

തിരുവനന്തപുരം: തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാന്‍ ബിജെപി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്ത് കേന്ദ്രമന്ത്രി അമിത് ഷാ. തദ്ദേശ സ്വയംഭരണ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ ഒരുങ്ങണം. മേഖലാ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടു. മാറ്റം വേണമെങ്കില്‍ ബിജെപിയെ വിജയിപ്പിക്കണം. കേരളത്തില്‍ ബിജെപിയുടെ ഭാവി ശോഭനമാണ്. ഓഗസ്റ്റില്‍ താന്‍ വീണ്ടും കേരളത്തിലെത്തുമെന്നും തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് വാര്‍ഡുതല നേതൃസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു.
2026 ല്‍ കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരും. കേരളത്തിന്റെ വികസനം ബിജെപി ലക്ഷ്യമിടുമ്പോള്‍, സിപിഎം സ്വന്തം അണികളുടെ വികസനം മാത്രമാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന ഈ യോഗത്തിലെ പങ്കാളിത്തം തന്നെ കേരളത്തിലെ ബിജെപിയുടെ ഭാവി ശോഭനമാണെന്ന് വ്യക്തമാക്കുന്നതാണ്. പത്മനാഭസ്വാമിയുടെ മണ്ണിലെ ഈ സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനത്തോടെ, സംസ്ഥാന നിയമസഭയിലേക്കും ലോക്സഭയിലേക്കും ബിജെപി പ്രതിനിധികളെ അയക്കാനുള്ള അവസരം കൂടി സമാഗതമായിരിക്കുകയാണ്.
കേരളത്തെ എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ കൊള്ളയടിച്ചുവെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. അഴിമതിയുടെ കാര്യത്തില്‍ ഇടതുപക്ഷവും യുഡിഎഫും ഒരുപോലെയാണ്. സ്വര്‍ണക്കടത്ത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് അഴിമതിയാണ്. സഹകരണ ബാങ്ക് തട്ടിപ്പ്, എക്സാലോജിക്, ലൈഫ് മിഷന്, കെ ഫോണ്‍, പിപിഇ കിറ്റ്, എഐ കാമറ തട്ടിപ്പ് എന്നിങ്ങനെ ഇടതുപക്ഷത്തിന്റെ അഴിമതി നീളുന്നു. കോണ്‍ഗ്രസും ഇക്കാര്യത്തില്‍ പിന്നിലല്ല. ബാര്‍ കോഴ, സോളാര്‍, പാലാരിവട്ടം പാലം തുടങ്ങി നിരവധി അഴിമതികള്‍ യുഡിഎഫിന്റെ കാലത്തും നടന്നു. മാറ്റമാണ് വേണ്ടതെങ്കില്‍ ബിജെപിയെ ഇനി അധികാരത്തിലേറ്റണം. അമിത് ഷാ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദി വികസിത ഭാരതം എന്ന സങ്കല്‍പ്പമാണ് രാജ്യത്തെ 145 കോടി ജനങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിച്ചിട്ടുള്ളത്. വികസിത ഭാരതം എന്നത് വികസിത കേരളത്തില്‍ കൂടിയാണ് സാധ്യമാകാന്‍ പോകുന്നത്. ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങള്‍ വികസിക്കാതെ വികസിത ഭാരതം സാധ്യമാകില്ല. വികസിത കേരളം എന്ന മുദ്രാവാക്യം പ്രധാനമന്ത്രി മുന്നോട്ടുവെച്ചിട്ടുള്ള മൂന്നു കാര്യങ്ങളിലൂന്നിയാണ്. ഒന്നാമത്തേത് അഴിമതിരഹിത ഭരണം, രണ്ടാമത്തേത് വിവേചനമില്ലാത്ത ഭരണം, മൂന്നാമത്തേത് വോട്ടു ബാങ്ക്- പ്രീണന രാഷ്ട്രീയം അവസാനിപ്പിച്ചുകൊണ്ടുള്ള വികസനം എന്നിവയാണെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ തഴച്ചു വളര്‍ന്ന, പോപ്പുലര്‍ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള മതതീവ്രവാദ രാഷ്ട്രീയത്തെ തടയിട്ടത് നരേന്ദ്രമോദി സര്‍ക്കാരാണ്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്തു നടപടിയാണ് കേരളത്തിലെ സര്‍ക്കാര്‍ സ്വീകരിച്ചത്. പിഎഫ്ഐയെ മോദി സര്‍ക്കാര്‍ നിരോധിച്ച ശേഷവും കേരളത്തില്‍ അവരുടെ പ്രവര്‍ത്തനം സജീവമാണ്. പക്ഷെ കേരളത്തിന് അകത്തും പുറത്തുമുള്ള മതതീവ്രവാദികളെ മുഴുവന്‍ ജയിലിടാന്‍ കഴിഞ്ഞത് നരേന്ദ്രമോദി സര്‍ക്കാരിനു മാത്രമാണെന്ന് അമിത് ഷാ പറഞ്ഞു. 3700 കോടിയുടെ റെയില്‍ വികസനമാണ് കേരളത്തില്‍ നടക്കുന്നത്. അടുത്ത വര്‍ഷത്തോടെ രാജ്യം മാവോയിസ്റ്റ് മുക്തമാകുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
