

പാലക്കാട് : തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ ബിജെപി പ്രവർത്തകരായ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർ സിന്ധു രാജനും ബന്ധുക്കളായ 2 പേർക്കുമെതിരെയാണ് ടൗൺ നോർത്ത് പൊലീസ് കേസെടുത്തത്.
പാലക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി വി സതീഷിന്റെ പരാതിയിലാണ് നടപടി. യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണം തടഞ്ഞു, വോട്ടു ചോദിക്കരുതെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസെടുത്തിട്ടുള്ളത്. കേസെടുത്ത വിവരം പൊലീസ് പാലക്കാട് നിയമസഭാ മണ്ഡലം വരണാധികാരിയെ അറിയിക്കും.
സ്ഥാനാർഥി രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. പാലക്കാട് മുനിസിപ്പാലിറ്റിയിലെ ബിജെപി അംഗം സിന്ധു രാജനാണ് ഒന്നാം പ്രതി. ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്ഐആറിലുള്ളത്. ബുധനാഴ്ച രാത്രിയാണ് വടക്കന്തറ മനയ്ക്കൽത്തൊടിയിൽ വെച്ച് ബിജെപി സംഘം യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ തടഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates