പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരത്ത് പൊലീസിന് നേരെ വീണ്ടും ബോംബേറ്; ഉച്ചയ്ക്ക് ആക്രമിച്ച് ഓടി രക്ഷപ്പെട്ട പ്രതി തന്നെ

മംഗലപുരം പായ്ച്ചിറയില്‍ പൊലീസിന് നേരെ വീണ്ടും ബോംബേറ്
Published on

തിരുവനന്തപുരം: മംഗലപുരം പായ്ച്ചിറയില്‍ പൊലീസിന് നേരെ വീണ്ടും ബോംബേറ്. ഉച്ചയ്ക്ക് പൊലീസിനെ ആക്രമിച്ച, യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ ഷെഫീക്കാണ് ബോംബെറിഞ്ഞത്. ഉച്ചയ്ക്ക് പൊലീസിനെ ആക്രമിച്ചതിനെ പിന്നാലെ ഷെഫീക്ക് ഓടി രക്ഷപ്പെട്ടിരുന്നു. വീട്ടില്‍ തിരിച്ചെത്തിയെന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഷെഫീക്കിനെ പിടികൂടാന്‍ വീണ്ടും പൊലീസെത്തിയപ്പോഴായിരുന്നു രണ്ടാമത്തെ ആക്രമണം. അതിനിടെ ലഹരിവസ്തുക്കള്‍ അടങ്ങിയ ബാഗ് പൊലീസ് പിടിച്ചെടുത്തു.

ഉച്ചയ്ക്ക് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാന്‍ വീട്ടിലെത്തിയപ്പോഴാണ് മംഗലപുരം സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് നേരെ ആദ്യ ആക്രമണം ഉണ്ടായത്. പൊലീസുകാര്‍ക്ക് നേരെ 
പ്രതികള്‍ നാടന്‍ ബോംബും മഴുവും എറിയുകയായിരുന്നു. അണ്ടൂര്‍ക്കോണം സ്വദേശികളായ ഷഫീക്ക്, ഷെമീര്‍ എന്നിവരാണ് പൊലീസിനെ ആക്രമിച്ചത്. പൊലീസുകാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതിന് പിന്നാലെ ഓടി രക്ഷപ്പെട്ട ഷെഫീക്ക് വീട്ടില്‍ തിരിച്ചെത്തി എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രാത്രിയില്‍ പിടികൂടാന്‍ വീണ്ടും എത്തിയപ്പോഴായിരുന്നു രണ്ടാമത്തെ ബോംബ് ആക്രമണം ഉണ്ടായത്. ഉച്ചയ്ക്ക് ഷെഫീക്കിന്റെ സഹോദരന്‍ ഷെമീറിനെ പൊലീസ് പിടികൂടിയിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിച്ച ഷെമീര്‍, സെല്ലില്‍ ബ്ലേഡ് കൊണ്ട് കഴുത്തില്‍ വരഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഷെമീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകുന്നേരമാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് പുത്തന്‍തോപ്പ് സ്വദേശി നിഖില്‍ നോര്‍ബെറ്റിനെ (21) ഗുണ്ടാ സംഘം  തട്ടിക്കൊണ്ടുപോയത്.  കണിയാപുരത്തു വെച്ചാണ് ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയത്. 

ബൈക്കില്‍ പോവുകയായിരുന്ന നിഖിലിനെ അഞ്ചംഗ സംഘം തടഞ്ഞു നിര്‍ത്തി ബലമായി കടത്തിക്കൊണ്ടുപോവുകയായിരുന്നു. ഓടിരക്ഷപ്പെടാതിരിക്കാന്‍ ഇയാളുടെ വയറ്റില്‍ പടക്കവും വാളും തിരുകിവെച്ചായിരുന്നു കൊണ്ടുപോയത്. സ്വര്‍ണ്ണക്കവര്‍ച്ചക്കേസിലെ പ്രതികള്‍ കൂടിയായ ഷഫീഖ്, ഷെമീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ടുപോകല്‍. തുടര്‍ന്ന് നിഖിലിനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് വെട്ടുകത്തി, മഴു, വാള്‍ തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെ ഗുണ്ടാ സംഘം നിഖിലിന്റെ പിതാവ് നോര്‍ബെറ്റിനെ ഫോണില്‍ വിളിച്ച് അഞ്ചു ലക്ഷം രൂപ ഉടന്‍ കഴക്കൂട്ടത്ത് എത്തിക്കണമെന്നാവശ്യപ്പെട്ടു. പണം കൊടുത്താല്‍ മാത്രമേ നിഖിലിനെ വിടുകയുള്ളൂ എന്നും പറഞ്ഞു. ഫോണ്‍ വിളിക്കുന്നതിനിടെ ലൊക്കേഷനും ഷെയര്‍ ചെയ്തു. തുടര്‍ന്ന് നിഖിലിന്റെ പിതാവ് കഴക്കൂട്ടം പൊലീസില്‍ വിവരമറിയിച്ചു. 

മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പ്രകാരം ഇവര്‍ മേനംകുളത്തിനടുത്താണെന്ന് കഴക്കൂട്ടം പൊലീസ് മനസ്സിലാക്കി. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് ഗുണ്ടാസംഘം രക്ഷപ്പെടുകയായിരുന്നു. ഏലായില്‍ ക്ഷേത്രത്തിനടുത്തുള്ള ഒഴിഞ്ഞ പുരയിടത്തില്‍ ക്രൂര മര്‍ദ്ദനമേറ്റ നിലയിലായിരുന്നു നിഖില്‍. തുടര്‍ന്ന് പ്രതികള്‍ കണിയാപുരത്തെ വീട്ടില്‍ ഉണ്ടെന്ന വിവരം അറിഞ്ഞ് ഉച്ചയ്ക്ക് സ്ഥലത്തെത്തിയ പൊലീസുകാര്‍ക്ക് നേരെയാണ് ആദ്യത്തെ ആക്രമണം നടന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com