്പാക്കാനും കഴിയുന്നത്ര വാർഡുകളിൽ വിജയം ഉറപ്പാക്കാനും സംസ്ഥാനവ്യാപകമായി പരിശ്രമിക്കുന്നു,” പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുന്ന ഒരു ബിജെപി നേതാവ് പറഞ്ഞു.
"ബിജെപി ഇതിനകം തന്നെ അവരുടെ തെരഞ്ഞെടുപ്പ് തന്ത്രത്തിന് അന്തിമരൂപം നൽകുകയും സംസ്ഥാനത്തുടനീളമുള്ള എല്ലാ വാർഡുകളിലേക്കും സ്ഥാനാർത്ഥികളെ നിർണ്ണയിക്കുകയും ചെയ്തിട്ടുണ്ട്. അശാസ്ത്രീയമായ പുനർനിർണ്ണയം ചില വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ടെങ്കിലും, അവയെ മറികടക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. മറ്റ് പാർട്ടികളിൽ നിന്നുള്ള നിരവധി പ്രമുഖ നേതാക്കൾ ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്, അവരുമായി ചർച്ചകൾ തുടരുകയാണ്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനം ചെലുത്താൻ ഞങ്ങൾക്ക് സാധിക്കും," എന്ന് ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
