എസ് ജയചന്ദ്രന്‍ നായര്‍- വാക്കുകളുടെ ധിഷണ, ഉള്ളില്‍ അനുഭവങ്ങളുടെ കടലിരമ്പം

വായന, എഴുത്ത്, ജീവിതം
S Jayachandran Nair- Reading, Writing, Life
എസ് ജയചന്ദ്രന്‍ നായര്‍
Updated on
3 min read

'കേരള കൗമുദി ഓഫീസിനടുത്തായിരുന്നു ഗോപാലകൃഷ്ണന്റെ മുറുക്കാന്‍ കട. അതിനു മുന്‍പില്‍ മൂന്നോ, നാലോ ടാക്‌സികള്‍. പരിചയക്കാരായ ആരെയെങ്കിലും അവിടെ കണ്ടുമുട്ടുന്നത് പതിവായിരുന്നു. ഒന്നോ രണ്ടോ വാക്കുകളില്‍ കുശലാന്വേഷണം പരിമിതപ്പെടുത്തിയ ശേഷം നടക്കുന്നതിനിടയില്‍ ഞാന്‍ തിരിഞ്ഞു നോക്കിയിരുന്നു. എന്നെ കാത്ത് ഒരാള്‍ നില്‍ക്കുകയാണെന്നു അപ്പോള്‍ എനിക്ക് അനുഭവപ്പെട്ടിരുന്നു.

ചിലപ്പോള്‍ പേരെടുത്തു വിളിക്കുമായിരുന്നു. അല്ലെങ്കില്‍ കൈകള്‍ കൊട്ടി ശബ്ദമുണ്ടാക്കുമായിരുന്നു. അരകൈയന്‍ ഷര്‍ട്ടും കള്ളിമുണ്ടും ധരിച്ച്, ചീകിയൊതുക്കാത്ത കറുപ്പും വെളുപ്പും കലര്‍ന്ന തലമുടിയുമായി അവശതയുടെ ആള്‍രൂപമായി നില്‍ക്കുന്ന ആ മനുഷ്യന്‍ എന്റെ ഗുരുവായിരുന്നു. പത്രപ്രവര്‍ത്തനത്തിന്റെ അക്ഷരമാല ഞാന്‍ പഠിച്ചത് ആ കാല്‍ക്കീഴിലിരുന്നാണ്.

അതിനു ശേഷം എത്ര വര്‍ഷങ്ങള്‍. കാലം എല്ലാത്തിനേയും അടിച്ചു തെറിപ്പിച്ച കൂട്ടത്തില്‍ കെ ബാലകൃഷ്ണനും (കൗമുദി ബാലകൃഷ്ണന്‍) ഓര്‍മയായി. ചിലരയെങ്കിലും ആ ഓര്‍മ വേദനിപ്പിക്കും. എന്തിനാണ് അതോര്‍ക്കുമ്പോള്‍ സങ്കടപ്പെടുന്നതെന്നു എന്നോടു ഞാന്‍ പലവട്ടം ചോദിച്ചിട്ടുണ്ട്. മറുപടി കിട്ടിയിട്ടില്ല. ജീവിതം അങ്ങനെയൊക്കെ ഉള്ളതായിരിക്കും!'

എസ് ജയചന്ദ്രന്‍ നായര്‍

ഗാന്ധിജിയെ വെടിവച്ച് കൊന്ന ദിവസം

മലയാള പത്രപ്രവര്‍ത്തന ലോകത്തെ അതികായരിലൊരാള്‍ കൂടി കടന്നു പോകുന്നു. ധിഷണയുടെ അസാമാന്യമായൊരു കാലം അടയാളപ്പെടുത്തിയാണ് എഴുത്തുകാരന്‍ കൂടിയായ എസ് ജയചന്ദ്രന്‍ നായര്‍ ഓര്‍മയാകുന്നത്. കണിശമായ സാമൂഹിക രാഷ്ട്രീയ പ്രതിബദ്ധത ഉപേക്ഷിക്കാന്‍ കൂട്ടാക്കാത്ത മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ അനുഭവങ്ങളുടെ ഒരു കടല്‍ തന്നെയുണ്ട് എസ് ജയചന്ദ്രന്‍ നായരുടെ ഉള്ളില്‍.

ഗാന്ധിജിയെ വെടിവച്ച കൊന്ന ദിവസം തനിക്ക് 9-10 വയസായിരുന്നുവെന്നു അദ്ദേഹം ഒരിക്കല്‍ എഴുതിയിട്ടുണ്ട്- 'അമ്മ ഉപയോഗിച്ചിരുന്ന കുട കീറി കറുത്ത ബാഡ്ജുണ്ടാക്കി ഉടുപ്പില്‍ കുത്തി മറ്റുള്ളവരോടൊപ്പം നടന്നത് ഗാന്ധിജിയെ വെടിവച്ചു കൊന്ന ദിവസമായിരുന്നുവെന്നത് ഞാന്‍ മറന്നിരുന്നില്ല. അന്നു വൈകീട്ട് നേരത്തെ വീട്ടില്‍ മടങ്ങി വന്ന അമ്മ പതിവു ചായ കുടിക്കാതെ രാത്രി ഉറങ്ങാതെ നേരം വെളുപ്പിച്ചതും ഗാന്ധിജിയോടുള്ള ആരാധന കൊണ്ടായിരുന്നുവെന്നു പിന്നീടാണ് ഞാന്‍ മനസിലാക്കിയത്.'

ചിരിക്കാന്‍ മറന്നു പോയവര്‍

ഒരു ജോലി ഇല്ലാതെ ജീവിക്കുക ദുഷ്‌കരമാണെന്നു കോളജില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ തിരിച്ചറിഞ്ഞു. കുടുംബത്തിന്റെ പശ്ചാത്തലമാണ് അത്തരമൊരു തിരിച്ചറിവിലേക്ക് നയിച്ചതെന്നു അദ്ദേഹം എഴുതി.

'ചെറിയ വരുമാനമുള്ള അമ്മയുടെ ജോലി. ആറ് സഹോദരിമാരും ഞാനും. ആ ഘട്ടത്തില്‍ എത്ര നിസാര തുകയും വിലപ്പെട്ടതായിരുന്നു. ഹൈസ്‌കൂള്‍, കോളജ് കാലം സ്റ്റുഡന്റ്‌സ് ഫെഡറേഷനും കമ്യൂണിസ്റ്റ് പാര്‍ട്ടിയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമെല്ലാം അക്കാലത്തെ ആവേശങ്ങളായിരുന്നുവെങ്കിലും അതിനെതിരെയുള്ള എതിര്‍പ്പിന്റെ ശബ്ദം നിശബ്ദമായി പ്രകടിപ്പിക്കുന്ന, ഒരു കുടുംബത്തെ പോറ്റാന്‍ ഓടിത്തളര്‍ന്ന അമ്മയുടെ മുന്‍പില്‍ അതെല്ലാം ഒന്നുമല്ലാതായി.'

'ഒരു ഗുമസ്തനാവുക ആ കാലത്ത് എളുപ്പമായിരുന്നു. ഒരു ശരാശരി ജീവിതം. ചിരിക്കാന്‍ മറന്നു പോയവര്‍. ചെറിയ സന്തോഷങ്ങള്‍ക്കു വേണ്ടി അന്യോന്യം മത്സരിച്ചിരുന്ന സഹോദരിമാര്‍. അപ്പോള്‍ ഒറ്റപ്പെടുക സ്വാഭാവികമായിരുന്നു. അതിനിടയില്‍ രക്ഷപ്പെടാന്‍, അല്ലെങ്കില്‍ ആശ്വാസവും ആനന്ദവും പ്രദാനം ചെയ്യാന്‍ പുസ്തകങ്ങള്‍ എന്ന കാത്തിരിക്കുകയായിരുന്നു.'

എത്രയെത്ര മനുഷ്യര്‍

കൈയില്‍ കിട്ടിയതെല്ലാം തുടക്ക കാലത്ത് വായിക്കാറുണ്ടെന്ന് അദ്ദേഹം ഓര്‍ക്കുന്നു. റഷ്യന്‍, ഫ്രഞ്ച് സാഹിത്യമായിരുന്നു കൂടുതല്‍ വായിച്ചിരുന്നത്. ടോള്‍സ്‌റ്റേയിയില്‍ നിന്നു ദസ്തയോവ്‌സ്‌കിയിലേക്ക് എത്തിയതിനെക്കുറിച്ചെല്ലാം അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബല്‍സാക്ക്, ജെയിംസ് ജോയ്‌സ്, മാഴ്‌സല്‍ പ്രൂസ്റ്റ് തുടങ്ങിയവരുടെ പുസ്തകങ്ങള്‍ ജീവിതം എത്രമാത്രം സങ്കീര്‍ണവും ദുരൂഹവുമാണെന്ന സത്യമാണ് ആവര്‍ത്തിച്ചോര്‍മിപ്പിക്കുന്നതെന്നു അദ്ദേഹം എഴുതി.

'ടോള്‍സ്‌റ്റോയിയില്‍ നിന്നു ഞാന്‍ ദസ്തയോവ്‌സ്‌കിയിലേക്ക് എത്തി. അപ്പോഴേക്കും ഒരുപാട് ഞാന്‍ യാത്ര ചെയ്തിരുന്നു. ജീവിതത്തിന്റെ കണാപ്പുറങ്ങളില്‍ ഒരു സ്‌നേഹിതനെപ്പോലെ എന്റെ കൈപിടിച്ചാനയിച്ച നോവലുകള്‍. അതോര്‍മിച്ച് ഞാന്‍ അന്ധാളിക്കാറുണ്ടായിരുന്നു. എത്രയെത്ര ഈശ്വരന്‍മാര്‍. അവര്‍ ജീവശ്വാസം നല്‍കിയ എത്രയെത്ര മനുഷ്യര്‍. അവരുടെ സങ്കടങ്ങള്‍. സന്തോഷങ്ങള്‍. പ്രതിസന്ധികളെ നേരിട്ട് ജയിക്കുകയും തോല്‍ക്കുകയും ചെയ്യുന്നവര്‍. ആ ലോകം എന്റെ ജീവിതമാകുകയായിരുന്നു. അതിലൂടെ എനിക്കു കിട്ടിയത് അസാധാരണ ധൈര്യമായിരുന്നു.'

വീക്കിലി ജേര്‍ണലിസമെന്ന ജീവിതം

ദിനപത്രങ്ങളില്‍ നിന്നു ആകസ്മികമായാണ് വീക്കിലി ജേര്‍ണലിസത്തിലേക്ക് എത്തിയതെന്നു അദ്ദേഹം ഓര്‍ത്തു.

'20 വര്‍ഷത്തോളം കലാ കൗമുദിയില്‍. അവിടെ നിന്നു സമകാലിക മലയാളത്തില്‍. ആ സ്ഥാപനങ്ങളില്‍ നിന്നു കൈയും വീശി ഇറങ്ങുമ്പോള്‍ മുന്നില്‍ നീണ്ടു നിവര്‍ന്നു കിടന്ന വിജനത ഭയപ്പെടുത്തിയതേ ഇല്ല. എന്തെന്നാല്‍ ഞാനൊന്നും മറന്നിരുന്നില്ല.'

'നമ്മുടെ ജീവിത സാഹചര്യങ്ങളില്‍ സംഭവിക്കുന്ന ഭയാനകവും എന്നാല്‍ അവിശ്വസനീയവുമായ മാറ്റങ്ങള്‍ പുതിയ കാലത്തെ പത്രപ്രവര്‍ത്തനത്തില്‍ പ്രതിഫലിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ നാം തയ്യാറാകേണ്ടിയിരിക്കുന്നു. കേള്‍ക്കുന്നതും കാണുന്നതും മാത്രം സത്യമെന്നു വിശ്വസിക്കുന്ന അവസ്ഥയിലാണ് നാമിപ്പോള്‍. മാധ്യമങ്ങളുടെ പങ്ക് അതു മാത്രമാണോ?'.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com