

തിരുവനന്തപുരം: ആധുനിക സൗകര്യങ്ങളോട് കൂടിയ ബസുകള്‍ നിരത്തിലിറക്കിയും വരുമാനം വര്‍ധിപ്പിച്ചും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന കെഎസ്ആര്‍ടിസിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാവനാ സമ്പന്നമായ നേതൃത്വത്തിന്റെയും അര്‍പ്പണ മനോഭാവത്തോടെ അക്ഷീണം പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ്മയാണ് ഇപ്പോഴത്തെ മുന്നേറ്റത്തിന് അടിസ്ഥാനം എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ പ്രശംസ.
പലവിധത്തിലുള്ള ശാപവചനങ്ങളില്‍ നിന്ന് മുക്തി നേടി പുരോഗതിയുടെ പാതയിലാണ് കേരള സംസ്ഥാനത്തിന്റെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍. നശിച്ചു നാനാവിധമാകും, ഇനി ഭാവിയില്ല, എന്തിനീ വെള്ളാനയെ പോറ്റുന്നു തുടങ്ങി നിരവധി വിമര്‍ശനങ്ങള്‍ കെഎസ്ആര്‍ടിസ് കേട്ടിട്ടുണ്ട്. എന്നാല്‍ നിരവധി നവീകരണ പ്രവര്‍ത്തനങ്ങളാണ് സമീപകാലത്ത് കെഎസ്ആര്‍ടിസിയില്‍ നടന്നത്. സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുക എന്നതായിരുന്നു നവീകരണങ്ങളുടെ ലക്ഷ്യം. ഇതിന്റെ ഫലമാണ് വരുമാനത്തില്‍ ഉള്‍പ്പെടെ നേടിയ വര്‍ധനയെന്നും കണക്കുകള്‍ ഉള്‍പ്പെടെ വിവരിച്ച് മുഖ്യമന്ത്രിയുടെ കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.
സെപ്റ്റംബര്‍ എട്ടിന് ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം 10.19 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനമായി 82 ലക്ഷം രൂപയും കെഎസ്ആര്‍ടിസിക്ക് ലഭിച്ചു എന്നും മുഖ്യമന്ത്രി അറിയിച്ചു. ആത്മാര്‍പ്പണവും അധ്വാനവും അത്ഭുതങ്ങള്‍ സൃഷ്ടിക്കും എന്നും മുഖ്യമന്ത്രി കുറിപ്പില്‍ പറയുന്നു. പുരോഗനപരമായ മാറ്റങ്ങള്‍ പൊതു ഗതാഗത രംഗത്ത് ഉണ്ടാക്കിയ ചലനത്തിന്റെ തെളിവ് കൂടിയാണ് കെഎസ്ആര്‍ടിസി കൈവരിച്ച ചരിത്ര നേട്ടം. ട്രാവല്‍ കാര്‍ഡ്, യുപിഐ പെയ്‌മെന്റ് സൗകര്യം, ലൈവ് ട്രാക്കിംഗ് സംവിധാനം തുടങ്ങിയ കെഎസ്ആര്‍ടിസി സ്വീകരിച്ച പുതു രീതികള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചു. കൂടാതെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസുകള്‍ നിരത്തിലിറക്കി മികവാര്‍ന്ന യാത്രാനുഭവം ഒരുക്കാനും കെഎസ്ആര്‍ടിസിക്ക് സാധിച്ചു.
മുടങ്ങിക്കിടന്ന പല സര്‍വീസുകളും പുനരാരംഭിച്ചതും വരുമാന വര്‍ദ്ധനവിന് സഹായകമായി. കെഎസ്ആര്‍ടിസി പുതുതായി ആരംഭിച്ച വിനോദസഞ്ചാര പാക്കേജുകള്‍, ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങിയ സേവനങ്ങളും മികവ് വര്‍ധിപ്പിച്ചു. ലളിതവും സുതാര്യവുമായി നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ കെഎസ്ആര്‍ടിസിയുടെ ജനപ്രീതിയും വര്‍ദ്ധിപ്പിച്ചു.
കൃത്യമായ ആസൂത്രണത്തിലൂടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്ന കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. തകര്‍ന്നു പോകുമെന്ന് വിധിയെഴുതിയ സംവിധാനത്തെ ചരിത്ര നേട്ടത്തിലേക്ക് നയിച്ച ജീവനക്കാര്‍ക്കും മാനേജ്‌മെന്റിനെയും നേതൃത്വത്തെയും പ്രത്യേകം അഭിനന്ദിക്കുന്നു എന്നും മുഖ്യമന്ത്രി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
