

തൃശൂർ: നാട്ടിക എംഎൽഎ സിസി മുകുന്ദൻറെ രാജി വാർത്ത തള്ളി സിപിഐ. മുകുന്ദൻ രാജിവെച്ചതായി അറിയില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെജി ശിവാനന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ മണ്ഡലം സെക്രട്ടറിയെ വിളിച്ച് അന്വേഷിച്ചെന്നും മുകുന്ദന്റെ രാജിക്കത്ത് ലഭിച്ചിട്ടില്ല എന്നാണ് മറുപടി ലഭിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
''സിസി മുകുന്ദൻ പാർട്ടി നേതാവും എംഎൽഎയും ആണ്. അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ ഗൗരവമായി പാർട്ടി പരിശോധിക്കും. വായുവിലൂടെ വരുന്ന വിവരങ്ങൾ വെച്ചുകൊണ്ട് നടപടികൾ ഉണ്ടാവില്ല. കാര്യങ്ങൾ പാർട്ടിക്കുള്ളിൽ എത്തുമ്പോഴാണ് ചർച്ചചെയ്യുകയും നടപടി എടുക്കുകയും ചെയ്യുക'' ശിവാനന്ദൻ പറഞ്ഞു. അതേസമയം, മുൻ എം എൽ എ ഗീതാഗോപിയെക്കുറിച്ചുള്ള ആരോപണങ്ങളും ജില്ലാ സെക്രട്ടറി നിഷേധിച്ചു.
''ജനങ്ങൾക്ക് അറിയാവുന്ന നേതാവാണ് ഗീത, രണ്ടു തവണ നാട്ടികയിൽ നിന്ന് എംഎൽഎയായ ഗീതാ ഗോപിയെ കുറിച്ച് നാളിതുവരെ സാമ്പത്തിക ആരോപണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല'' ശിവാനന്ദൻ വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണയം നടത്തുന്നത് സംസ്ഥാന കമ്മിറ്റിയാണ്. സ്ഥാനാർത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും ശിവാനന്ദൻ പറഞ്ഞു. സിസി മുകുന്ദൻ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രമായി മത്സരിക്കും എന്ന വാർത്തകളെയും ജില്ലാ സെക്രട്ടറി തള്ളി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates