

കേരളം വീണ്ടുമൊരു തെരഞ്ഞെടുപ്പ് കാലത്തിലേക്ക് കാൽവെക്കാൻ തുടങ്ങുമ്പോഴാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി ജെ പിയുടെ തന്ത്രങ്ങളുടെ തലച്ചോറെന്നുമെന്ന് അറിയപ്പെടുന്ന അമിത് ഷാ വീണ്ടും കേരളത്തിലെത്തിയത്. തദ്ദേശ തെരഞ്ഞടുപ്പിൽ, 25 ശതമാനം വോട്ടെങ്കിലും നേടുമെന്ന് പ്രഖ്യാപിച്ച അമിത് ഷാ, യു ഡി എഫിനും എൽ ഡി എഫിനും എതിരെയായിരുന്നു ആക്രമണം. ഇരു മുന്നണികളും അഴിമതിക്കാരാണെന്നും ബി ജെ പി വികസനത്തിനാണ് മുൻതൂക്കം നൽകുന്നതെന്നും വികസിത കേരളത്തിന് ബി ജെ പി അധികാരത്തിൽ വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസംഗം തുടങ്ങുമ്പോൾ തന്നെ ഭാരത് മാതാ കീ ജയ് വിളിച്ച് അമിത് ഷാ, പിണറായി വിജയൻ ഇവിടെയില്ലെന്നും അദ്ദേഹം കേരളത്തിൽ ബി ജെ പിയുടെ ഒരു സമ്മേളനം നടന്നുവെന്ന് അറിയട്ടെയെന്നും പറഞ്ഞുകൊണ്ട് ഈ മുദ്രാവാക്യം ഉറക്കെ വിളിക്കാൻ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപായി ബി ജെ പി വാർഡ് തല നേതൃസംഗമം എന്ന സംസ്ഥാന തല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന സ്വർണ്ണക്കളക്കടത്ത് കേസ് സർക്കാർ സ്പോൺസേഡ് അഴിമതിയാണെന്ന് അമിത് ഷാ ആരോപിച്ചു. കേന്ദ്ര ഏജൻസികൾ കഴിഞ്ഞ അഞ്ച് വർഷമായി അന്വേഷിക്കുന്ന കേസിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഈ പ്രസ്താവന എന്നത് വരുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചുള്ളതാണ് എന്ന നിരീക്ഷണമാണ് രാഷ്ട്രീയ വൃത്തങ്ങളിലെ ആദ്യ പ്രതികരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സ്വർണ്ണക്കള്ളക്കടത്തും ശബരിമല വിഷയവുമായിരുന്നു എൽ ഡി എഫിനെതിരെ യു ഡി എഫും ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എയും മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കിയത്. 2018ൽ കണ്ണൂരിൽ നടന്ന യോഗത്തിൽ കേരള സർക്കാരിനെ വലിച്ചു താഴെയിടുമെന്ന വിവാദ പ്രസ്താവന നടത്തിയ അമിത് ഷാ ശരണം വിളിയോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്. അതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു കേരളത്തിൽ ഭാരത് മാതാ വിവാദത്തെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള അമിത് ഷായുടെ പ്രസംഗം എന്നും രാഷ്ട്രീയ പ്രവർത്തകർ അഭിപ്രായപ്പെടുന്നു. അടുത്തമാസം വീണ്ടും അമിത് ഷാ കേരളത്തിൽ എത്തുമെന്നും സൂചനയുണ്ട്.
കേന്ദ്രത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആദ്യ എൻ ഡി എ സർക്കാർ എത്തിയതിന് പിന്നാലെ അമിത് ഷാ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ദേശീയ പ്രസിഡന്റായി. അക്കാലം മുതൽ ദക്ഷിണേന്ത്യയിൽ ഭരണം പിടിക്കുക എന്ന ലക്ഷ്യമിട്ട് കരുനീക്കുന്നതിൽ അമിത് ഷാ ഒരിക്കലും പിന്നാക്കം പോയിട്ടില്ല. തമിഴ് നാട്ടിലും കേരളത്തിലും അധികാരത്തിലെത്താൻ കഴിഞ്ഞില്ലെങ്കിലും ബി ജെ പിക്ക് വോട്ട് വർദ്ധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. കേരളത്തിൽ വന്നാലും കേരളത്തിന് പുറത്തായാലും കേരളത്തെ കുറിച്ച് അമിത് ഷാ പറഞ്ഞ പല അഭിപ്രായങ്ങളും വിവാദങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
ദേശീയ പ്രസിഡന്റായതിന് പിന്നാലെ 2014 സെപ്തംബറിൽ അമിത് ഷാ കേരളത്തിലെത്തുമ്പോൾ കേരളത്തിൽ ബിജെ പിക്ക് നിയമസഭയിലോ ലോകസഭയിലോ ഒരു സീറ്റിൽ പോലും ജയിച്ചിട്ടുണ്ടായിരുന്നില്ല. ഒ രാജഗോപാൽ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച് രണ്ടാം സ്ഥാനത്ത് എത്തിയതും മഞ്ചേശ്വരം , നേമം എന്നീ നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തിയതും ഇതിന് പുറമെ ചിലഗ്രാമപഞ്ചായത്തുകളിലും തിരുവനന്തപുരം, പാലക്കാട് നഗരസഭകളിലുമുണ്ടാക്കിയ മുന്നേറ്റവുമാണ് ബി ജെ പിയുടെ മികച്ച പ്രകടനങ്ങൾ. അതിലൊരു മാറ്റമുണ്ടാക്കുക എന്നതായിരുന്നു അമിത് ഷാ പ്രസിഡന്റായി ജൂലൈയിൽ ചുമതലയേറ്റ് രണ്ട് മാസത്തിനുള്ളിതിൽ തിരുവനന്തപുരത്ത് എത്തുമ്പോഴുള്ള പ്രധാന ലക്ഷ്യം.
ആ ലക്ഷ്യവുമായി പലതലത്തിലുള്ള നീക്കങ്ങൾ കേരളത്തിലെത്തിയും അല്ലാതെയും അദ്ദേഹം നടത്തി. സെപ്തംബറിൽ വന്ന ശേഷം കേരളത്തിലേക്കുള്ള നോട്ടം കൈവിട്ടില്ല. തൊട്ടുപിന്നാലെ അതേ വർഷം ഡിസംബറിലും ഇവിടെയത്തി. 2015ൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും 2016ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായിരുന്നു ലക്ഷ്യം.
അടുത്തവർഷം (2015) മെയ് 19ന് സെക്രട്ടേറിയറ്റിന് മുന്നിൽ ബി ജെ പി നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്യാനായി അദ്ദേഹം വീണ്ടുമെത്തി. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി അണികൾക്ക് ആവേശം പകരുന്നതായിരുന്നു ഉപരോധ സമരം. തദ്ദേശ തെരഞ്ഞെടുപ്പിൽ ബി ജെ പി മുൻവർഷത്തേക്കാൾ നേട്ടം കൈവരിക്കുകയും ചെയ്തു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി കേരളത്തിൽ ചരിത്രമെഴുതി. ആദ്യമായി ഒരു നിയമസഭാ സീറ്റിൽ ജയിച്ചു. നേമം മണ്ഡലത്തിൽ നിന്ന് ഒ. രാജോഗാപാൽ വിജയിച്ചു. മഞ്ചേശ്വരത്തിന് പുറമെ പാലക്കാട്, വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലും രണ്ടാം സ്ഥാനത്തെത്തി. അമിത് ഷായുടെ കേരളത്തിലേക്കുള്ള വരവിന്റെ ഫലമായി ഇതിനെ കണ്ടവർ ബി ജെ പിയിൽ മാത്രമല്ല, മറ്റ് പാർട്ടികളിലും ഉണ്ടായിരുന്നു. എന്നാൽ, പ്രാദേശികമായ വിഷയങ്ങളും കോൺഗ്രസും സി പിഎം എടുത്ത സമീപനങ്ങളും സ്ഥാനാർത്ഥി നിർണ്ണയവുമായിരുന്നു ബി ജെ പിയുടെ ഈ നേട്ടത്തിന് കാരണമെന്ന് കരുതിയവരും കുറവല്ല.
ഇതിന് ശേഷം അമിത് ഷാ വീണ്ടും 2017 ഒക്ടോബറിൽ ജനരക്ഷാ യാത്ര പരിപാടിയുമായാണ് കേരളത്തിലെത്തുന്നത്. ഇടക്കാലത്ത് കേരളത്തിൽ ആർ എസ് എസ് , ബി ജെ പിയും സി പി എമ്മും തമ്മിലുള്ള സംഘർഷം രൂക്ഷമായ കാലഘട്ടത്തിലായിരുന്നു ജനരക്ഷാ യാത്ര. ഡൽഹിയിൽ സി പി എം ഓഫീസിലേക്ക് നടത്തിയ മാർച്ചിന് പിന്നാലെയാണ് കേരളത്തിലും ജനരക്ഷാ മാർച്ച് നടത്തിയത്. എന്നാൽ മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലൂടെ നടത്തിയ യാത്രയിൽ അമിത് ഷാ പങ്കെടുക്കുമെന്ന് ആദ്യം നേതൃത്വം അറിയിച്ചിരുന്നുവെങ്കിലും അതിൽ അദ്ദേഹം പങ്കെടുക്കാനെത്തിയില്ല. പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാനുണ്ടായിരുന്നത് കൊണ്ടാണ് വരാതിരുന്നത് എന്നായിരുന്നു അന്ന് നൽകിയിരുന്ന വിശദീകരണം.
ഒരു വർഷം കഴിഞ്ഞ് 2018 ഒക്ടോബറിൽ അമിതഷായുടെ കേരള സന്ദർശനം ഒന്നിലേറെ കാര്യങ്ങൾ കൊണ്ട് വിവാദമായി. ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പേ കണ്ണൂർ വിമാനത്താവളത്തിൽ പറന്നിറങ്ങിയാണ് അമിത് ഷാ ആദ്യ വിവാദത്തിന് തിരികൊളുത്തിയത്. വിമാനമിറങ്ങി അമിത്ഷാ അവിടെ കൂടി നിന്ന ജീവനക്കാരോട് പറയുന്ന വാചകങ്ങളുടെ വീഡിയോയാണ് വൈറലും വിവാദവുമായി . ‘ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞെന്ന് പറഞ്ഞേക്കൂ..’ ഒരു ചെറിയ ചിരിയോടെയാണ് പറഞ്ഞ വാക്കുകളായിരുന്നു അത്.
ഇതിന് പിന്നാലെ നടത്തിയ പ്രസംഗവും വിവാദമായി. ബി ജെ പി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിൽ പറഞ്ഞ വാക്കുകളുടെ പരിഭാഷ, "വേണമെങ്കില്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടു" മെന്നായിരുന്നു. ഇത് സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാനുള്ള കേന്ദ്രത്തിന്റെയും ബി ജെ പിയുടെയും നീക്കമാണെന്ന് വിമർശനം ഉയർന്നു. ഇതേ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി അതിലേറെ വൈറലായി. "സർക്കാരിനെ വലിച്ച് താഴെയിടും എന്നാണ് അമിത് ഷാ പറഞ്ഞത്. അതിന് ഈ തടി പോര. അതൊക്കെ അങ്ങ് ഗുജറാത്തിൽ മതി. ഇഷ്ടം പോലെ എടുത്ത് കൈകാര്യം ചെയ്യാവുന്നതല്ല കേരളത്തിലെ സർക്കാർ. ഈ നാടിനേയും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും ഭീഷണിപ്പെടുത്തേണ്ട" എന്നും മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്.
എന്നാൽ, 'സ്‌പെഷ്യല്‍ പൊലീസ് എന്ന പേരില്‍ 1500 ല്‍ പരം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയാണ് ഇറക്കിയത്. ഈ അടിച്ചമര്‍ത്തല്‍ നിര്‍ത്തിയില്ലെങ്കില്‍ ബിജെപി പ്രവര്‍ത്തകര്‍ ശക്തമായ മറുപടി തരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പ് നല്‍കാനാണ് ഞാനിവിടെ വന്നിരിക്കുന്നത്,' എന്ന അമിത് ഷായുടെ വാക്കുകള്‍ പരിഭാഷപ്പെടുത്തിയപ്പോൾ വന്ന പിശകായിരുന്നു അതെന്നായിരുന്നു ബി ജെ പി വിശദീകരണം. അതേസമയം, ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള കോടതി വിധി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം കലാപമായി മാറിയ കാലത്തിന് പിന്നാലെയായിരുന്നുഅമിത് ഷായുടെ വരവും പ്രസംഗവും. അന്ന് ശരണം വിളിയോടെയാണ് അമിത് ഷാ പ്രസംഗം അവസാനിപ്പിച്ചതും.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തെലെ ബിജിപിയെ ശക്തപ്പെടുത്താന്‍ 23 ഇന കര്‍മ്മ പരിപാടി നിര്‍ദ്ദേശിച്ച് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. പാര്‍ട്ടി കോര്‍ കമ്മറ്റി യോഗത്തിലാണ് അദ്ദേഹം കേരള നേതാക്കള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് കണ്ണൂരിലെ വരവും പ്രസംഗവും. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ശബരിമല ആയുധമാക്കിയെങ്കിലും അതിന്റെ ഗുണം ബി ജെ പിക്ക് സീറ്റിന്റെ കാര്യത്തിൽ ലഭിച്ചില്ല. എന്നാൽ, പൊതുവിൽ എല്ലാ മണ്ഡലങ്ങളിലും വോട്ട് കൂടി. പിന്നീട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ബി ജെ പി മുൻവർഷത്തേക്കാൾ നേട്ടം കൊയ്തു.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സീറ്റ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശക്തമായ പരിപാടികളാണ് ബി ജെ പി ആസുത്രണം ചെയ്ത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായുടെ തലശ്ശേരിയിലെ പ്രചാരണ പരിപാടി ഒഴിവാക്കി. മാർച്ചിൽ അദ്ദേഹം തലശ്ശേരിയിൽ എത്തുമെന്ന് ആദ്യം ബി ജെ പി പറഞ്ഞിരുന്നുവെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥി ഇല്ലാത്ത സാഹചര്യത്തിലാണ് അതൊഴിവാക്കിയതെന്ന് ബി ജെ പി വിശദീകരിച്ചു. അന്ന് ബിജെപിക്ക് തലശ്ശേരിയിലും ഗുരുവായൂരിലും സ്ഥാനാര്‍ഥികളില്ലായിരുന്നു. അത് പ്രശ്നമാക്കേണ്ടതില്ലെന്നും നാമനിര്‍ദേശ പത്രിക തള്ളിയത് സാങ്കേതിക പ്രശ്നമാണെന്നും ആയിരുന്നു ഇതേക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ യു ഡി എഫും എൽ ഡി എഫും പരസ്പരം ബി ജെ പി ബന്ധം ഉന്നയിച്ച് ആരോപണവും നടത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബി ജെ പിക്ക് ഉണ്ടായിരുന്ന ഏക സീറ്റ് നഷ്ടമായി. അതേസമയം കേരളത്തിൽ കൂടുതൽ മണ്ഡലങ്ങളിൽ ബി ജെ പി രണ്ടാം സ്ഥാനത്തെത്തി. വോട്ടുവിഹിതവും വർദ്ധിപ്പിച്ചു.
അതിന് ശേഷം 2022 ൽ വീണ്ടും കേരളത്തിലെത്തിയ അമിത് ഷാ കേരളത്തിൽ താമരവിരിയുമെന്ന് പ്രഖ്യാപിച്ചു. കേരളത്തില്‍ ഇനി ഭാവി ബിജെപിക്കാണെന്നും ബിജെപി സംഘടിപ്പിച്ച പട്ടിക ജാതി സംഗമത്തില്‍ അമിത് ഷാ പറഞ്ഞു. 2024 ൽ ലോകസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും നീക്കങ്ങളും അന്ന് മുതൽ ബി ജെ പി കൂടുതൽ ശ്രദ്ധ ചെലുത്തി ചെയ്തു. 2024 ൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ച നടൻ സുരേഷ് ഗോപി ജയിച്ചു. കേരളത്തിൽ പൊതുവിൽ ബി ജെ പി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.
തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും ഏതാനും മാസങ്ങൾ അവശേഷിക്കുമ്പോൾ ബി ജെ പിയുടെ അടിത്തട്ടിലെ പ്രവർത്തകരെ കാണാനും അവരോട് സംസാരിക്കുന്നിതനുമെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ,വരാൻ പോകുന്ന ദിവസങ്ങളിൽ ബി ജെ പി നടപ്പാക്കേണ്ട തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ രൂപരേഖ നേതൃത്വത്തിനും അണികൾക്കും കൈമാറിയത് കൂടെയായിരുന്നു ഇന്നത്തെ പ്രസംഗത്തിൽ കാണാനാകുന്നത്.
വികസനം എന്ന അജൻഡയാണ് വരുന്നതെരഞ്ഞെടുപ്പുകളിൽ കേരളത്തിൽ അവർ മുന്നോട്ട് വെക്കുക, ഒപ്പം ഹിന്ദുത്വം എന്ന അജൻഡയും എന്നത് അടിവരയിട്ട് വ്യക്തമാക്കുന്നതായിരന്നു അദ്ദേഹത്തിന്റെ പ്രസംഗം നൽകുന്ന സൂചന. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലും വികസിത ഭാരതം, വികസിത കേരളം എന്ന മുദ്രാവാക്യമാണ് ബി ജെ പി മുന്നോട്ട് വച്ചത്.
ആ മുദ്രാവാക്യത്തിൽ ഉറച്ചുതന്നെയാണ് മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുന്നതായിരന്നു ഇന്നത്തെ അമിത് ഷായുടെ പ്രസംഗം. കേരളത്തിൽ ബി ജെ പി പുതിയ പ്രസിഡന്റായി നിയോഗിച്ച മലയാളി വ്യവസായി കൂടെയായ രാജീവ് ചന്ദ്രശേഖർ അധികാരമേറ്റെടുത്തപ്പോൾ മുതൽ കേരള വികസനം എന്ന വിഷയം അടിസ്ഥാനമാക്കിയുള്ള ചർച്ചകളും പ്രവർത്തന പരിപാടികളുമാണ് നടപ്പാക്കുന്നത്. ആ സമീപനത്തെ പിന്തുണയ്ക്കുന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് എന്ന് വ്യക്തമാക്കുന്നതായിരുന്നു അമിത് ഷാ ഇന്ന് നടത്തിയ പ്രസംഗം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
