

കൊച്ചി: വിഎസ് അച്യുതാനന്ദന്‍ രണ്ടാമതും മുഖ്യമന്ത്രിയാവാതിരിക്കാന്‍ 2011ല്‍ രണ്ടു സീറ്റില്‍ ഇടതു സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കുകയായിരുന്നെന്ന് മുതിര്‍ന്ന സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സി ദിവാകരന്‍. പിന്നീട് ഇടതു മുന്നണി അധികാരത്തില്‍ വന്നപ്പോള്‍ ആളുകള്‍ ഒന്നും പറയാതിരിക്കാന്‍ ഭരണപരിഷ്‌കാര അധ്യക്ഷ പദവി നല്‍കുകയായിരുന്നെന്നും അതൊരു റീഹാബിലിറ്റേഷന്‍ ആയിരുന്നെന്നും സി ദിവാകരന്‍ പറഞ്ഞു. അന്ന് സെക്രട്ടേറിയറ്റില്‍ ഓഫിസ് നല്‍കണമെന്ന് വിഎസ് ചോദിച്ചെങ്കിലും കൊടുത്തില്ലെന്ന് സമകാലിക മലയാളം വാരികയുമായുള്ള അഭിമുഖത്തില്‍ ദിവാകരന്‍ പറഞ്ഞു.
''അദ്ദേഹത്തെ ഒരു ദിവസം പോലും സ്വസ്ഥമായി ഭരിക്കാന്‍ സമ്മതിച്ചിട്ടില്ല. അത്ര മോശമായ സമീപനം ആയിരുന്നു.'' വിഎസ് സര്‍ക്കാരിന്റെ കാലത്തെക്കുറിച്ച് ദിവാകരന്‍ പറയുന്നു. ''എന്താണോ, അദ്ദേഹത്തെ പലതരത്തില്‍ പീഡിപ്പിച്ചു. ഒരു പീഡനത്തിനും അദ്ദേഹം വഴങ്ങിയില്ല. രണ്ടാമതും അദ്ദേഹം മുഖ്യമന്ത്രിയാകേണ്ടതാണ്. അദ്ദേഹത്തിന്റെ പടം വച്ചാണ് 2011-ല്‍ 140 നിയോജകമണ്ഡലങ്ങളിലും തെരഞ്ഞെടുപ്പിനെ നേരിട്ടത്. വോട്ടും കിട്ടി, സീറ്റും കിട്ടി. രണ്ടു സീറ്റിന്റെ കുറവ്. ആ രണ്ട് സീറ്റ് തോല്‍പ്പിച്ചതാണ്. പാറശാലയില്‍ നാഗപ്പന്‍ തോറ്റത് 500 വോട്ടിനാണ്. അഞ്ഞൂറിനും ആയിരത്തിനും ഇടയില്‍ നാലു പേര്‍ തോറ്റു. അത് ഒരു ഗൂഢാലോചനയാണെന്ന് പറയുന്നു. എനിക്കതിനു തെളിവൊന്നുമില്ല. ക്ലീന്‍ ആയിട്ടു നാലു പേര്‍ തോറ്റു. രണ്ടു പേരുടെ ഭൂരിപക്ഷക്കുറവില്‍ ഉഗ്രപ്രതാപികളായ ഇടതുപക്ഷ നേതാക്കള്‍ അഞ്ച് കൊല്ലം നിയമസഭയില്‍ മൂകമായി ഇരിക്കേണ്ടിവന്നു. അങ്ങനെ, ഭരിക്കാന്‍ വലിയ ഭൂരിപക്ഷം വേണ്ട എന്നു തെളിയിച്ച ആളാണ് ഉമ്മന്‍ ചാണ്ടി. അതിലെ നിഗൂഢത ഇനിയും ജനങ്ങള്‍ അറിയാനുണ്ട്. നമുക്ക് വി.എസ്സിനെ നഷ്ടപ്പെട്ടു. പിന്നെയുള്ള വി.എസ് പഴയ വി.എസ് ആയിരുന്നില്ല. ഒരു സാധാരണ എം.എല്‍.എയെപ്പോലെ അദ്ദേഹം സഭയില്‍ ഇരുന്നു. സഭ തുടങ്ങിയാല്‍ ഒരു 11 മണിയാകുമ്പോള്‍ വരും, കുറച്ചു നേരം ഇരിക്കും, ഇരുന്നുറങ്ങും. ആ അഞ്ചു കൊല്ലം വലിയ വേദനയോടുകൂടിയാണ് ഞങ്ങള്‍ വി.എസ്സിനെ കണ്ടത്. വി.എസ്സിന്റെ ലാസ്റ്റ് ടേം. പിന്നെ മത്സരിച്ചില്ല. ഒരു ഏകാന്ത തടവുകാരനെപ്പോലെയാക്കി ജനങ്ങളില്‍നിന്ന്, ഭരണത്തില്‍നിന്ന് മാറ്റിനിര്‍ത്തി. പിന്നെ കൊടുത്തത് ഭരണപരിഷ്‌കാര കമ്മിഷനാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം അത് രാജിവച്ചു. അതൊരു റീഹാബിലിറ്റേഷന്‍ ആയിരുന്നു. ആളുകള്‍ ഒന്നും പറയാതിരിക്കാന്‍. ഒരു കാറും കൊടുത്തു, പട്ടത്ത് എവിടെയോ ഓഫീസും കൊടുത്തു. സെക്രട്ടറിയേറ്റില്‍ കൊടുത്തില്ല. അദ്ദേഹം ചോദിച്ചതാണ്. പറ്റില്ല എന്നു പറഞ്ഞു.''
2016-ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭരണം പോയത് സോളാര്‍ കേസിലെ സെക്രട്ടറിയേറ്റ് വളയല്‍ സമരത്തിലാണെന്ന് ദിവാകരന്‍ പറയുന്നു. 'ആ സമരവും വി.എസ്സുമായി ആലോചിക്കാതെ പിന്‍വലിക്കുകയാണ് ചെയ്തത്. അന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. കേരളം കണ്ട ഏറ്റവും വലിയ സമരമാണ്. എങ്ങനെയാണ്, എന്തിനാണ് പെട്ടെന്ന് ഒത്തുതീര്‍പ്പാക്കി പിന്‍വലിച്ചത് എന്ന് ഇന്നും അറിയില്ല. ജനങ്ങള്‍ ഇരമ്പി വരികയായിരുന്നു. അറിഞ്ഞിടത്തോളം, സമരം പിന്‍വലിച്ചില്ലെങ്കില്‍ രാജിവയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായിരുന്നു. അവരോടു (സമരനേതൃത്വത്തോട്) സംസാരിക്കാന്‍ തിരുവഞ്ചൂരിനോടു പറയും മുന്‍പ് ഉമ്മന്‍ ചാണ്ടി രാജിക്കത്ത് തയ്യാറാക്കിയിരുന്നു. സമരം പിന്‍വലിക്കുന്നില്ലെങ്കില്‍ രാജി വയ്ക്കാനായിരുന്നു തീരുമാനം. പക്ഷേ, സമരം പിന്‍വലിച്ചു.''
പിണറായി വിജയനെ ജനം തിരസ്‌കരിച്ചതാണ് ഈ തെരഞ്ഞെടുപ്പിലെ പരാജയ കാരണം എന്ന് പറയുന്ന ആളല്ല താന്‍ എന്ന് സി. ദിവാകരന്‍ പറയുന്നു. ''ഞാനുമായി അദ്ദേഹത്തിനു വലിയ സീനിയോറിറ്റി വ്യത്യാസമൊന്നുമില്ല. സമപ്രായക്കാരുമാണ്. അനീതിക്കെതിരായി കലാപം നടത്തുന്ന ആളാണ് അദ്ദേഹം. പാവപ്പെട്ടവര്‍ക്കുവേണ്ടി എന്തും ചെയ്യും. പാവപ്പെട്ട സഖാക്കള്‍ക്കുവേണ്ടി ഏതറ്റം വരെയും സംരക്ഷണം ഒരുക്കും. അതുകൊണ്ടാണ് കണ്ണൂരില്‍നിന്ന് കേരളത്തിന്റെ നേതാവായി അദ്ദേഹം ഉയര്‍ന്നുവന്നത്. അദ്ദേഹത്തെ ഉയര്‍ത്തിക്കൊണ്ടുവന്നത് കണ്ണൂരിലെ പാവപ്പെട്ട ആളുകളാണ്. മലയാളത്തില്‍ ഒരു പ്രയോഗമുണ്ട്: 'പൊക്കിള്‍ക്കൊടി ബന്ധം' ജന്മബന്ധമാണ്. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ വലിയ ബഹുമാനമാണുണ്ടായത്. എന്റെ പാര്‍ട്ടിയുടെ നേതാവായിരുന്ന വെളിയം ഭാര്‍ഗവനെപ്പോലെതന്നെ പിണറായി വിജയനേയും ബഹുമാനിക്കുന്നു. പിണറായി വിജയന്റെ സമകാലിക ഇടപെടലുകള്‍, അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ എല്ലാം വാച്ച് ചെയ്യുന്നുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയല്ലെങ്കിലും അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ നിരീക്ഷിക്കുന്ന ഒരാളാണ്. അത്ര സ്വാധീനം എന്നില്‍ അദ്ദേഹം ചെലുത്തിയിട്ടുണ്ട്. അദ്ദേഹവുമായി ബന്ധപ്പെട്ട് ഒരുപാട് അനുഭവങ്ങളുമുണ്ട്.''
''അദ്ദേഹത്തിന്റെ മകളുമായി ബന്ധപ്പെട്ട അഴിമതിയൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു കഥയില്ലാത്ത കാര്യമാണ്. ഒരു നോണ്‍ ഇഷ്യുവിനെ മീഡിയക്കാര്‍ ഇഷ്യുവാക്കി പൊക്കിയെടുക്കുകയാണ്. ഒരു കമ്പനി കുറച്ച് കാശ് അവര്‍ക്കു കൊടുത്തു. കമ്പനി കള്ളക്കമ്പനിയാണ്; അവരില്‍നിന്നു വാങ്ങാന്‍ പാടില്ലായിരുന്നു. അതു ശരിതന്നെയാണ്. കരിമണല്‍ കൊള്ളയടിക്കുന്നവരില്‍നിന്നു കുറച്ചു കാശ് കടം വാങ്ങി. ഓഡിറ്റുകാരാണ് അത് കണ്ടുപിടിച്ചത്. അല്ലാതെ പത്രക്കാരാരും കണ്ടുപിടിച്ചതല്ല. ഒരു രാഷ്ട്രീയക്കാരും കണ്ടുപിടിച്ചില്ല. ഇങ്ങനെ കുറച്ചു കാശ് ഇങ്ങനെയൊരാളുടെ അക്കൗണ്ടില്‍ പോയിരിക്കുന്നു എന്ന് സെന്‍ട്രല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് പറഞ്ഞത്. അത് വ്യക്തമല്ല. അത്രേയുള്ളൂ അതിനകത്ത്. പക്ഷേ, ആ വടിയെടുത്ത് പിണറായി വിജയന്‍ എന്ന, ദീര്‍ഘകാല രാഷ്ട്രീയ പാരമ്പര്യമുള്ള സി.പി.എമ്മിന്റെ നേതാവിനെ ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന രീതി എല്ലാവര്‍ക്കും ബാധകമാണ്. അമ്പുകൊള്ളാത്തവര്‍ ആരുമില്ല കളരിയില്‍ എന്നു പറയാറുണ്ട്. കേരളത്തില്‍ ഒരു അടിസ്ഥാനവുമില്ലാത്ത രീതിയില്‍ അഴിമതി ആരോപണം വന്നിട്ടുണ്ട്. അതൊരു പുതിയ സംഭവമല്ല. ഇതോടുകൂടി പിണറായി തീര്‍ന്നു എന്നൊന്നും പറയുന്നതില്‍ അര്‍ത്ഥമില്ല. അദ്ദേഹത്തിനെതിരായ അപവാദങ്ങള്‍ മാധ്യമങ്ങളില്‍ എയര്‍ ചെയ്തു കൊടുക്കുകയാണ്. പറയുന്നവരുടെ പേര് വേണ്ട. മാധ്യമങ്ങളും ആളെ ഉദ്ധരിക്കാതെ പറയുകയാണ്.''
''എല്ലാവരും പാര്‍ട്ടിക്കു താഴെയാണ്. മഹാനായ ലെനിന്‍ പോലും പാര്‍ട്ടിയുടെ താഴെയായിരുന്നു. അതിനെക്കാള്‍ വലിയ ആള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇല്ലല്ലോ. പൊളിറ്റ്ബ്യൂറോ എന്തുകൊണ്ട് പിണറായിയോടു ചോദിച്ചില്ല, എന്തുകൊണ്ട് നിയന്ത്രിച്ചില്ല. എന്തുകൊണ്ടത് കഴിഞ്ഞില്ല? കേരളത്തിലെ പാര്‍ട്ടിക്ക് എന്തുകൊണ്ട് കഴിയുന്നില്ല. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ പാട്ട് പോലെ, ''അത് നേരാണേ അത് നേരാണേ അത് നേരാണേ'' വാഴ്ത്തിപ്പാട്ട് പാടുകയാണോ പാര്‍ട്ടിയുടെ പണി. പാര്‍ട്ടി കറക്റ്റ് ചെയ്യണ്ടേ? എന്റെ വിശ്വാസം, പിണറായി വിജയന്റെ നേര്‍ക്ക് വിരല്‍ചൂണ്ടി ന്യായമായ ഒരു കാര്യം പറഞ്ഞാല്‍ അദ്ദേഹം അത് തിരുത്തും എന്നാണ്. അദ്ദേഹത്തിന്റെ മുന്‍പില്‍ മുട്ടുവിറച്ചിട്ട് വെളിയില്‍ പോയി വേറെ കാര്യങ്ങള്‍ ചെയ്യുന്നത് ഒരു പാര്‍ട്ടിയുടെ ശൈലിയല്ല.'' എന്നിട്ട് അദ്ദേഹം ഇക്കാര്യത്തില്‍ തന്റെ അനുഭവം പറയുന്നു: ''ഞാന്‍ അദ്ദേഹവുമായി ഏറ്റുമുട്ടിയിട്ടുണ്ട്. കുറേക്കാലം ഞാന്‍ എല്‍.ഡി.എഫ് ഏകോപനസമിതി യോഗത്തില്‍ എന്റെ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. വി.എസ്. അച്യുതാനന്ദന്‍, വെളിയം ഭാര്‍ഗവന്‍, കെ.ഇ. ഇസ്മായീല്‍, വൈക്കം വിശ്വന്‍, പിണറായി വിജയന്‍ തുടങ്ങിയ നേതാക്കളുടെയൊക്കെ ഒപ്പം. ആ സന്ദര്‍ഭങ്ങളിലൊക്കെ മുന്നണിക്കുള്ളില്‍ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ പല അഭിപ്രായവ്യത്യാസങ്ങളും വന്നിട്ടുണ്ട്. ഞാന്‍ ഉറച്ച ഒരു നിലപാട് യോഗത്തില്‍ പറഞ്ഞാല്‍ പിണറായി ശ്രദ്ധിക്കും, സമ്മതിക്കും. സഖാവ് ദിവാകരന്‍ പറഞ്ഞതാണ് ശരി എന്ന് പറയും. അതിന്റെ പേരില്‍ പിന്നീട് വൈരാഗ്യവും വിരോധവുമൊന്നുമില്ല. വളരെ സൗമ്യനായി ചിരിച്ചുകൊണ്ടാണ് പ്രതികരിക്കുക. അദ്ദേഹം കടുവയാണ് പുലിയാണ് സിംഹമാണ് എന്നൊക്കെ പറഞ്ഞ് കുറേ വാഴ്ത്തുപാട്ടുകാര്‍ അദ്ദേഹത്തെ സമൂഹത്തില്‍നിന്നുതന്നെ മാറ്റിക്കളഞ്ഞു. സാധാരണ ജനങ്ങളില്‍നിന്ന് അകറ്റി. സഖാവ് അതിലൊന്നും ഇടപെടേണ്ട, ഞങ്ങള്‍ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു.''
സി ദിവാകരനുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണ രൂപം പുതിയ ലക്കം മലയാളം വാരികയില്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates