

കണ്ണൂർ: ഇടുക്കി പൈനാവ് എഞ്ചിനിയറിങ് കോളേജിൽ കുത്തേറ്റ് മരിച്ച എസ് എഫ് ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന് നാട് കണ്ണീരോടെ വിടചൊല്ലി. ധീരജിന്റെ മൃതദേഹം സംസ്‌കരിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംസ്‌കാരം നടത്തിയത്. തളിപ്പറമ്പ് തൃച്ചംബരം പാലകുളങ്ങര പട്ടപ്പാറയിലെ ധീരജിന്റെ വീടിന്റെ മതിലിനോടു ചേർന്ന് സിപിഎം വിലയ്ക്കു വാങ്ങിയ സ്ഥലത്താണ് അന്ത്യവിശ്രമം ഒരുക്കിയത്.
ധീരജിന്റെ സഹോദരൻ അദ്വൈത് ചിതയ്ക്കു തീ കൊളുത്തി. മാതാപിതാക്കളായ പുഷ്കലയെയും രാജേന്ദ്രനെയും അനുജൻ അദ്വൈതിനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാത്ത അവസ്ഥയിലായിരുന്നു നേതാക്കളും പ്രവർത്തകരും. മന്ത്രിമാരായ എം വി ഗോവിന്ദൻ, പി രാജീവ്, സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ, ഇ പി ജയരാജൻ കെ വി സുമേഷ്, ടി വി രാജേഷ് തുടങ്ങി നിരവധി നേതാക്കൾ സംസ്കാര ചടങ്ങുകൾക്ക് സാക്ഷിയായി.
അന്ത്യാഞ്ജലി അർപ്പിക്കാൻ രാത്രിയിലും വൻ ജനാവലി
സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിലും ധീരജ് പഠിച്ചിരുന്ന കോളേജിലും പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം വിലാപയാത്രയായി ഉച്ചയോടെ ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ട് പോയത്. രാത്രി 12.30ന് തളിപ്പറമ്പ് സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ എത്തിച്ചു. ആയിരക്കണക്കിന് നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ഇവിടെ ധീരജിനെ അവസാനമായി കാണാന്‍ എത്തിയിരുന്നു. ഇതിന് ശേഷം അന്തിമ കര്‍മങ്ങള്‍ ചെയ്യുന്നതിനായി വീട്ടിലെത്തിച്ച് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയായിരുന്നു.
ഇടുക്കിയില്‍ നിന്ന് തളിപ്പറമ്പ് വരെ വഴിനീളെ ആയിരക്കണക്കിനാളുകളും പാര്‍ട്ടി പ്രവര്‍ത്തകരും കാത്തുനിന്നു. പൊതുദർശനം നിശ്ചയിച്ചിരുന്ന ഓരോ കേന്ദ്രങ്ങളിലും ജനക്കൂട്ടം വിചാരിച്ചതിലും അതികമായി എത്തിയതോടെയാണ് അഞ്ച് മണിക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന സംസ്‌കാരം രാത്രി വൈകാന്‍ കാരണം. വഴി നീളെ കാത്തുനിന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചാണ് ധീരജിന് അന്തിമോപചാരം അര്‍പ്പിച്ചത്.
പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിട്ടുള്ളത്. ഇടുക്കി ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. പ്രതികളെ ഇന്നലെ വൈകിട്ട് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു.
തെളിവെടുപ്പിനും കൂടുതൽ അന്വേഷണങ്ങൾക്കുമായി ഇവരെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിൻറെ തീരുമാനം. ഇതിനായി കസ്റ്റഡി അപേക്ഷയും പൊലീസ് സമർപ്പിക്കും. സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. ഇപ്പോൾ അറസ്റ്റിലായവർ കൂടാതെ പൊലീസ് കസ്റ്റഡിയിലുള്ളത് രണ്ടുപേരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. നിഖിൽ പൈലിയും ജെറിൻ ജോജോയും കൂടാതെ കണ്ടാലറിയാവുന്ന നാലുപേരെ കൂടി എഫ് ഐ ആറിൽ പ്രതി ചേർത്തിട്ടുണ്ട്. ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിലാണ് ധീരജ് കൊല്ലപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates