

കമ്പിളികണ്ടം ജോസ്, മമ്മൂട്ടി ചിത്രം രൗദ്രത്തിലെ ഈ കഥാപാത്രത്തിന് പ്രചോദനമായത് കമ്പിളികണ്ടം തോമസ് എന്ന വ്യക്തിയായിരുന്നു. കമ്പിളികണ്ടം തോമസിന്റെ ദുരൂഹ മരണത്തിന് ശേഷം 1990കളില്‍ ആന്ധ്രാപ്രദേശില്‍ നിന്നും ഒഡീഷയില്‍ നിന്നുമെത്തുന്ന കഞ്ചാവിന് ഇടുക്കി കുപ്രസിദ്ധമായി. ഇക്കാലത്താണ് ഷാജി എന്ന പേര് സജീവമാകുന്നത്. പിന്നീട് മൂര്‍ഖന്‍ ഷാജി എന്നറിയപ്പെട്ട ഷാജിമോന്‍ മൂന്ന് പതിറ്റാണ്ടോളം എക്‌സൈസ് പൊലീസ് വകുപ്പുകള്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ഇടുക്കിയില്‍ തുടങ്ങി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയയുടെ പ്രധാനിയായി വളര്‍ന്ന മൂര്‍ഖന്‍ ഷാജിയെ വലയിലാക്കിയ നീക്കമാണ് ഇന്ന് കേസ് ഡയറി ചര്‍ച്ച ചെയ്യുന്നത്.
ലഹരി മാഫിയയ്ക്ക് എതിരെ ഇന്ന് കേരളത്തില്‍ വന്‍ പ്രതിരോധം സൃഷ്ടിക്കുകയാണ് സംസ്ഥാനത്തെ എക്‌സൈസും പൊലീസും ഉള്‍പ്പെടെയുള്ള നിയമപാലകര്‍. പ്രതിദിനം പിടിച്ചെടുക്കുന്ന ലഹരി മരുന്നുകളുടെയും ഇത്തരം കേസുകളില്‍ പിടിയിലാകുന്നവരുടെയും എണ്ണം ഞെട്ടിക്കുന്നതാണ്. ലഹരിമാഫിയയെ പിടിച്ചുകെട്ടാന്‍ സര്‍വസന്നാഹങ്ങളുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ കളം നിറയുമ്പോള്‍ കഴിഞ്ഞ വര്‍ഷം എക്‌സൈസ് പിടികൂടിയ മൂര്‍ഖന്‍ ഷാജി എന്നറിയപ്പെടുന്ന ഷാജിമോന്റെ അറസ്റ്റ് നിര്‍ണായകമാകുന്നത്.
ദക്ഷിണേന്ത്യയിലെ ലഹരിമാഫിയയുടെ രാജാവ് എന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഷാജി അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം മൂര്‍ഖന്‍ ഷാജി എക്‌സൈസിന്റെ വലയില്‍ ആയിരുന്നില്ല എങ്കില്‍ ഇപ്പോള്‍ പുറത്തുവരുന്ന ലഹരിയുമായി ബന്ധപ്പെട്ട കേസുകള്‍ പതിന്മടങ്ങ് വര്‍ധിച്ചേക്കും എന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചനകള്‍.
അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഒരു മയക്കുമരുന്ന് സംഘവുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ഷാജി പക്ഷേ ഒരുതരത്തിലുള്ള സംശയങ്ങള്‍ക്കും ഇടനല്‍കാത്ത ജീവിത ശൈലിയായരുന്നു തുടര്‍ന്നുവന്നത്. 2000-കളുടെ മധ്യത്തില്‍ ഒരു അബ്കാരി കേസില്‍ പിടിക്കപ്പെട്ടിരുന്നു. അപ്പോഴും മയക്കുമരുന്ന് ബന്ധങ്ങള്‍ പരിശോധിക്കപ്പെട്ടില്ല. പിന്നീട് 15 വര്‍ഷം കഴിഞ്ഞാണ് ഷാജി മോന്‍ ഒരു ചെറിയ മീനല്ലെന്ന് അന്വേഷണ ഏജന്‍സികള്‍ തിരിച്ചറിയുന്നത്. മയക്കുമരുന്ന് കേസില്‍ ഷാജി മോന്‍ അറസ്റ്റിലായപ്പോഴേക്കും അയാള്‍ ഉഗ്രവിഷമുള്ള മൂര്‍ഖന്‍ ഷാജിയായി മാറിയിരുന്നു. തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റിയും കൃത്യമായ ആസൂത്രണത്തിലൂടെയും അയാള്‍ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തിരുന്നു.
ഹാഷിഷ് ഓയില്‍ പിടികൂടിയ 2018 ലെ കേസില്‍ ജാമ്യം ലഭിച്ച ഷാജി പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. ഇതിനിടെ സുപ്രീം കോടതി ഷാജിയുടെ ജാമ്യം റദ്ദാക്കുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്‌തോടെയാണ് എക്‌സൈസിന്റെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ തിരച്ചില്‍ ദൗത്യത്തിന് കൂടി തുടക്കമായത്.
അന്വേഷണ ഏജന്‍സികള്‍ക്ക് പിടിനല്‍കാതിരിക്കാന്‍ രാജ്യത്തങ്ങോളം ഇങ്ങോളമുള്ള തന്റെ ബന്ധങ്ങള്‍ ഷാജി ഫലപ്രഥമായി ഉപയോഗിച്ചിരുന്നു. ''ഡല്‍ഹി, ബിഹാര്‍, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അയാള്‍ സുരക്ഷിത താവളങ്ങള്‍ കണ്ടെത്തി. വ്യാജ രേഖകള്‍ ഉപയോഗിച്ച് വര്‍ഷങ്ങളോളം ഏജന്‍സികളെ തെറ്റിദ്ധരിപ്പിച്ചു. ഷാജിയെ കണ്ടെത്താനുള്ള ഓപ്പറേഷനില്‍ പങ്കെടുത്ത ഉദ്യോഗസ്ഥന്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
എന്നാല്‍, അന്വേഷണ ഏജന്‍സികളെ കബളിപ്പിച്ച ഷാജിക്ക് എതിരാളികളുടെ കണ്ണ് വെട്ടിക്കാന്‍ സാധിച്ചില്ല. ശ്രീരംഗത്ത് വച്ച് എതിര്‍ സംഘം ഷാജിയെ തട്ടിക്കൊണ്ടുപോയി. ഒരു കോടി രൂപയായിരുന്നു സംഘം ഷാജിയുടെ മോചനത്തിനായി ആവശ്യപ്പെട്ടത്.
എന്നാല്‍, ഈ സംഘത്തെയും ഷാജി വിദഗ്ധമായി കബളിപ്പിച്ചു. തന്നെ ബന്ദിയാക്കിയ ഹോട്ടല്‍ മുറിയുടെ ജനല്‍ തകര്‍ത്ത് പുറത്തുചാടിയ ഷാജിയെ നാട്ടുകാര്‍ അറിയിച്ചത് പ്രകാരം പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുക്കളുമായി മദ്യപിച്ചുണ്ടായ തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് അറിയിച്ച ഷാജി പിന്നാലെ നെഞ്ചുവേദന അഭിനയിച്ചതോടെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പൊലീസ് സംഘം അപ്പോഴും ഷാജിയെ തിരിച്ചറിഞ്ഞിരുന്നില്ല. ആശുപത്രിയില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് രക്ഷപ്പെട്ട ഷാജി പിന്നീടും ഒളിവുജീവിതം തുടര്‍ന്നു. ഉദ്യോഗസ്ഥന്‍ പറയുന്നു.
തന്റെ സുഹൃത്ത്ബന്ധങ്ങള്‍ക്കൊപ്പം അപരനാമങ്ങളും വ്യാജരേഖകളും ഉപയോഗിച്ച ഷാജിക്ക് സേനകള്‍ക്കിടയിലും ബന്ധങ്ങളുണ്ടായിരുന്നു. തനിക്കെതിരായ കേസുകള്‍ പോലും ഇത്തരത്തില്‍ ഷാജിക്ക് ഫലപ്രഥമായി മായ്ച്ചുകളയാന്‍ സാധിച്ചു.
ഷാജിയുടെ പശ്ചാത്തല പഠനം നടത്തിയപ്പോള്‍, അദ്ദേഹത്തിന്റെ ആദ്യത്തെ ക്രിമിനല്‍ കേസിന്റെ രേഖകള്‍ പോലും കാണാനില്ലായിരുന്നു,' ഓഫീസര്‍ പറയുന്നു. ഒളിവില്‍ കഴിയുന്ന കാലത്തും മയക്കുമരുന്ന് കടത്തിന്റെ നിയന്ത്രണം കൃത്യമായി ഷാജി നടത്തിവന്നിരുന്നു. വിവിധ ദക്ഷിണേന്ത്യന്‍ തുറമുഖങ്ങള്‍ വഴിയായിരുന്നു ഷാജിയുടെ മയക്കുമരുന്ന് നീക്കം.
ഇതിനിടെയാണ് 2024 ഒക്ടോബറില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു നിര്‍ണായക വിവരം ലഭിച്ചത്. മധുരയ്ക്കടുത്ത് ഷാജിയുണ്ടെന്ന സൂചന ഷാജിയുടെ സ്വതന്ത്ര വിഹാരത്തിനുള്ള അന്ത്യം കുറിക്കുകയായിരുന്നു. മധുരയിലെ ഹോട്ടലുകള്‍ അരിച്ചുപെറുക്കിയ അന്വേഷണ സംഘത്തിന് പക്ഷേ നിരാശയായിരുന്നു ഫലം. ഷാജി ഒരിക്കല്‍ കൂടി തങ്ങളുടെ വിരല്‍തുമ്പില്‍ നിന്ന് രക്ഷപ്പെട്ടെന്ന് കണക്കാക്കിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലേക്ക് അയാള്‍ തന്നെ വന്ന് കുരുങ്ങുകയായിരുന്നു.
മുഖം മറച്ച നിലയില്‍ ഒരു ഹോട്ടലില്‍ നിന്ന് ഇറങ്ങിവന്നിരുന്ന വ്യക്തി ഷാജിയാണെന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. അന്വേഷണ സംഘം തന്നെ കണ്ടെത്തിയെന്ന് മനസിലാക്കിയ ഷാജി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ സാഹസികമായി പിടികൂടുകയായിരുന്നു. ''ഞങ്ങളെ കണ്ടപ്പോള്‍ അയാള്‍ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടി മറിഞ്ഞു. നീണ്ട തിരച്ചിലിനുശേഷമാണ് കണ്ടെത്തിയത്. തിരച്ചിലിനിടെ മുള്ളുകളേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുക പോലുമുണ്ടായി. എങ്കിലും ഞങ്ങള്‍ക്ക് അയാളെ പിടികൂടാന്‍ കഴിഞ്ഞു.'' പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ തലവനായ എക്സൈസ് ഇന്‍സ്പെക്ടര്‍ ജി കൃഷ്ണകുമാര്‍ പറയുന്നു.
സങ്കീര്‍ണമായ ചോദ്യം ചെയ്യലിന് ഒടുവില്‍ 'ദക്ഷിണേന്ത്യയിലെ ലഹരി മാഫിയയെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഷാജി തയ്യാറായി. ഇതോടെ ഷാജിയുടെ അറസ്റ്റിനുശേഷം, ഹാഷിഷ് ഓയില്‍ കള്ളക്കടത്തില്‍ വലിയ കുറവുണ്ടായി.' എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates