

തിരുവനന്തപുരം: ലഹരിക്കേസിൽ അകപ്പെട്ട് പിന്നീട് കോടതിയിൽ നിന്ന് പൂർണ്ണമായി കുറ്റവിമുക്തനായ ശേഷവും ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കി നൽകാൻ തയാറാകാതെ സിപിഎം . പാർട്ടി അംഗത്വം പുനഃസ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് ബിനീഷ് നൽകിയ അപേക്ഷ സി.പി.എം നേതൃത്വം തുടർച്ചയായി നാല് തവണയാണ് നിരസിച്ചത്. സിപിഎം മുൻ സംസ്ഥാന സെക്രട്ടറി അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ മകൻ കൂടിയായ ബിനീഷിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടും പാർട്ടിയിൽ നിന്ന് നിരന്തരം മാറ്റിനിർത്തുന്നതിനെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ചോദ്യങ്ങളും വിമർശനങ്ങളും ഉയർന്നു.
കഴിഞ്ഞ 2020 ഒക്ടോബറിലാണ് ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ബിനീഷ് കോടിയേരി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലാകുന്നത്. ഇത് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതായുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ 2020-ൽ തന്നെ ബിനീഷിന്റെ പ്രാഥമിക അംഗത്വം സിപിഎം ഔദ്യോഗികമായി മരവിപ്പിക്കുകയായിരുന്നു. അതിനു മുൻപ് 2001 മുതൽ 2020 വരെ തുടർച്ചയായി രണ്ട് പതിറ്റാണ്ടോളം ബിനീഷിന് പാർട്ടിയിൽ അംഗത്വമുണ്ടായിരുന്നു. പിന്നീട് നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ 2023 ഒക്ടോബറിലാണ് കർണ്ണാടക ഹൈക്കോടതി ബിനീഷിനെ ഈ കേസിൽ നിന്നും പൂർണ്ണമായും കുറ്റവിമുക്തനാക്കി ഉത്തരവിട്ടത്.
സംസ്ഥാന നേതൃത്വത്തിന് മുന്നിൽ നാല് അപേക്ഷകൾ; മൗനം പാലിച്ച് പാർട്ടി
കോടതി പൂർണ്ണമായി കുറ്റവിമുക്തനാക്കിയതോടെ പാർട്ടി അംഗത്വം തിരികെ ലഭിക്കുന്നതിനായി സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വഴി ബിനീഷ് കോടിയേരി നാലു തവണയാണ് സംസ്ഥാന നേതൃത്വത്തിന് ഔദ്യോഗികമായി കത്ത് നൽകിയത്. എന്നാൽ സംസ്ഥാന കമ്മിറ്റിയും ലഭ്യമായ ഉന്നത ഘടകങ്ങളും ഈ അപേക്ഷകളിൽ അനുകൂലമായ യാതൊരു തീരുമാനവും കൈക്കൊള്ളാതെ തുടർച്ചയായി തള്ളിക്കളയുകയായിരുന്നു. ബിനീഷ് കേസിൽപ്പെട്ട ഘട്ടത്തിൽ പാർട്ടിയുടെ പ്രതിച്ഛായ കാക്കാൻ കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറിനിന്നിരുന്നു. തുടർന്ന് കുടുംബം സ്വന്തം നിലയിലാണ് വലിയ നിയമപോരാട്ടം നടത്തി ബിനീഷിനെ പുറത്തെത്തിച്ചത്.
കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ ഈ വിഷയം ഉയർന്നുവന്നു. രാജ്യത്തെ പരമോന്നത നീതിന്യായ വ്യവസ്ഥിതി ബിനീഷ് കോടിയേരി നിരപരാധിയാണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടും പാർട്ടി എന്തുകൊണ്ടാണ് അദ്ദേഹത്തെ ഇപ്പോഴും മാറ്റിനിർത്തുന്നത് എന്ന ചോദ്യം ഒരു വിഭാഗം ജില്ലാ നേതാക്കൾ ശക്തമായി ഉന്നയിച്ചു. കോടിയേരി ബാലകൃഷ്ണന്റെ മകനായതുകൊണ്ട് മാത്രം വേട്ടയാടപ്പെടുകയാണോ എന്ന വികാരവും യോഗത്തിൽ ഉയർന്നു. എന്നാൽ ഈ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ, വിഷയം സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയിലാണെന്നും ഇതേക്കുറിച്ച് കൂടുതൽ ആലോചിച്ച് പിന്നീട് തീരുമാനമെടുക്കാമെന്നു മാത്രമാണ് സംസ്ഥാന സെക്രട്ടറി എം വ. ഗോവിന്ദൻ മറുപടി നൽകിയത്. വരും ദിവസങ്ങളിൽ സിപിഎമ്മിനുള്ളിൽ ഈ വിഷയംആഭ്യന്തര തർക്കങ്ങൾക്ക് വഴിതുറക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates