

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ ഏകപക്ഷീയ പരാമർശത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഉപനേതൃസ്ഥാനം സിപിഎമ്മിന് തന്നെയെന്ന് പിണറായി പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ പദവിക്കും രാഷ്ട്രീയ പക്വതയ്ക്കും നിരക്കുന്നതല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. മുന്നണിയിലെ തർക്കവിഷയങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കേണ്ടതിന് പകരം പരസ്യമായി പ്രഖ്യാപിക്കുന്നത് എൽഡിഎഫിന്റെ രാഷ്ട്രീയ സംസ്കാരത്തിന് ചേർന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് സിപിഐയും സിപിഎമ്മും തമ്മിൽ കഴിഞ്ഞ കുറേക്കാലമായി ചർച്ചകൾ നടന്നുവരികയാണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. ഇരുപാർട്ടികളുടെയും സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങൾ ഈ ചർച്ചകളിൽ പങ്കാളികളാണ്. അത്തരമൊരു തർക്കവിഷയത്തിൽ എൽഡിഎഫ് ചെയർമാൻ കൂടിയായ പിണറായി വിജയൻ ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിച്ചത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും അവകാശമില്ലെന്നും ആ അവകാശം പാർട്ടിക്ക് മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭാ സ്പീക്കർക്ക് കത്ത് നൽകിയാൽ പ്രതിപക്ഷ ഉപനേതാവിനെ നിശ്ചയിക്കാമെന്നും, ആ കത്തിൽ ഉണ്ടാകുക സിപിഎം നേതാവിന്റെ പേരായിരിക്കുമെന്നതിൽ സംശയമില്ലെന്നുമായിരുന്നു പിണറായി വിജയൻ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്. സിപിഐ ഉന്നയിച്ച അവകാശവാദത്തെ തള്ളിക്കളഞ്ഞ പിണറായി, സിപിഐയെ പറഞ്ഞ് ബോധ്യപ്പെടുത്തുമെന്നും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്. എൽ.ഡി.എഫിലെ രണ്ടാമത്തെ വലിയ ഘടകകക്ഷിയായ സി.പി.ഐ ഉന്നയിക്കുന്ന ആവശ്യത്തെ തള്ളിക്കളഞ്ഞ് മുന്നോട്ടുപോകാനാവില്ലെന്നും ഉഭയകക്ഷി ചർച്ചയിലൂടെ മാത്രമേ അന്തിമ തീരുമാനമെടുക്കാവൂ എന്നും പാർട്ടി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates