

തിരുവനന്തപുരം: നികുതി വെട്ടിച്ചു രാജ്യത്തേയ്ക്ക് കടത്തിയ ഏകദേശം 16 ടണ്‍ സിഗരറ്റുകള്‍ നശിപ്പിക്കാനുള്ള നടപടികള്‍ കസ്റ്റംസ് വകുപ്പ് ആരംഭിച്ചു. വകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നീക്കങ്ങളിലൊന്നാണ് ഇത്.ഏകദേശം 17.43 കോടി രൂപ വിപണി മൂല്യമുള്ള ലഹരി വസ്തുക്കളാണ് പിടികൂടിയത്. സിമന്റ് ഫാക്ടറിയിലെ ഉയര്‍ന്ന താപനിലയുള്ള ചൂളയിലാണ് ഇത് നശിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മലബാര്‍ മേഖലയില്‍ നിന്ന് പിടിച്ചെടുത്ത 1.07 കോടി സിഗരറ്റ് കുറ്റികളാണ്(sticks) നശിപ്പിക്കുന്നത്. മധ്യകേരളത്തിലെ ഒരു സിമന്റ് ഫാക്ടറിയില്‍ രഹസ്യമായാണ് ഇത് നശിപ്പിക്കുന്നത്. ഇത് പൂര്‍ത്തിയാവാന്‍ ഏകദേശം 30 ദിവസമെടുക്കുമെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നത്.
ഓരോ ദിവസവും 500 കിലോ സിഗരറ്റുകള്‍ വീതമാണ് നശിപ്പിക്കുന്നത്. മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. '500 മുതല്‍ 1,000 കിലോഗ്രാം വരെ ഭാരമുള്ള ചെറിയ അളവിലുള്ള സിഗരറ്റുകള്‍ ഞങ്ങള്‍ ഇടയ്ക്കിടെ നശിപ്പിക്കാറുണ്ട്. എന്നാല്‍ ഇത്തവണ നശിപ്പിക്കേണ്ട കള്ളക്കടത്തിന്റെ അളവ് വളരെ വലുതാണ്,'- കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു.
നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ വഴി കടത്തിയതോ അല്ലെങ്കില്‍ ഇവിടെ നിര്‍മ്മിച്ചതോ ആണ് പിടിച്ചെടുത്ത സിഗരറ്റുകള്‍. 'മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കാലാവധി കഴിഞ്ഞ സിഗരറ്റുകള്‍ വാങ്ങി വിദേശ ബ്രാന്‍ഡുകളായി വീണ്ടും പായ്ക്ക് ചെയ്യുന്ന രീതി നിലവിലുണ്ട്. ഇറക്കുമതി ചെയ്ത സാധനങ്ങളാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഉടമകള്‍ കാണിക്കാത്തതിനാല്‍, ഞങ്ങള്‍ അവയെ കള്ളക്കടത്തായി കണക്കാക്കുന്നു'- കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞു.
അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാജ സിഗരറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രവണതയും ഉണ്ട്. നശിപ്പിക്കാനായി അയച്ച ചരക്കുകളില്‍ ഇത്തരം സിഗരറ്റുകളും വിദേശത്ത് നിന്ന് കള്ളക്കടത്ത് നടത്തിയവയും ഉള്‍പ്പെടുന്നുവെന്നും കസ്റ്റംസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാണ് കള്ളക്കടത്ത് നശിപ്പിക്കുന്നത്. ഈ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളില്‍ നിന്ന് വിപണി നിരക്ക് അനുസരിച്ച് പിഴ ഈടാക്കും. നികുതി വെട്ടിച്ച ഒരു സിഗരറ്റ് കുറ്റി നിയമവിരുദ്ധമായി വില്‍ക്കുന്നത് വഴി ഉല്‍പ്പാദച്ചെലവിന്റെ ആറിരട്ടി വരെ ലാഭമാണ് ഇവര്‍ നേടുന്നതെന്നും കസ്റ്റംസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
രണ്ട് ട്രക്കുകളിലായി സിമന്റ് ഫാക്ടറിയിലേക്ക് ചരക്കുകള്‍ കൊണ്ടുപോകുന്നതിന് ഏകദേശം 5 ലക്ഷം രൂപ ചെലവഴിക്കേണ്ടിവന്നു. തുടര്‍ച്ചയായ ഈ പ്രക്രിയ കസ്റ്റംസിന് സാമ്പത്തിക ബാധ്യത വരുത്തിവച്ചിരിക്കുകയാണ്. കള്ളക്കടത്ത് നശിപ്പിക്കുന്നതിന് ഫാക്ടറിക്ക് ഓരോ ദിവസവും 5000 രൂപ വീതം നല്‍കേണ്ടി വരുമെന്നും കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates