

തിരുവനന്തപുരം: സിഎംആര്‍എല്‍ കേസില്‍ പിണറായി വിജയനെതിരായ ഇഡിയുടെ കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തുചാടി ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. നിയമപരമായി ബാധ്യസ്ഥമായ തീരുമാനമാണ് സര്‍ക്കാര്‍ എടുത്തത്. ആരെയും വേട്ടയാടാനോ, ആരുടെയും പുറകെ നടന്ന് പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിക്കാനോ ഈ സർക്കാരില്ല. ലോ വില്‍ ടേക്ക് ഇറ്റ്‌സ് ഓണ്‍ കോഴ്‌സ്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. അപ്പോള്‍ അവര്‍ക്ക് പറയാനുള്ള എല്ലാ അവകാശവുമുണ്ട്. മുഖ്യമന്ത്രി വ്യക്തമാക്കി.
പിണറായി വിജയനെതിരെ കേസെടുക്കാന്‍ തീരുമാനിച്ചതില്‍, ഇടതുപക്ഷം മോഡി-ഇഡി-വിഡി കൂട്ടുകെട്ട് എന്ന ആക്ഷേപം ഉന്നയിക്കുന്നത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 'പേര് കേള്‍ക്കാന്‍ നല്ല രസമുണ്ടെന്നായിരുന്നു' മുഖ്യമന്ത്രിയുടെ മറുപടി. ഈ കാര്യങ്ങളൊക്കെ ചെയ്യുമ്പോള്‍ നമ്മളാരും ഇല്ലല്ലോ?. അവരിതു ചെയ്തപ്പോഴൊന്നും നമ്മളാരും ഇല്ലല്ലോയെന്നും വിഡി സതീശന്‍ ആവര്‍ത്തിച്ചു.
പിഎംഎല്‍എ ആക്ട് 66 (2) പ്രകാരം ഇഡി ഡിജിപിക്ക് കത്തു നല്‍കി. ആ കത്തില്‍ സര്‍ക്കാര്‍ എജിയുടേയും ഡിജിപിയുടേയും നിയമോപദേശം തേടി. അതില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പിഎംഎല്‍എ ആക്ട് 66 (2) പ്രകാരം കത്തു ലഭിച്ചാല്‍ പൊലീസ് അന്വേഷണം നടത്തിയേ മതിയാകൂ. മാന്‍ഡേറ്ററിയായുള്ള കോടതി വിധിയാണിത്. അക്കാര്യം ആഭ്യന്തരമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിട്ടുണ്ട്.
മറ്റൊരു കാര്യം ലളിതകുമാരി കേസില്‍, അഴിമതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എപ്‌ഐആര്‍ ഇടുന്നതിന് മുമ്പ് അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. അന്വേഷണം നടത്തിയശേഷം മാത്രമേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാവൂ എന്നാണ് കോടതി ഉത്തരവ്. ഈ രണ്ടു സുപ്രീംകോടതി വിധിയും അനുസരിച്ച് പൊലീസ് അന്വേഷണം നടത്തിയശേഷം മാത്രമേ തീരുമാനമെടുക്കൂ. അത് നിയമപരമായ ബാധ്യതയാണ്. അതു സര്‍ക്കാര്‍ ചെയ്യേണ്ടേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates