

കണ്ണൂര്‍: ജൂലൈ 11ന് കണ്ണൂര്‍ റേഞ്ചിലെ മുഴുവന്‍ പൊലീസ് ജില്ലകളിലും (കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍, വയനാട്, കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍, കാസര്‍കോട്) റേഞ്ച് തല 'കോംപിങ് ഓപ്പറേഷൻ' സംഘടിപ്പിച്ചു. കണ്ണൂർ റേഞ്ച് ഡിഐജി കെ കാര്‍ത്തിക് ഐപിഎസിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷൻ. കാപ്പ ലിസ്റ്റില്‍പ്പെട്ടവര്‍, പിടികിട്ടാപ്പുള്ളികള്‍, വാറന്റ് പ്രതികള്‍ എന്നിവരെ കണ്ടെത്തുക, കുറ്റവാളികള്‍, മുന്‍ കുറ്റവാളികള്‍, സാമൂഹ്യവിരുദ്ധര്‍ എന്നിവരെ നിരീക്ഷിക്കുക, പ്രതിരോധ പൊലീസിങ് ശക്തിപ്പെടുത്തുക എന്നിവയായിരുന്നു ഓപ്പറേഷന്റെ പ്രധാന ലക്ഷ്യം.
അന്തര്‍സംസ്ഥാന അതിര്‍ത്തികള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഹോം സ്റ്റേകള്‍, ലഹരിമരുന്ന് വില്‍പന നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഒരേസമയം പരിശോധന നടത്തി. മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍, ലഹരിവസ്തുക്കളുടെ കടത്ത് എന്നിവ കണ്ടെത്തുന്നതിനായി ട്രാഫിക് എന്‍ഫോഴ്സ്മെന്റ് വിഭാഗം കര്‍ശനമായ വാഹന പരിശോധനയും നടത്തി.
* 81 അതിര്‍ത്തി പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.
* 937 അന്തര്‍സംസ്ഥാന വാഹനങ്ങള്‍ ഉള്‍പ്പെടെ ആകെ 9,328 വാഹനങ്ങള്‍ പരിശോധിച്ചു.
* റേഞ്ചിലുടനീളം 260 മൊബൈല്‍ പട്രോളിംഗ് സംഘങ്ങളെ നിയോഗിച്ചു.
* 452 ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഹോംസ്റ്റേകള്‍ പരിശോധിച്ചു.
* 164 ബസ് സ്റ്റാന്റുകളും റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളും പരിശോധിച്ചു.
* കാപ്പ നിരീക്ഷണത്തിലുള്ള 38 പേരെ പരിശോധിച്ചു.
* 21 ലോങ് പെന്‍ഡിങ് (എൽ പി )വാറന്റ് പ്രതികളെ അറസ്റ്റ് ചെയ്തു.
* 138 നോണ്‍-ബൈലബിള്‍ (NB) വാറന്റ് പ്രതികളെ അറസ്റ്റ് ചെയ്തു.
* 216 മുന്‍ കുറ്റവാളികളെയും നിരീക്ഷണത്തിലുള്ളവരെയും പരിശോധിച്ചു.
* 733 സാമൂഹ്യവിരുദ്ധരെയും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടവരെയും ചോദ്യം ചെയ്ത് പരിശോധിച്ചു.
* മദ്യപിച്ച് വാഹനം ഓടിച്ചതിന് 229 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
* 99 ലഹരിമരുന്ന് (NDPS) കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
* മറ്റ് പ്രത്യേക നിയമപ്രകാരം 278 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
* സ്വര്‍ണക്കടത്ത്, ഹവാല/ട്യൂബ് മണി എന്നിവയുമായി ബന്ധപ്പെട്ട് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
159 വാറന്റ് പ്രതികളെ അറസ്റ്റ് ചെയ്യുകയും 606 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കാപ്പ പ്രതികള്‍, കുറ്റവാളികള്‍, സംശയാസ്പദമായ വ്യക്തികള്‍ എന്നിവരെ പരിശോധിച്ചത് ഭാവിയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകും.
കുറ്റവാളികളെ കണ്ടെത്താനും, സാമൂഹ്യവിരുദ്ധരെ നിരീക്ഷിക്കാനും, ക്രമസമാധാനം ഉറപ്പാക്കാനും ഇത്തരം പരിശോധനകള്‍ തുടരുമെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി കെ കാര്‍ത്തിക്, ഐപിഎസ് അറിയിച്ചു. ക്രമസമാധാന നില തകർക്കുന്നവർക്കും ലഹരി മാഫിയകൾക്കുമെതിരെ ശക്തമായ നടപടികളുമായി മുൻപോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഗുണ്ടാ നിയമ പ്രകാരം നിരീക്ഷണത്തിലുള്ള 9 വ്യക്തികളുടെ വീടുകളിലും പൊലീസ് നേരിട്ടെത്തി പരിശോധന നടത്തി. മുൻകാല കുറ്റവാളികളും സാമൂഹിക വിരുദ്ധരുമായ 25 പേരെ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ചന്തേര സ്റ്റേഷൻ പരിധിയിൽ നിന്ന് മാത്രം അഞ്ച് ലഹരി കേസുകൾ പിടികൂടി.
റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 42 പേർക്കെതിരെ കേസെടുത്തു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട് ചോദ്യം ചെയ്ത 80 പേർക്കെതിരെയും, മറ്റ് പ്രാദേശിക നിയമ ലംഘനങ്ങൾക്ക് 46 പേർക്കെതിരെയും നിയമ നടപടികൾ സ്വീകരിച്ചു. കോമ്പിങ് ഓപ്പറേഷനിടെ കുമ്പള പൊലീസ് സ്റ്റേഷനിലെ ലഹരി കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അജാനൂർ തെക്കേപ്പുറം സ്വദേശി ലാവാ സമീർ എന്ന ടിഎം സമീറിനെ (39) നെ ഹൊസ്ദുർഗ് പൊലീസ് പിടികൂടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates