

കൊച്ചി: ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ഉണ്ണികൃഷ്ണന്‍ പരാമര്‍ശ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് വക്താവ് ഡോ. ജിന്റോ ജോണ്‍. അവതാരകയുമായുള്ള തര്‍ക്കത്തിനിടയില്‍ ഉണ്ണികൃഷ്ണന്‍ എന്ന പേരുമായി സംഭവിച്ചത് ഒരു നാക്കുപിഴയാണ്. പറയാന്‍ ഉദ്ദേശിച്ച രീതിയിലല്ല വിഷയം അവതരിപ്പിക്കാന്‍ സാധിച്ചത് എന്നും ജിന്റോ വിശദീകരിക്കുന്നു. കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകള്‍ ഭഗവാന്‍ ശ്രീകൃഷ്ണനെ അപമാനിക്കുന്നതാണെന്ന് കാട്ടി ബിജെപി ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയുള്ള ജിന്റോയുടെ പ്രതികരണം.
ഞാന്‍ ഒരു ദൈവനിഷേധിയോ മതനിഷേധിയോ അല്ല. എന്നാല്‍ തെറ്റായിപ്പോയെന്ന് തനിക്ക് പോലും ബോധ്യപ്പെട്ട് ഒരു വാക്കിന്റെ മറപറ്റി ഒരിക്കലും മനസ്സില്‍ വിചാരിക്കാത്ത വര്‍ഗ്ഗീയ വിഷം പ്രചരിപ്പിക്കുന്നവരെ ശ്രദ്ധിക്കണം എന്നും ജിന്റോ പറയുന്നു. ഇത്തരം പ്രചാരണം നടത്തുന്നവരുടെ ലക്ഷ്യം വര്‍ഗ്ഗീയതയാണ്. അവര്‍ക്ക് ഒരവസരം കൊടുത്തുകൂടാ എന്ന് കരുതിയാണ് വിശദീകരണം എന്നും ജിന്റോ പോസ്റ്റില്‍ പറയുന്നു.
സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ അപവാദ പ്രചാരണവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയിലായിരുന്നു ജിന്റോയുടെ വിവാദ പരാമര്‍ശം. 'കേരളത്തില്‍ അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പൊതുവായി പറയുന്ന പേര് ഉണ്ണികൃഷ്ണന്‍' എന്നായിരുന്നു വാക്കുകള്‍. വിഷയം ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.
പോസ്റ്റ് പൂര്‍ണരൂപം-
ഇന്നലത്തെ ഒരു മാധ്യമ ചര്‍ച്ചയില്‍ അവതാരകയുമായുള്ള തര്‍ക്കത്തിനിടയില്‍ ഉണ്ണികൃഷ്ണന്‍ എന്ന പേരുമായി
ബന്ധപ്പെട്ടുള്ള കാര്യത്തില്‍ എനിക്കൊരു നാക്കുപിഴ സംഭവിച്ചു പോയതില്‍ ഖേദമുണ്ട്. ഞാന്‍ പറയാന്‍ ഉദ്ദേശിച്ച രീതിയിലല്ല അതെനിക്ക് അവതരിപ്പിക്കാന്‍ സാധിച്ചത്. പറഞ്ഞു വന്നപ്പോള്‍ പറയാന്‍ ഉദ്ദേശിച്ചതില്‍ നിന്നും മാറ്റമുണ്ടായി. അതുകൊണ്ട് തന്നെ ആ വാക്ക് പ്രയോഗത്തില്‍ ചിലര്‍ക്ക് വിഷമമുണ്ടായതായി അറിയുന്നു. എന്റെ മാത്രം വാക്കുപിഴയില്‍ പാര്‍ട്ടിയല്ല ഞാനാണ് തിരുത്തേണ്ടത്. എന്റെ പ്രവര്‍ത്തിയുടെയോ വാക്കുകളുടെയോ പേരില്‍ യാതൊരു വിധത്തിലും പാര്‍ട്ടി തെറ്റിദ്ധരിക്കപ്പെടാനും പാടില്ല. ആയതിനാല്‍ മനപ്പൂര്‍വ്വമല്ലാത്ത ആ വാക്കുകളില്‍ വിഷമം തോന്നിയവര്‍ എന്നോട് ക്ഷമിക്കണം.
ഞാന്‍ ഒരു ദൈവനിഷേധിയോ മതനിഷേധിയോ അല്ലെന്ന് എന്റെ ജീവിത വ്യവഹാരങ്ങളിലൂടെ ബോധ്യപ്പെടാത്തവരെ തൃപ്തിപ്പെടുത്താന്‍ എനിക്കാവില്ല. എന്നാലും എനിക്കും തെറ്റായിപ്പോയെന്ന് ബോധ്യപ്പെട്ട ഒരു വാക്കിന്റെ മറപറ്റി ഞാന്‍ ഒരിക്കലും മനസ്സില്‍ വിചാരിക്കാത്ത വര്‍ഗ്ഗീയ വിഷം പ്രചരിപ്പിക്കുന്നവരെ ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ ലക്ഷ്യം വര്‍ഗ്ഗീയതയാണ് ഞാനല്ലല്ലോ. അവര്‍ക്ക് ഒരവസരം കൊടുത്തുകൂടാ എന്ന് കരുതിയാണ് ഈ വാക്കുകള്‍ കുറിക്കുന്നത്. ഇതിലെ സത്യസന്ധത ബോധ്യപ്പെടുമെന്ന് കരുതുന്നു.
അപ്പോഴും ഞാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കാര്യങ്ങളില്‍ മാറ്റമില്ലാതെ ഉറച്ചു നില്‍ക്കുക കൂടിയാണ്. സിപിഎം നിര്‍മ്മിച്ചു നല്‍കുന്ന വാദങ്ങള്‍ പ്രചരണത്തിന് ഉപയോഗിക്കുന്ന ബിജെപിയുടെ ആശങ്ക ഇക്കാര്യത്തില്‍ മുഖവിലക്ക് എടുക്കുന്നുമില്ല. പറയാനുള്ളത് പറഞ്ഞു കൊണ്ടേയിരിക്കും. തെറ്റുപറ്റിയെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്താനും മടിയില്ല. സിപിഎമ്മിനും ബിജെപിക്കും എന്നോട് സ്വഭാവികമായി ഉണ്ടാകുന്ന പ്രയാസം മനസ്സിലാക്കുന്നു. എന്നാലും മനുഷ്യര്‍ക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങളെ ദൂരീകരിക്കാന്‍ മാത്രമാണ് ഈ കുറിപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
