തിരുവനന്തപുരം: ഇരിക്കുന്ന കസേര ജനങ്ങളെ സേവിക്കാനുള്ളതാണെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യം ഉണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല അഴിമതി. നിശ്ചിത സമയത്തിനുള്ളിൽ തീരുമാനം എടുക്കാതിരിക്കുന്നതും തീരുമാനങ്ങളിൽ അനാവശ്യ കാലതാമസം ഉണ്ടാവുന്നതും അഴിമതിയുടെ പട്ടികയിൽ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റവന്യു ദിനത്തിന്റെ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
സർക്കാർ ഉദ്യോഗസ്ഥർക്ക് മതിയായ ശമ്പളം ലഭിക്കുന്നുണ്ട്. അതുകൊണ്ട് ജീവിക്കാൻ തയ്യാറാകണം. ജോലിയിരുന്നു കൊണ്ട് അതിനപ്പുറം സമ്പാദിക്കാമെന്ന് കരുതരുത്. തന്റെ പേന ജനങ്ങളെ സേവിക്കാനാണെന്ന ബോധം ഉദ്യോഗസ്ഥർക്ക് ഉണ്ടാവണം. നിക്ഷേപകരും സംരംഭകരും നാടിന്റെ ശത്രുക്കളല്ല, സേവനം ചെയ്യാൻ വരുന്നവരാണെന്ന മനോഭാവം വേണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
വ്യവസായ വാണിജ്യ സംരംഭങ്ങൾക്ക് ഭൂമി അനുവദിക്കുന്നതിൽ തീരുമാനം അനന്തമായി നീട്ടുന്നതിന് അറുതി വരുത്തണം. ഇതിനുള്ള അപേക്ഷകളിൽ കൃത്യമായ ഓഡിറ്റിങ് റവന്യു വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണം. ഭൂമി സംബന്ധമായ എത്ര അപേക്ഷകളിൽ ഓരോ ഓഫീസും നടപടി സ്വീകരിക്കാനുണ്ടെന്നും എന്താണ് തടസമെന്നും ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കാനാകുമോയെന്നും ജില്ലാ തലത്തിൽ കണക്കെടുക്കാൻ മേലുദ്യോഗസ്ഥർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates