തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. ആശങ്കകൾ പരിഹരിക്കാനുള്ള തുടർ നടപടികൾ സംബന്ധിച്ച് ഇന്ന് രണ്ട് നിർണായക യോഗങ്ങളാണ് നടക്കുക. വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം, സുപ്രീംകോടതിയിൽ സ്വീകരിക്കേണ്ട സമീപനം ചർച്ച ചെയ്യും. ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിക്കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഫീൽഡ് റിപ്പോർട്ട് നൽകാൻ അനുവാദവും തേടും. ഫീൽഡ് സർവേ റിപ്പോർട്ട് സമർപ്പിക്കാനായി സത്യവാങ്മൂലം നൽകാനാണ് നീക്കം. ഉപഗ്രഹ സർവേ റിപ്പോർട്ടിൽ പരാതി നൽകാനുള്ള സമയ പരിധി നീട്ടാനാണ് ധരണ.
റവന്യൂ, വനം, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്. ഉന്നതതല യോഗത്തില്‍ ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.
അതിനിടെ ബഫർ സോൺ വിഷയത്തിൽ തിരുവനന്തപുരത്തെ മലയോര മേഖലകളും പ്രതിഷേധത്തിലേക്ക് കടന്നു. ഇന്ന് അമ്പൂരിയിൽ പ്രതിഷേധം സംഗമം സംഘടിപ്പിക്കും. വൈകീട്ട് അഞ്ചിന് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം. ബഫർ സോണിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കണമെന്നും ഉപഗ്രഹ സർവേ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. കരുതൽ മേഖല വനാതിർത്തിയിൽ തന്നെ നിലനിർത്തണമെന്നാണ് ആവശ്യം.
ബഫർ സോൺ വിഷയത്തിൽ കോൺഗ്രസിന്‍റെ സമരത്തിനും ഇന്ന് തുടക്കമാകും. കോഴിക്കോട് കൂരാച്ചുണ്ടിൽ വൈകീട്ട് മൂന്നരയ്ക്കാണ് സമര പ്രഖ്യാപന കൺവെൻഷൻ. പ്രതിഷേധ പരിപാടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കർഷക സംഘടനകളുടെ പിന്തുണയിൽ മറ്റ് ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം.
അതേസമയം ഇടുക്കി ജില്ലയിലെ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടിലെ അപാകതയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. ഇടുക്കി ജില്ലാ കളക്ടര്‍, വില്ലേജ് ഓഫീസര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധിക്കുക.
കരുതല്‍മേഖല ഉള്‍പ്പെടുന്ന നാല് പ്രദേശങ്ങളിലെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരും സമിതിയില്‍ ഉണ്ടാവും. എത്രയും പെട്ടെന്ന് നേരിട്ട് സ്ഥല പരിശോധന നടത്താനാണ് നിര്‍ദ്ദേശം. ഉപഗ്രഹസര്‍വേയില്‍ അധികമായി ഉള്‍പ്പെട്ടിരിക്കുന്ന ജനവാസമേഖലകള്‍ ഏതെല്ലാം, വിട്ടുപോയ പ്രദേശങ്ങൾ ഏതെല്ലാം എന്നിവ കണ്ടെത്തി സമഗ്ര റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates