തിരുവനന്തപുരം : മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയുമോയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നതെന്ന് സിപിഎം. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് പുറത്തു വന്ന വിവരങ്ങള്‍ അതീവ ഗൗരവതരമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികളെ പ്രലോഭിപ്പിച്ചും സമ്മര്‍ദ്ദം ചെലുത്തിയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുവെന്നത് നിയമ സംവിധാനത്തോടും, ജനാധിപത്യ വ്യവസ്ഥയോടുമുള്ള പരസ്യമായ വെല്ലുവിളിയാണ്. സര്‍ക്കാരിനെ രാഷ്ട്രീയവും ഭരണപരവുമായി എതിര്‍ക്കാന്‍ കഴിയാത്ത ബിജെപി-യുഡിഎഫ് കുട്ടുകെട്ട് നടത്തുന്ന അപവാദ പ്രചാരവേലയ്ക്ക് ആയുധങ്ങള്‍ ഒരുക്കി കൊടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുത്തു തോല്‍പ്പിക്കുമെന്നും സിപിഎം പറയുന്നു.
മാധ്യമങ്ങള്‍ പുറത്തുവിട്ട ശബ്ദരേഖയനുസരിച്ച് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് വ്യക്തമാകുന്നത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിരസിച്ച വിചാരണ കോടതി വിധിയില്‍ ഈ മൊഴിയുടെ വിശ്വസനീയത ചോദ്യം ചെയ്തിട്ടുണ്ടെന്നതും പ്രസക്തമാണ്. പരസ്പര വിരുദ്ധമെന്ന് കോടതി തന്നെ നിരീക്ഷിച്ച ഇ ഡി റിപ്പോര്‍ട്ട്, മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും ലക്ഷ്യം വെച്ചുള്ള തിരക്കഥക്കയ്ക്കനുസരിച്ചാണ് അന്വേഷണ പ്രഹസനം നടത്തുന്നതെന്ന് വ്യക്തമാക്കുന്നു.
സങ്കുചിത രാഷ്ട്രീയ ലക്ഷ്യം നിര്‍വ്വഹിക്കുന്നതിനോടൊപ്പം യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തതിനും കൂടിയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയേയും ഇടതുസര്‍ക്കാരിനേയും ലക്ഷ്യം വെച്ചുള്ള കുറ്റകരമായ നീക്കത്തിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങളാകെ രംഗത്തിറങ്ങണമെന്ന് സിപിഎം അഭ്യര്‍ത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates