'മുതലാളിമാരുടെ ഫണ്ട് കൈപ്പറ്റി വീട്ടുചെലവ് നടത്തുന്ന രാഷ്ട്രീയ നേതാക്കള്‍ ഉണ്ടാകാം; യുസഫലിക്കാ, ആ തുക നാട്ടികയിലെ നിര്‍ധനര്‍ക്ക് നല്‍കൂ'; കുറിപ്പുമായി എംഎല്‍എ

വീടിന്റെ ജപ്തി നടപടിയില്‍ ലുലു ചെയര്‍മാന്‍ എംഎ യൂസഫലിയുടെ സഹായ വാഗ്ദാനത്തിന് നന്ദിയെന്നും പകരം നാട്ടിക നിയോജക മണ്ഡലത്തിലെ നിര്‍ധനരായ രോഗികളെയും, ഭവന രഹിതരായവരെയും സഹായിക്കണമെന്ന് നാട്ടിക എംഎല്‍എ സിസി മുകുന്ദന്‍
CC MUKUNDAN
സിസി മുകുന്ദന്‍
Updated on
2 min read

തൃശൂര്‍: വീടിന്റെ ജപ്തി നടപടിയില്‍ ലുലു ചെയര്‍മാന്‍ എംഎ യൂസഫലിയുടെ സഹായ വാഗ്ദാനത്തിന് നന്ദിയെന്നും പകരം നാട്ടിക നിയോജക മണ്ഡലത്തിലെ നിര്‍ധനരായ രോഗികളെയും, ഭവന രഹിതരായവരെയും സഹായിക്കണമെന്ന് നാട്ടിക എംഎല്‍എ സിസി മുകുന്ദന്‍. ആ സഹായം അവരുടെ ജീവിതത്തിന്റെ അര്‍ഥം തന്നെ മാറ്റുന്ന വലിയൊരു ചേര്‍ത്തുപിടിക്കലായി മാറുമെന്നും എംഎല്‍എ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'നാട്ടിലെ ഒരുപാട് മുതലാളിമാരുടെ ഫണ്ട് കൈപ്പറ്റി വീട്ടുചിലവും മക്കളുടെ വിദ്യാഭ്യാസവും, കല്യാണവും, ഒക്കെ നടത്തുന്ന രാഷ്ട്രീയ നേതാക്കള്‍ അപൂര്‍വം ഉണ്ടായിരിക്കാം. എന്നാല്‍ അത്തരത്തില്‍ സ്വന്തം കാര്യത്തിനായി ഒരാളുടെയും മുന്നില്‍ പോയി നില്‍ക്കേണ്ടി വന്നിട്ടില്ല എന്നുള്ളത് ഞാന്‍ കമ്മ്യൂണിസം എന്ന ആശയത്തില്‍ ഉറച്ച് വിശ്വസിക്കുന്നു എന്നത് കൊണ്ടാണ്. എന്റെ രാഷ്ട്രീയ സംശുദ്ധതയില്‍ കറപുരട്ടിക്കൊണ്ട് ഒരു നിമിഷം പോലും പ്രവര്‍ത്തന രംഗത്ത് തുടരില്ല എന്ന് എന്റെ ജനങ്ങളെ അറിയിക്കുകയാണ്. ഞാന്‍ എന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്നും പഠിച്ചത് അതാണ്' - കുറിപ്പില്‍ പറയുന്നു.

CC MUKUNDAN
സ്വര്‍ണക്കടത്തിന് സഹായം; കസ്റ്റംസ് ഇന്‍സ്‌പെക്ടറെ പിരിച്ചുവിട്ടു

കുറിപ്പിന്റെ പൂര്‍ണരൂപം

പ്രിയമുള്ളവരെ...

കാല്‍ വഴുതി വീണ് പരിക്കേറ്റ് വീട്ടില്‍ വിശ്രമത്തിലായിരിക്കുമ്പോള്‍ നേരിട്ട് വീട്ടില്‍ എത്തിയും , ഫോണിലൂടെയും , സാമൂഹ്യ മാധ്യമങ്ങളിലൂടെയും എന്നോട് സ്‌നേഹാന്വേഷണം നടത്തിയ എന്റെ പാര്‍ട്ടിയിലെയും മറ്റു പാര്‍ട്ടികളിലെയും സഹപ്രവര്‍ത്തകരോടും പ്രിയപ്പെട്ട ജനങ്ങളോടും നന്ദി അറിയിക്കുന്നു.

ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് ചുമട്ട് തൊഴിലാളിയായി പൊതുജീവിതം ആരംഭിച്ച വ്യക്തിയാണ് ഞാന്‍.

CC MUKUNDAN
പാര്‍ട്ടിനേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്ന വിവാദം; നിഷേധിച്ച് എം വി ഗോവിന്ദന്‍

എനിക്ക് എന്റെ പാര്‍ട്ടിയും ജനങ്ങളും നല്‍കിയ വലിയൊരു അംഗീകാരവും ഉത്തരവാദിത്വവുമായാണ് എംഎല്‍എ പദവിയെ ഞാന്‍ കാണുന്നത്. അതിനപ്പുറം, യാതൊരു സാമ്പത്തിക നേട്ടത്തിനായും ഞാന്‍ ആ പദവിയെ ഉപയോഗിച്ചിട്ടില്ല. ശമ്പളമായി ലഭിക്കുന്ന തുകയുടെ വലിയൊരു ഭാഗം പൊതുപ്രവര്‍ത്തനരംഗത്ത് തന്നെയാണ് ഞാന്‍ വിനിയോഗിക്കുന്നത്. അതു കഴിഞ്ഞാല്‍ കാര്യമായൊന്നും മിച്ചം വരാറില്ല എന്നുള്ളതാണ് സത്യം. അത്തരം ഒരു അവസ്ഥയിലാണ് വീടിന്റെ വായ്പ തിരിച്ചടവില്‍ വീഴ്ച സംഭവിച്ചത്. മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ട ജനപ്രതിനിധി വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്താന്‍ പാടില്ലായിരുന്നു എന്ന് ഞാന്‍ സ്വയം വിമര്‍ശനപരമായി തിരിച്ചറിയുന്നു.

എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നട്ടം തിരിഞ്ഞപ്പോള്‍ സംഭവിച്ചുപോയ ഗതികേടായിരുന്നു അത്. അപകടം സംഭവിച്ചതിഞ്ഞ് വീട്ടില്‍ എന്നെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകരിലൂടെയാണ് ഈ വിവരം ജനങ്ങളിലെത്തുന്നത്.

വിദ്യാര്‍ത്ഥി - യുവജന - തൊഴിലാളി രംഗങ്ങളിലുള്ള കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങളിലും സാമൂഹികപരവും , സാമ്പത്തിക പരവുമായ ബുദ്ധിമുട്ടുകളെ നേരിട്ടുകൊണ്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്.

യുവജന സംഘടന പ്രവര്‍ത്തന കാലഘട്ടത്തില്‍ തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്ന സമരത്തിനിടയില്‍ ദിവസങ്ങളോളം പട്ടിണി കിടന്നതും , പൊലീസ് മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയതും ഇന്നും ഓര്‍ക്കുന്നു.

നാട്ടിലെ ഒരുപാട് മുതലാളിമാരുടെ ഫണ്ട് കൈപ്പറ്റി വീട്ടുചിലവും മക്കളുടെ വിദ്യാഭ്യാസവും , കല്യാണവും , ഒക്കെ നടത്തുന്ന രാഷ്ട്രീയ നേതാക്കള്‍ അപൂര്‍വം ഉണ്ടായിരിക്കാം. എന്നാല്‍ അത്തരത്തില്‍ സ്വന്തം കാര്യത്തിനായി ഒരാളുടെയും മുന്നില്‍ പോയി നില്‍ക്കേണ്ടി വന്നിട്ടില്ല എന്നുള്ളത് ഞാന്‍ കമ്മ്യൂണിസം എന്ന ആശയത്തില്‍ ഉറച്ച് വിശ്വസിക്കുന്നു എന്നത് കൊണ്ടാണ്.

എന്റെ രാഷ്ട്രീയ സംശുദ്ധതയില്‍ കറപുരട്ടിക്കൊണ്ട് ഒരു നിമിഷം പോലും പ്രവര്‍ത്തന രംഗത്ത് തുടരില്ല എന്ന് എന്റെ ജനങ്ങളെ അറിയിക്കുകയാണ്.

ഞാന്‍ എന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്നും പഠിച്ചത് അതാണ്.

നാട്ടികയുടെ പ്രിയപ്പെട്ട യൂസഫലിക്ക അടക്കം നിരവധി സുമനസ്സുകള്‍ എനിക്ക് സഹായവാഗ്ദാനം നടത്തിയതായി അറിയാന്‍ കഴിഞ്ഞു. അവരെ പോലുള്ളവരുടെ സഹായങ്ങള്‍ ലഭിച്ച നിരവധി മനുഷ്യര്‍ എന്റെ മണ്ഡലത്തിലും , കേരളത്തിനകത്തും ഉള്ളതിനാല്‍ വളരെ ബഹുമാനത്തോടെയാണ് അവരുടെയൊക്കെ പ്രവര്‍ത്തനങ്ങളെ ഞാന്‍ നോക്കിക്കാണുന്നത്. എന്നാല്‍ എനിക്ക് അവരെല്ലാം വാഗ്ദാനം ചെയ്ത സഹായങ്ങള്‍ ഞാന്‍ സ്‌നേഹപൂര്‍വ്വം വേണ്ടെന്നു വെക്കുന്നു.

പ്രിയപ്പെട്ട യുസഫലിക്ക എനിക്ക് സഹായം ചെയ്യാമെന്ന് പറഞ്ഞതിന് പകരം നമ്മുടെ നാട്ടിക നിയോജക മണ്ഡലത്തിലെ നിര്‍ധനരായ രോഗികള്‍ക്കും , ഭവനരഹിതരായ പാവപ്പെട്ടവര്‍ക്കും ഈ തുക ധനസഹായമായി നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഒരു പക്ഷേ അത് അവരുടെ ജീവിതത്തിന്റെ അര്‍ത്ഥം തന്നെ മാറ്റുന്ന വലിയൊരു ചേര്‍ത്തുപിടിക്കലായി മാറുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു.

ഈ വേളയില്‍ തന്നെ എന്റെ പാര്‍ട്ടിയിലെ നേതാക്കള്‍ എന്നെ കാണാന്‍ വരികയും , സഹായിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഒരിക്കല്‍ കൂടി, എന്റെ അപകട ഘട്ടത്തില്‍ എന്നെ ഓര്‍മിച്ച, ചേര്‍ത്ത് പിടിച്ച, സമാശ്വസിപ്പിച്ച ഏവര്‍ക്കും നന്ദി.

Summary

MLA CC Mukundan extends his gratitude to Lulu Chairman M.A. Yusuff Ali for pledging support in resolving the house foreclosure issue

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com