

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎഎൽഎക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. തിരുവനന്തപുരം റൂറൽ എസ്പിയ്ക്കാണ് കേസിന്റെ അന്വേഷണ ചുമതല. പരാതി നൽകിയ യുവതിയുടെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
കേസിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തി. ഇന്നലെ വൈകീട്ടോടെയാണ് അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതികളും ഡിജിറ്റൽ തെളിവുകളും കൈമാറുകയായിരുന്നു. മൊഴിയെടുത്ത് കേസെടുക്കാൻ എഡിജിപി നിർദ്ദേശം നൽകിയതിനെ തുടർന്നാണ് യുവതിയുടെ മൊഴി നേരിട്ട് രേഖപ്പെടുത്തിയത്. കേസിൽ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടന്നേക്കുമെന്ന സൂചനകൾ പുറത്തു വരുന്നതോടെ രാഹുൽ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതായും അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതായുമുള്ള വിവരങ്ങളും വരുന്നുണ്ട്.
പരാതി ലഭിച്ചതിനു പിന്നാലെ ക്രൈം ബ്രാഞ്ച് മേധാവി എച് വെങ്കിടേഷിനെ ഓഫീസിലേക്ക് വിളിച്ചു വരുത്തി കേസെടുക്കുന്ന കാര്യം ചർച്ച ചെയ്തു. സ്ത്രീകളെ പിന്തുടർന്നു ശല്യം ചെയ്ത കേസിൽ നേരത്തെ ക്രൈം ബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. എന്നാൽ അതിജീവിത നേരിട്ട് പീഡന പരാതി നൽകിയ സാഹചര്യത്തിൽ ഈ കേസ് പ്രത്യേക കേസായി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.
അതിനിടെ യുവതി മുഖ്യമന്ത്രിയ്ക്കു പരാതി നൽകിയതിനു പിന്നാലെ ഫോൺ സ്യുച്ച് ഓഫാക്കി രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങി. സത്യമേവ ജയതേ എന്നു ഫെയ്സ്ബുക്കിൽ കുറിച്ച ശേഷമാണ് രാഹുൽ ഫോൺ സ്യുച്ച് ഓഫ് ആക്കിയത്. പാലക്കാട്ടെ എംഎൽഎയുടെ ഓഫീസ് പൂട്ടിയ നിലയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സജീവമായിരുന്നു ഓഫീസ്. എന്നാൽ ഇപ്പോൾ ആരും ഓഫീസിൽ ഇല്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കണ്ണാടി പഞ്ചായത്തിലായിരുന്നു ഇന്നലെ രാഹുൽ. എന്നാൽ പരാതി നൽകിയെന്ന വാർത്ത വന്നതിനു പിന്നാലെ പ്രചാരണത്തിൽ നിന്നു എംഎൽഎ പിൻമാറി. നിലവിൽ രാഹുൽ എവിടെയാണെന്നു വിവരങ്ങളില്ല.
Police have registered a case against MLA rahul mamkootathil on a complaint of sexual harassment.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates