

കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. മുഖ്യമന്ത്രി ഉള്‍പ്പെടെ ഭൂരിപക്ഷം മന്ത്രിമാരും ആദ്യമായാണ് വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത്. മന്ത്രിമാരായ പി രാജീവ്, ആന്റണി രാജു എന്നിവര്‍ മാത്രമാണ് മുന്‍പ് യാത്ര ചെയ്തിട്ടുള്ളത്.
'നവകേരള സദസ്സിന്റെ ഭാഗമായുള്ള നവകേരള യാത്ര എറണാകുളത്ത് നിന്ന് വൈപ്പിനിലേക്ക് കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത് തികച്ചും വ്യത്യസ്തമായ അനുഭവമായി. കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ആശംസകള്‍...' യാത്രയ്ക്കിടയില്‍ മുഖ്യമന്ത്രി സന്ദര്‍ശക ഡയറിയില്‍ കുറിച്ചു.
വൈപ്പിന്‍ മണ്ഡലത്തിലെ നവകേരള സദസില്‍ പങ്കെടുക്കുന്നതിനാണ് വാട്ടര്‍ മെട്രോ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ ടെര്‍മിനലിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്ത്. വാട്ടര്‍ മെട്രോയുടെ നീല തൊപ്പിയണിഞ്ഞാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാവരും കൊച്ചിക്കായലിലൂടെ യാത്ര നടത്തിയത്. ആദ്യയാത്ര മന്ത്രിമാര്‍ സ്വന്തം ഫോണിലും ''സെല്‍ഫി''യാക്കി.
കലൂര്‍ ഐഎംഎ ഹൗസില്‍ നടന്ന പ്രഭാതയോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത്. വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ കെഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വാട്ടര്‍ മെട്രോയുടെ മാതൃക മന്ത്രിസഭയ്ക്ക് സമ്മാനിച്ചാണ് സംഘത്തെ വൈപ്പിനിലേക്ക് യാത്രയാക്കിയത്.
സര്‍വ്വീസ് ആരംഭിച്ച് 7 മാസത്തിനിടെ പന്ത്രണ്ടര ലക്ഷത്തിലധികം പേര്‍ കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തു. ലോകത്തിന് മുന്നില്‍ മറ്റൊരു കേരള മോഡല്‍ ആണ് കൊച്ചി വാട്ടര്‍ മെട്രോയിലൂടെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടര്‍ മെട്രോയുടെ ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകള്‍ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടി.
നിലവില്‍ 12 ബോട്ടുകളുമായി ഹൈക്കോര്‍ട്ട് ജംഗ്ഷന്‍-വൈപ്പിന്‍, ഹൈക്കോര്‍ട്ട് ജംഗ്ഷന്‍-ബോള്‍ഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലാണ് സര്‍വ്വീസ് നടത്തുന്നത്.
ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സര്‍വ്വീസ് ആണ് അടുത്തതായി ആരംഭിക്കുക. ഇതിനായുള്ള സജ്ജീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി, മുളവുകാട് നോര്‍ത്ത്, വില്ലിംഗ്ടണ്‍ ഐലന്‍ഡ്, കുമ്പളം, കടമക്കുടി, പാലിയംതുരുത്ത് ടെര്‍മിനലുകളുടെയും നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്.
കുറഞ്ഞ തുകയില്‍ സുരക്ഷിത യാത്രയാണ് കൊച്ചി വാട്ടര്‍ മെട്രോയുടെ ശീതികരിച്ച ബോട്ടുകളില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൊച്ചി മെട്രോ റെയിലിന് സമാനമായ എല്ലാ സൗകര്യങ്ങളും ലോകത്തിലെ തന്നെ ആദ്യ വാട്ടര്‍ മെട്രോ ആയ കൊച്ചി വാട്ടര്‍ മെട്രോയിലുണ്ട്. ബോട്ട് യാത്രയ്ക്കുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികര്‍ക്കായി പ്രതിവാര, പ്രതിമാസ പാസുകളും ഉണ്ട്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടര്‍ മെട്രോയിലും യാത്ര ചെയ്യാനാകും.
1136.83 കോടി രൂപ ചെലവ് കണക്കാക്കുന്ന ഈ പദ്ധതി കൊച്ചിയിലെ വിവിധ ദ്വീപ് നിവാസികളുടെ യാത്ര ദുരിതത്തിന് പരിഹാരം കാണുക മാത്രമല്ല ടൂറിസം സാധ്യതകളെ മുന്നില്‍ നിര്‍ത്തി അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സഹായകരമായി. നഗരവുമായി ബന്ധിപ്പിക്കുന്ന ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ ഒറ്റപ്പെട്ട് കിടക്കുന്ന ദ്വീപുകളിലെ നിവാസികളുടെ യാത്രാ ദുരിതങ്ങള്‍ ഇല്ലാതാക്കാന്‍ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് സാധിക്കുമെന്നത് കേരളത്തിന്റെ പൊതുഗതാഗത രംഗത്തിന് നേട്ടമാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates