

തിരുവനന്തപുരം: മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭാ സര്‍ക്കുലര്‍. നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നു. തുടര്‍ഭരണം നേടി വരുന്ന സര്‍ക്കാരുകള്‍ പണം കണ്ടെത്തുന്ന കുറുക്കുവഴിയാണ് മദ്യനിര്‍മാണവും വില്‍പനയുമെന്നും കത്തോലിക്ക സഭ പുറത്തിറക്കിയ സര്‍ക്കുലറില്‍ വിമര്‍ശിക്കുന്നു.
ബാറിന്റെയും ബിവറേജ് ഔട്ട്‌ലെറ്റുകളുടേയും എണ്ണം വര്‍ധിപ്പിച്ചും ഐടി പാര്‍ക്കുകളില്‍ ബാറും പബ്ബും ആരംഭിച്ചുകൊണ്ടും പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറിക്ക് അനുമതി നല്‍കിയും നമ്മുടെ നാടിനെ മദ്‌ലഹരിയില്‍ മുക്കിക്കൊല്ലാന്‍ ഒരുക്കങ്ങള്‍ നടക്കുന്നുവെന്നും സര്‍ക്കുലറില്‍ കുറ്റപ്പെടുത്തുന്നു. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതികള്‍ ഫലം കാണുന്നില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.
കേരളം ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് നാമിപ്പോള്‍ കാണുന്നത്. എവിടെയും മദ്യവും മയക്കുമരുന്നും സുലഭം. ഇവയ്ക്ക് അടിപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. മദ്യത്തിന്റെയും രാസലഹരിയുടേയും ഉപയോഗം വഴി മനുഷ്യര്‍ അക്രമാസക്തരും അപഹാസ്യരുമാകുന്നു. കുടുംബങ്ങളില്‍ സമാധാനം ഇല്ലാതാകുന്നു. സമ്പാദ്യങ്ങള്‍ നശിക്കുന്നു. ബന്ധങ്ങള്‍ തകരുന്നു. വീടുകളില്‍ സ്വന്തപ്പെട്ടവരെ പേടിച്ച് കഴിയേണ്ടി വരുന്നു. സമൂഹത്തെ മുഴുവന്‍ ബാധിച്ചിരിക്കുന്ന സാമൂഹ്യ തിന്മയായി മദ്യ-രാസലഹരി ഉപയോഗം മാറിക്കഴിഞ്ഞിരിക്കുന്നു എന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.
ലഹരിക്കെതിരായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള കത്തോലിക്ക സഭ ഇന്ന് മദ്യ വിരുദ്ധ ഞായര്‍ ആചരിക്കും. വിശ്വാസികള്‍ക്ക് ലഹരി വിരുദ്ധ സന്ദേശം നല്‍കുന്നതിന്റെ ഭാഗമായി ഇന്നത്തെ കുര്‍ബാനയ്ക്കിടയില്‍ പ്രത്യേക സര്‍ക്കുലര്‍ വായിക്കും. ലഹരിയെ ഫലപ്രദമായി നേരിടുന്നതിനും തരണം ചെയ്യാനുളള മാര്‍ഗങ്ങള്‍ കണ്ടെത്താനുമാണ് മദ്യവിരുദ്ധ ഞായറായി ഇന്ന് ആചരിക്കുന്നതെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
