

കല്‍പ്പറ്റ: വയനാട്ടിലെ (wayanad ) ചൂരല്‍മലയ്ക്ക് സമീപമുള്ള കരിമറ്റം വനത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍, ( Karimattom landslide ) പരിസ്ഥിതി വിദഗ്ധരിലും വനം വകുപ്പ് അധികൃതരിലും ആശങ്കയുണ്ടാക്കുന്നു. മെയ് 28 ന് ഉണ്ടായ കനത്ത മഴയെത്തുടര്‍ന്ന് നിലമ്പൂര്‍ വനമേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍, മെയ് 30 ന് മാത്രമാണ് അധികൃതര്‍ അറിയുന്നത്. ഇതുമൂലം നാശനഷ്ടങ്ങള്‍ കൃത്യമായി വിലയിരുത്തുന്നതിലും കാലതാമസം നേരിട്ടു.
മലപ്പുറം ജില്ലയുടെ അതിര്‍ത്തിയോട് ചേര്‍ന്നതും ജനവാസമില്ലാത്തതുമായ വനപ്രദേശത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ജനവാസ കേന്ദ്രങ്ങളില്ലാത്തതിനാല്‍, ആളപായമോ സ്വത്ത് നാശമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. മെയ് 31 ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കോര്‍ കമ്മിറ്റിയില്‍ നിന്നും മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നുമുള്ള സംയുക്ത സംഘം സ്ഥലത്ത് പരിശോധന നടത്തി. മണ്ണിടിച്ചില്‍ മിതമായ തോതിലുള്ളതാണെന്നാണ് വിലയിരുത്തല്‍.
നിലവില്‍ ഇത് ഭീഷണി ഉയര്‍ത്തുന്നില്ലെങ്കിലും, വരും ആഴ്ചകളില്‍ മഴക്കാലം ശക്തി പ്രാപിക്കുന്നതോടെ കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞിട്ടില്ല. 'ഇത് വനപ്രദേശവും പാരിസ്ഥിതികമായി ദുര്‍ബലവുമായ മേഖലയാണ്. ആളുകള്‍ക്ക് ഭീഷണിയില്ലെങ്കിലും, ഇത്തരം സംഭവങ്ങള്‍ പ്രത്യേകിച്ച് മഴക്കാലത്ത്, നിരന്തരമായ നിരീക്ഷണത്തിന്റെ ആവശ്യകത വിളിച്ചോതുന്നു. ' പരിശോധനാ സംഘത്തിലെ മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
നിലവില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് സമീപത്തെ, കരിമറ്റം എസ്റ്റേറ്റ് പ്രദേശത്ത് 1984 ല്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. ചൂരല്‍മലയോടു ചേര്‍ന്നുണ്ടായിട്ടുള്ള ഈ മണ്ണിടിച്ചില്‍, ഈ മേഖലയെ കൂടുതല്‍ പാരിസ്ഥിതിക ഭീഷണി നിറഞ്ഞ മേഖലയാക്കി മാറ്റുന്നു. കഴിഞ്ഞ വര്‍ഷം ചൂരല്‍മലയിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ രണ്ടു ഗ്രാമങ്ങളാണ് ഒലിച്ചുപോയത്. ആവര്‍ത്തിച്ചുള്ള മണ്ണിടിച്ചില്‍ വന്‍തോതിലുള്ള കാലാവസ്ഥാ, പാരിസ്ഥിതിക മാറ്റങ്ങളുടെ ലക്ഷണമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. മണ്ണിടിച്ചില്‍ കണ്ടെത്തല്‍ വൈകിയത് കണക്കിലെടുത്ത്, മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളില്‍ മികച്ച മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങളും തത്സമയ നിരീക്ഷണവും ആവശ്യമാണ്.
പരിശോധനാ റിപ്പോര്‍ട്ട് ഉടന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചൂരല്‍മലയ്ക്കും വയനാട് മേഖലയ്ക്കും ചുറ്റുമുള്ള ദുര്‍ബല പാരിസ്ഥിതിക പ്രദേശങ്ങളില്‍ ബോധവല്‍ക്കരണ കാമ്പെയ്നുകള്‍, മണ്ണിന്റെ സ്ഥിരത പരിശോധന, റാപ്പിഡ് ആക്ഷന്‍ സംഘങ്ങളെ വിന്യസിക്കല്‍ എന്നിവയുള്‍പ്പെടെ മഴക്കാല തയ്യാറെടുപ്പ് നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരികയാണ്. മണ്ണിടിച്ചില്‍ സ്ഥലത്തെ വില്ലേജ് ഓഫീസര്‍ ജില്ലാ അടിയന്തര മാനേജ്മെന്റ് വകുപ്പിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
അതേസമയം, കരിമറ്റം വനപ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മണ്ണിടിച്ചില്‍ സമീപത്തെ ജനവാസ കേന്ദ്രങ്ങള്‍ക്ക് ഭീഷണിയല്ലെന്ന് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ വ്യക്തമാക്കി. ചാലിയാര്‍ നദിയുടെ ഒരു പോഷകനദി അതേ മലയില്‍ നിന്ന് ഉത്ഭവിച്ച് അരണപ്പുഴ മേഖലയിലൂടെ ഒഴുകുന്നുണ്ട്. മണ്ണിടിച്ചില്‍ ഈ ജലപ്രവാഹത്തിനോ പ്രാദേശത്തെ ജനസമൂഹത്തിനോ എന്തെങ്കിലും തടസ്സമോ ഭീഷണിയോ സൃഷ്ടിച്ചതായി നിലവില്‍ തെളിവുകളൊന്നുമില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates