കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ സിപിഎമ്മിനുള്ള പങ്കാളിത്തം സുവ്യക്തമായി തെളിഞ്ഞു വരികയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. രാമനാട്ടുകര അപകടമരണത്തെത്തുടര്‍ന്ന് പുറത്തുവന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ, കള്ളക്കടത്തു സംഘം സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സംഘമാണെന്ന് താന്‍ പറഞ്ഞിരുന്നു. അത് ശരിവെക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധപ്പെട്ടു നടത്തുന്ന അന്വേഷണം ഇപ്പോള്‍ വഴിതിരിച്ചു വിട്ടുകൊണ്ടിരിക്കുകയാണ്. കേസില്‍ പങ്കാളികളായ പലരും സിപിഎമ്മിന്റെ പ്രവര്‍ത്തകരോ നേതാക്കളോ ആണ് എന്നുള്ളതു കൊണ്ടാണെന്നും സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സ്വര്‍ണക്കടത്തിന് നേതൃത്വം നല്‍കുന്നത് സിപിഎമ്മിന്റെ സജീവ ക്രിമിനല്‍ സംഘങ്ങള്‍ തന്നെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേസ് സിപിഎമ്മിലേക്ക് എത്തുമെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ മുന്‍കൂര്‍ ജാമ്യം എന്ന നിലയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുമെന്നാണ് ജയരാജന്‍ പറഞ്ഞത്. എന്നാല്‍ ക്വട്ടേഷന്‍ സംഘങ്ങളെല്ലാം സിപിഎമ്മുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇതില്‍പ്പെട്ട പലരുടെയും ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സിപിഎമ്മിന്റെ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്നതും, റെഡ് വളണ്ടിയര്‍ യൂണിഫോം ധരിച്ചു നില്‍ക്കുന്നതുമായ ചിത്രങ്ങളടക്കം പുറത്തുവന്നു. പാര്‍ട്ടിയുമായി ബന്ധമില്ലെങ്കില്‍, അവര്‍ എങ്ങനെയാണ് റെഡ് വാളണ്ടിയര്‍ വേഷം ധരിക്കുകയും പാര്‍ട്ടിയുടെ റൂട്ട് മാര്‍ച്ചില്‍ പങ്കെടുക്കുകയും ചെയ്യുന്നതെന്ന് സുരേന്ദ്രന്‍ ചോദിച്ചു.
സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണി അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ ഒരു ഉന്നത സിപിഎം നേതാവിന്റെയാണ്. കാര്‍ മാറ്റിയത് സിപിഎം നേതാക്കളുടെ അറിവോടെയാണ്. കസ്റ്റംസ് പിടിക്കുമെന്നുറപ്പായപ്പോഴാണ് പൊലീസിന്റെ കൂടി സഹായത്തോടെ കാര്‍ മാറ്റിയത്. പൊലീസ് കസ്റ്റംസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്തിലെ പണം സഹകരണ സ്ഥാപനങ്ങള്‍ വഴി നിക്ഷേപിക്കുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് മനസ്സിലായിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
