50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; കോര്‍പ്പറേഷന്‍ ബില്‍ഡിങ് ഓഫീസര്‍ നടുറോഡില്‍ അറസ്റ്റില്‍

വിഎസിബിയുടെ നിര്‍ദ്ദേശപ്രകാരം കെമിക്കല്‍ മാര്‍ക്കറുകള്‍ പുരട്ടിയ കറന്‍സി നോട്ടുകള്‍ ഉപയോഗിച്ച് കൈക്കൂലി തുക കൈമാറാന്‍ പരാതിക്കാരനോട് പറഞ്ഞു
Corporation building officer arrested in the middle of the road for demanding Rs 50,000 bribe
സ്വപ്ന
Updated on
1 min read

കൊച്ചി: എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്‍സി സ്ഥാപന ഉടമയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിങ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. ഓപ്പറേഷന്‍ സ്പോട്ട് ട്രാപ്പിന്റെ ഭാഗമായി എറണാകുളം മധ്യമേഖല വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയില്‍ കോര്‍പ്പറേഷന്‍ വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് സെക്ഷന്‍ ഓവര്‍സിയറായ തൃശ്ശൂര്‍ മണ്ണുത്തി പൊള്ളന്നൂര്‍ സ്വദേശിനി സ്വപ്നയാണ് പിടിയിലായത്.

ഇന്നലെ വൈകുന്നേരം 5-ന് വൈറ്റില വൈലോപ്പിള്ളി റോഡിലെ പൊന്നുരുന്നി അമ്പലത്തിനു സമീപം സ്വന്തം കാറില്‍ ഇവര്‍ പണം വാങ്ങാന്‍ എത്തിയപ്പോഴാണ് വിജിലന്‍സ് സംഘം കാര്‍ വളഞ്ഞ് പിടികൂടിയത്.

ജനുവരിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി പരാതിക്കാരന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്ന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്പി എസ്. ശശിധരന്‍ പറഞ്ഞു. സാധുവായ കാരണമില്ലാതെ സ്വപ്ന അപേക്ഷ തടഞ്ഞുവെച്ചെന്നാണ് ആരോപണം. അപേക്ഷയ്ക്കായി വീണ്ടും സമീപിപിച്ചപ്പോള്‍ ഫയല്‍ നീക്കത്തിന് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പാരിക്കാരന്‍ സമീപിക്കുകയായിരുന്നുവെന്നും എസ്പി പറഞ്ഞു.

വിഎസിബിയുടെ നിര്‍ദ്ദേശപ്രകാരം കെമിക്കല്‍ മാര്‍ക്കറുകള്‍ പുരട്ടിയ കറന്‍സി നോട്ടുകള്‍ ഉപയോഗിച്ച് കൈക്കൂലി തുക കൈമാറാന്‍ പരാതിക്കാരനോട് പറഞ്ഞു. തുടര്‍ന്ന് കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്നയെ പിടികൂടുകയായിരുന്നു. ഉദ്യോഗസ്ഥയെ പിന്നീട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കൈക്കൂലി കേസില്‍ വിഎസിബി പിടിക്കുന്ന കൊച്ചി കോര്‍പ്പറേഷനില്‍ നിന്നുള്ള എട്ടാമത്തെ ഉദ്യോഗസ്ഥയാണ് സ്വപ്ന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com