ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്, പുസ്തകവും വെള്ളവും കൈമാറാൻ പാടില്ല; സംസ്ഥാനത്ത് കോളജുകൾ ഇന്നു തുറക്കും

ഏറ്റവുമധികം രോഗവ്യാപന സാധ്യതയുള്ളത് ഭക്ഷണം കഴിക്കുമ്പോഴാണ്. ഒന്നിച്ചിരുന്ന് കഴിക്കുന്നതിന് പകരം 2 മീറ്റര്‍ അകലം പാലിച്ച് കുറച്ച് വിദ്യാര്‍ഥികള്‍ വീതം കഴിക്കണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം; സംസ്ഥാനത്തെ കോളജുകൾ ഇന്നു മുതല്‍ തുറക്കും. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കാണ് ആദ്യ ഘട്ടത്തിൽ ക്ലാസുകൾ തുടങ്ങുക. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കാർ നിർദേശം നൽകി. കൂട്ടംകൂടി നിൽക്കരുതെന്നും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുതെന്നും മാർ​ഗനിർദേശത്തിലുണ്ട്. പുസ്തകം,പേന, കുടിവെള്ളം തുടങ്ങിയ സാധനങ്ങൾ സ്വന്തമായി കൊണ്ടുവന്ന് കൈമാറ്റം ചെയ്യാതെ ഉപയോ​ഗിക്കണം. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എല്ലാ വിദ്യാര്‍ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌ക് ധരിച്ച് മാത്രം വീട്ടില്‍ നിന്നിറങ്ങുക. കോവിഡ് ഡെല്‍റ്റ വകഭേദം നിലനില്‍ക്കുന്നതിനാല്‍ ഡബിള്‍ മാസ്‌ക് അല്ലെങ്കില്‍ എന്‍ 95 മാസ്‌ക് ആണ് ഏറെ ഫലപ്രദം. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കുക.

യാത്രകളിലും കാമ്പസുകളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തുന്നെങ്കില്‍ മാസ്‌ക് വച്ച് സംസാരിക്കാന്‍ അഭ്യര്‍ത്ഥിക്കുക.

എല്ലാവരും ശാരീരിക അകലം പാലിക്കേണ്ടതാണ്. കൂട്ടംകൂടി നില്‍ക്കരുത്.

കൈകള്‍ കൊണ്ട് മുക്ക്, വായ, കണ്ണ് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കരുത്.

അടച്ചിട്ട സ്ഥലങ്ങള്‍ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ ജനാലകളും വാതിലുകളും തുറന്നിടേണ്ടതാണ്.

യാതൊരു കാരണവശാലും പേന, പെന്‍സില്‍, പുസ്തകങ്ങള്‍, മറ്റു വസ്തുക്കള്‍, കുടിവെള്ളം, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ പരസ്പരം കൈമാറാന്‍ പാടില്ല.

ഇടയ്ക്കിടെ സോപ്പും വെളളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണം.

പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളതോ സമ്പര്‍ക്കത്തിലുള്ളതോ ആയ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ ഒരു കാരണവശാലും കോളേജില്‍ പോകരുത്.

കോവിഡ് സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ക്വാറന്റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

ഏറ്റവുമധികം രോഗവ്യാപന സാധ്യതയുള്ളത് ഭക്ഷണം കഴിക്കുമ്പോഴാണ്. ഒന്നിച്ചിരുന്ന് കഴിക്കുന്നതിന് പകരം 2 മീറ്റര്‍ അകലം പാലിച്ച് കുറച്ച് വിദ്യാര്‍ഥികള്‍ വീതം കഴിക്കണം. ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കാന്‍ പാടില്ല.

കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടാന്‍ പാടില്ല.

ഉപയോഗശേഷം മാസ്‌കുകള്‍, കൈയുറകള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവ അലക്ഷ്യമായി വലിച്ചെറിയാന്‍ പാടില്ല.

ടോയ്‌ലറ്റുകളില്‍ പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.

ആഹാരം കഴിച്ച ശേഷം പുതിയ മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്.

വീട്ടിലെത്തിയ ഉടന്‍ മാസ്‌കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി, കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.

അധ്യാപകര്‍ക്കോ, വിദ്യാര്‍ഥികള്‍ക്കോ, രക്ഷിതാക്കള്‍ക്കോ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com