

കൊച്ചിയിലെ ഷോപ്പിങ് മാളിൽ വച്ച് തനിക്ക് നേരിടേണ്ടിവന്ന അപമാനം തുറന്നു പറഞ്ഞ് മലയാളത്തിലെ പ്രമുഖ നടി. രണ്ട് ചെറുപ്പക്കാർ തന്റെ ശരീരത്തിൽ സ്പർശിക്കുകയും പിന്തുടർന്ന് ശല്യം ചെയ്യുകയുമായിരുന്നെന്ന് താരം വ്യക്തമാക്കി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് യുവനടിയുടെ തുറന്നു പറച്ചിൽ.
കുടുംബത്തിനൊപ്പം ഇന്നലെ ഷോപ്പിങ് മാളിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഹൈപ്പർമാർക്കറ്റിൽ നിൽക്കുകയായിരുന്നു നടിയുടെ സമീപത്തിലൂടെ പോയ രണ്ട് ചെറുപ്പക്കാരിൽ ഒരാൾ തന്റെ ശരീരത്തിന്റെ പിൻഭാഗത്തായി സ്പർശിച്ചു എന്നാണ് താരം പറയുന്നത്. അപ്രതീക്ഷിതമായുണ്ടായ സംഭവത്തിൽ താൻ ഞെട്ടിപ്പോയെന്നും പ്രതികരിക്കാൻ പോലുമായില്ലെന്നും താരം കൂട്ടിച്ചേർത്തു. തന്റെ സഹോദരിയും ഇത് കണ്ടിരുന്നു. താൻ അവരുടെ അടുത്തേക്ക് പോയെങ്കിലും തന്നെ അവർ ശ്രദ്ധിക്കാത്തതുപോലെ നിന്നു.
തുടർന്ന് അമ്മയുടേയും സഹോദരന്റേയും അടുത്തേക്ക് പോയ നടിയെ അവർ പിന്തുടർന്നെത്തി. തന്റെ നേരെ നടന്നുവന്നു അടുത്തേക്ക് നീങ്ങി നിന്നു തന്റെ പുതിയ ചിത്രത്തിന്റെ പേര് ചോദിച്ചു. താൻ അറിയേണ്ട കാര്യമില്ല എന്നാണ് താരം മറുപടി നൽകിയത്. അമ്മ വരുന്നതുകണ്ടതോടെ അവർ പോയി. അവരോട് തനിക്ക് ഒരുപാട് കാര്യം പറയാനുണ്ടായിരുന്നെന്നും എന്നാൽ അതിന് സാധിച്ചില്ലെന്നും താരം കുറിപ്പിൽ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള അനുഭവം തനിക്ക് നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഓരോ തവണയും തന്നെ അത് ബുദ്ധിമുട്ടിക്കുന്നുണ്ടെന്നുമാണ് താരം പറയുന്നത്.
വീടിന് പുറത്തിറങ്ങിക്കഴിഞ്ഞാൽ സ്ത്രീകൾക്ക് സ്വയം സൂക്ഷിക്കേണ്ട അവസ്ഥയാണ്. തിരിയുമ്പോഴും കുനിയുമ്പോഴും എന്റെ വസ്ത്രം ശരിയാക്കണം. തിരക്കിൽ കൈകൾ കൊണ്ട് മാറിടം സംരക്ഷിക്കണം. അങ്ങനെ പട്ടിക നീണ്ടുപോകും. തന്റെ അമ്മയേയും സഹോദരിയേയും സുഹൃത്തുക്കളേയും കുറിച്ച് തനിക്ക് പേടിയുണ്ടെന്നും. ഇതിനെല്ലാം കാരണം ഇതുപോലുള്ള വൃത്തികെട്ട മനുഷ്യരാണെന്നും താരം കുറിക്കുന്നു. സ്ത്രീകളുടെ സന്തോഷവും ധൈര്യവുമാണ് ഇത്തരത്തിൽ ഇല്ലാതാക്കുന്നത്. ഇത്തരത്തിൽ അനുഭവമുണ്ടായാൽ പ്രതികരിക്കണമെന്നും തന്നോട് മോശമായി പെരുമാറിയ ആളുടെ മുഖത്ത് അടിക്കാൻ കഴിയാത്തതിൽ വിഷമമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ പരാതിയുമായി മുന്നോട്ടുപോകാൻ താൽപ്പര്യമില്ലെന്നും താരത്തിന്റെ കുടുംബം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates