

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് 19 സാമ്പിള്‍ പരിശോധനകളുടെ എണ്ണം രണ്ട് കോടി (2,00,55,047) കഴിഞ്ഞു. ആര്‍.ടി.പി.സി.ആര്‍. 69,28,572, ആന്റിജന്‍ 1,23,81,380, വിമാനത്താവള നിരീക്ഷണ സാമ്പിള്‍ 77321, സിബി നാറ്റ് 71,774, ട്രൂനാറ്റ് 5,75,035, പി.ഒ.സി.ടി. പി.സി.ആര്‍. 9691, ആര്‍.ടി. ലാമ്പ് 11,274 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്.
ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത 2020 ജനുവരി 30ന് ആലപ്പുഴ എന്‍ഐവിയില്‍ മാത്രമുണ്ടായിരുന്ന കോവിഡ് പരിശോധനാ സംവിധാനം ഇപ്പോള്‍ സംസ്ഥാനം മുഴുവന്‍ ലഭ്യമാണ്. സംസ്ഥാനത്തെ 2667 പരിശോധനാ കേന്ദ്രങ്ങളിലാണ് കോവിഡ് പരിശോധനകള്‍ നടത്തുന്നത്. 1633 സര്‍ക്കാര്‍ ലാബുകളിലും 1034 സ്വകാര്യ ലാബുകളിലുമാണ് കോവിഡ് പരിശോധനാ സൗകര്യമുള്ളത്.
89 ലാബുകളില്‍ ആര്‍.ടി.പി.സി.ആര്‍, 30 ലാബുകളില്‍ സിബി നാറ്റ്, 83 ലാബുകളില്‍ ട്രൂനാറ്റ്, 2465 ലാബുകളില്‍ ആന്റിജന്‍ എന്നിങ്ങനെ പരിശോധനകളാണ് നടത്തുന്നത്. 10 മൊബൈല്‍ ലാബുകള്‍ മുഖേനയും കോവിഡ് പരിശോധന നടത്തുന്നുണ്ട്. ഇതുകൂടാതെ 4 മൊബൈല്‍ ലാബുകള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകുന്നതാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
കോവിഡ് കാലത്ത് വലിയ സേവനം നടത്തിയവരാണ് ലാബ് ജീവനക്കാരെന്ന് മന്ത്രി പറഞ്ഞു. രാവും പകലുമില്ലാതെ 24 മണിക്കൂറും ഷിഫ്റ്റടിസ്ഥാനത്തില്‍ പി.പി.ഇ. കിറ്റുമിട്ട് സേവനമനുഷ്ഠിക്കുന്നവരാണവര്‍. തുടക്കത്തില്‍ 100ന് താഴെ മാത്രമുണ്ടായിരുന്ന പ്രതിദിന പരിശോധനകളുടെ എണ്ണം ഒന്നര ലക്ഷത്തിന് മുകളില്‍ വരെ ഉയര്‍ത്താനായത് ഇവരുടെ ആത്മാര്‍ത്ഥ പരിശ്രമം കൊണ്ടാണ്.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കൂട്ടപരിശോധനയുടെ ഭാഗമായി പരിശോധനകള്‍ തുടര്‍ച്ചയായി ഒരുലക്ഷത്തിന് മുകളില്‍ വര്‍ധിപ്പിച്ചു. കഴിഞ്ഞ മേയ് അഞ്ചിനാണ് (1,63,321) ഏറ്റവുമധികം പരിശോധനകള്‍ നടത്തിയത്. കോവിഡ് വ്യാപനമുണ്ടായ സമയത്തെല്ലാം വിശ്രമമില്ലാതെ ആരോഗ്യ വകുപ്പിനോടൊപ്പം നിന്നു പ്രവര്‍ത്തിച്ച എല്ലാ ജീവനക്കാരേയും ഈ സന്ദര്‍ഭത്തില്‍ അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
പരിശോധനാ കിറ്റുകള്‍ തീര്‍ന്ന് മറ്റുപല പ്രദേശങ്ങളും പ്രതിസന്ധിയിലായപ്പോഴും കേരളം വളരെ കരുതലോടെയാണ് മുന്നോട്ട് പോയത്. അതിനാല്‍ തന്നെ സംസ്ഥാനത്ത് ഒരു സമയത്തും ടെസ്റ്റ് കിറ്റിന് ക്ഷാമം നേരിട്ടില്ല. പരിശോധയുടെ കാര്യത്തില്‍ ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യണ്‍ എന്ന ശാസ്ത്രീയ മാര്‍ഗമാണ് കേരളം അവലംബിച്ചത്. കേസുകള്‍ കൂടുന്നതനുസരിച്ച് പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിച്ചു. അതനുസരിച്ച് രോഗികളേയും സമ്പര്‍ക്കത്തിലുള്ളവരേയും കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ സാധിച്ചു.
തുടക്കത്തില്‍ സര്‍ക്കാര്‍ ലാബുകളില്‍ മാത്രമുണ്ടായിരുന്ന കോവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ക്കും അനുമതി നല്‍കുകയും സര്‍ക്കാര്‍ നിരക്ക് നിശ്ചയിക്കുകയും ചെയ്തു. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായതോടെ പരിശോധനാ നിരക്കുകള്‍ കുറച്ചു.
ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 500 ആക്കി കുറച്ചു. ഇപ്പോള്‍ 26 സര്‍ക്കാര്‍ ലാബുകളിലും 63 സ്വകാര്യ ലാബുകളിലുമാണ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കുള്ള സൗകര്യമുള്ളത്. സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കോവിഡ് പരിശോധിക്കാനുള്ള സൗകര്യമൊരുക്കി. സര്‍ക്കാര്‍ ലാബുകളില്‍ കോവിഡ് പരിശോധന തികച്ചും സൗജന്യമാണ്. വിദേശത്ത് നിന്നും വരുന്നവര്‍ക്ക് എയര്‍പോര്‍ട്ടിലെ പരിശോധനയും സൗജന്യമാണ്.
ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് കോവിഡ് സര്‍വയലന്‍സിന്റെ ലാബ് സര്‍വയലന്‍സ് ആന്റ് റിപ്പോര്‍ട്ടിംഗ് ടീം ആണ് സംസ്ഥാനത്തെ കോവിഡ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. സര്‍ക്കാര്‍ ലാബുകളിലേയും സ്വകാര്യ ലാബുകളിലേയും പരിശോധനകള്‍ ഏകീകൃത ഓണ്‍ലൈന്‍ സംവിധാനമായ ലബോറട്ടറി ഡയഗ്‌നോസിസ് ആന്റ് മാനേജ്മെന്റ് സിസ്റ്റം (എല്‍.ഡി.എം.എസ്.) പോര്‍ട്ടല്‍ വഴിയാണ് ഏകോപിപ്പിക്കുന്നത്. ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമും സ്റ്റേറ്റ് കോവിഡ് കണ്‍ട്രോള്‍ റൂമും ഇത് ക്രോഡീകരിക്കുന്നു. മൊബൈലിലൂടെ പരിശോധനാ ഫലം ജനങ്ങള്‍ക്ക് നേരിട്ടറിയാനുള്ള സംവിധാനവും ലഭ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates