ജയിൽവാസത്തിനു പിന്നാലെ നിയമസഭയിലേക്ക്; വിടവാങ്ങിയത് നിലമ്പൂരുകാരുടെ കുഞ്ഞാക്ക

എട്ടു തവണയാണ് ആര്യാടൻ നിലമ്പൂരുനിന്ന് ജനവിധി തേടി നിയമസഭയിലേക്ക് എത്തുന്നത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

നിലമ്പൂരുകാർക്ക് ആര്യാടൻ മുഹമ്മദ് എന്നാൽ അവരുടെ കുഞ്ഞാക്കയാണ്. നിലമ്പൂരുകാർ ഇത്രത്തോളം ചേർത്തു പിടിച്ച മറ്റൊരു രാഷ്ട്രീയനേതാവില്ല. എട്ടു തവണയാണ് ആര്യാടൻ നിലമ്പൂരുനിന്ന് ജനവിധി തേടി നിയമസഭയിലേക്ക് എത്തുന്നത്. ഏഴു പതിറ്റാണ്ടുകാലം കേരള രാഷ്ട്രീയത്തോടൊപ്പം സഞ്ചരിച്ച ജനനേതാവാണ് വിടവാങ്ങിന്നത്. 

എന്നാൽ അത്ര എളുപ്പമായിരുന്നില്ല ആര്യാടന്റെ രാഷ്ട്രീയ യാത്ര. കോൺ​ഗ്രസ് പാർട്ടിയിൽ സജീവമായതിനു പിന്നാലെ 1965ലാണ് ആദ്യമായി മത്സരരം​ഗത്തേക്ക് എത്തുന്നത്. നിലമ്പൂരിൽ നിന്നു തന്നെയാണ് ജനവിധി തേടിയത്. എന്നാൽ പരാജയപ്പെടുകയായിരുന്നു. പിന്നീട് 67ലും നിയസഭയിലേക്ക് മത്സരിച്ചെങ്കിലും കെ കുഞ്ഞാലിയോട് തോറ്റു. 1969ൽ കുഞ്ഞാലി കൊല്ലപ്പെട്ടതോടെ ആര്യാടനെ കാത്തിരുന്നത് പരീക്ഷണങ്ങളുടെ കാലമായിരുന്നു. 

കുഞ്ഞാലിയുടെ വധവുമായി ബന്ധപ്പെട്ട് 1969ൽ ജൂലൈ 28ന് ആര്യാടൻ ജയിലിലായി. പിന്നീട് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. 1977ലെ തെരഞ്ഞെടുപ്പിലാണ് നിലമ്പൂരിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് എത്തുന്നത്. 1980ൽ എ ഗ്രൂപ്പ് ഇടത് മുന്നണിയിൽ എത്തി. പൊന്നാനിയിൽ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ച് തോറ്റു. ആ വർഷം എംഎൽഎ ആകാതെ ഇടത് മുന്നണി മന്ത്രിസഭയിൽ വനം – തൊഴിൽ മന്ത്രിയായി.

തുടർന്ന് ആര്യാടന് വേണ്ടി സി ഹരിദാസ് നിലമ്പൂരിൽ എംഎൽഎ സ്ഥാനം ഒഴിഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രനെ തോൽച്ചു. 1982ൽ ടി.കെ.ഹംസയോട് തോൽക്കുകയും ചെയ്തു. തുടർന്നിങ്ങോട്ട് 1987മുതൽ 2011വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും ആര്യാടനായിരുന്നു ജയം. 1995ൽ ആന്റണി മന്ത്രി സഭയിൽ തൊഴിൽ ടൂറിസം മന്ത്രിയായി. 2005ലും, 2001ലും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു. മലപ്പുറം ജില്ലയിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ പദ്ധതികൾ നടപ്പാക്കിയത് അദ്ദേഹമാണ്. ഉൾവനത്തിൽ ആദിവാസികൾ കോളനികളിലും വൈദ്യുതി എത്തിക്കാൻ മുൻകൈ എടുത്തു. 1980ൽ തൊഴിൽ മന്ത്രിയായിരിക്കെ തൊഴിൽരഹിത വേതനവും, കർഷക തൊഴിലാളി പെൻഷനും നടപ്പാക്കി. 2005ൽ വൈദ്യുതി മന്ത്രിയായിരിക്കെ ആർജിജിവൈ പദ്ധതിയിൽ മലയോരങ്ങളിൽ വൈദ്യുതി എത്തിച്ചു.

ആര്യാടൻ ഉണ്ണീന്റേയും കദിയുമ്മയുടേയും മകനായി 1935 മേയ് 15നാണ് ആര്യാടന്റെ ജനനം. നിലമ്പൂർ ഗവൺമെന്റ് മാനവേദൻ ഹൈസ്കൂളിൽ വിദ്യാഭ്യാസം. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. 1958ൽ കേരള പ്രദേശ് കമ്മിറ്റി മെമ്പറായ ആര്യാടൻ മുഹമ്മദ് 1959ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി. കോഴിക്കോട് ഡിസിസി സെക്രട്ടറി, കെപിസിസി അംഗം, കെപിസിസി സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. 

പി.വി.മറിയുമ്മയാണ് ഭാര്യ. മക്കൾ: അൻസാർ ബീഗം, ഷൗക്കത്ത് (നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ചെയർമാൻ, കെപിസിസി സംസ്കാര സാഹിതി അധ്യക്ഷൻ), കദീജ, ഡോ.റിയാസ് അലി. മരുമക്കൾ: ഡോ.ഹാഷിം ജാവേദ് , മുംതാസ് ബീഗം, ഡോ.ഉമ്മർ സിമി ജലാൽ. ‍

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com