

കണ്ണൂർ: കടന്നൽ കുത്തിയിട്ടാണോ വെള്ളേരി മോഹനൻ്റെ തലയോട്ടി പിളർന്നതെന്ന് മുസ്ലീം ലീഗ് നേതൃത്വം മറുപടി പറയണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. കണ്ണൂർ ജില്ലാ ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കരീം ചേലേരിയുടെ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും ഇതു പിൻവലിക്കണമെന്നും കെകെ രാഗേഷ് വ്യക്തമാക്കി. തളിപ്പറമ്പ് അരിയിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് 13 വർഷക്കാലം ചികിത്സയിലിരുന്നതിനു ശേഷം ദാരുണമായി മരണമടഞ്ഞ മോഹനനെ ലീഗ് നേതൃത്വം അധിക്ഷേപിച്ചു. കൊന്നിട്ടും പക തീരാത്തതു കൊണ്ടാണ് ലീഗ് അധിക്ഷേപം തുടരുന്നതെന്നും രാഗേഷ് പ്രതികരിച്ചു.
മോഹനന്റെ മരണം രാഷ്ട്രീയ ആക്രമണവുമായി ബന്ധപ്പെട്ടല്ലെന്നു കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. കടന്നൽ കുത്തേറ്റാണ് മോഹനൻ മരിച്ചത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനെതിരെയാണ് രാഗേഷ് രംഗത്തെത്തിയത്.
മരണത്തെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി സിപിഎം ഉപയോഗിക്കുകയാണ്. പാർട്ടി അണികളെ ലക്ഷ്യമിട്ട് സിപിഎം വൈകാരിക പ്രചാരണം നടത്തുകയാണെന്നും ലീഗ് ആരോപിച്ചിരുന്നു. പിന്നാലെയാണ് രാഗേഷ് രൂക്ഷമായ ഭാഷയിൽ തിരിച്ചടിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
