

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയത്തിലെ കേസ് 2006 ല്‍ തന്നെ തള്ളേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി. പൊതു താല്‍പ്പര്യ ഹര്‍ജിക്കാര്‍ക്ക് പല അജന്‍ഡകളുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. ഒട്ടേറെ അജന്‍ഡകളോടെയുള്ള നിരവധി പൊതുതാല്‍പ്പര്യഹര്‍ജികള്‍ കോടതിയില്‍ വരാറുണ്ട്. പുറത്തുനിന്നുള്ള ആളുടെ ഹര്‍ജി എന്ന നിലയില്‍ അന്നു തന്നെ തള്ളാമായിരുന്നു എന്നാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.
കേസില്‍ ചില നിര്‍ണായക ചോദ്യങ്ങളും കോടതി ഉയര്‍ത്തി. മതപരമോ വിശ്വാസപരമോ ആയ കാര്യങ്ങളില്‍, ആ മതത്തിന് പുറത്തു നിന്നുള്ള ആള്‍ക്ക് ചോദ്യം ചെയ്യാനാകുമോ എന്ന റഫറന്‍സിന്മേലുള്ള വാദത്തിനിടെയാണ് ജസ്റ്റിസ് ബി വി നാഗരത്‌ന ചോദ്യങ്ങള്‍ ഉന്നയിച്ചത്. ശബരിമല യുവതീപ്രവേശന വിലക്ക് ചോദ്യം ചെയ്തുകൊണ്ട് റിട്ട് പെറ്റീഷന്‍ ആദ്യം നല്‍കിയത് അയ്യപ്പ വിശ്വാസികള്‍ ആരെങ്കിലും ആണോയെന്നാണ് ജസ്റ്റിസ് നാഗരത്‌ന ചോദിച്ചത്. അല്ലെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി.
അപ്പോള്‍ വിശ്വാസികളല്ലാത്തവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കേണ്ടതുണ്ടായിരുന്നോയെന്ന് കോടതി ചോദിച്ചു. അക്കാര്യത്തില്‍ ആദ്യം തന്നെ ഒരു തീരുമാനത്തിലെത്തണമായിരുന്നുവെന്നും ജസ്റ്റിസ് നാഗരത്‌ന അഭിപ്രായപ്പെട്ടു. അവിശ്വാസികളെ പരിഗണിക്കണോ?. ഇത്തരം ഹര്‍ജികള്‍ക്ക് കോടതിയില്‍ ഇനി ഇടം നല്‍കേണ്ടതുണ്ടോയെന്നും കോടതി നിരീക്ഷിച്ചു. യങ് ലോയേഴ്‌സ് അസോസിയേഷനാണ് ആദ്യ ഹര്‍ജി നല്‍കിയത്. അസോസിയേഷന് ശബരിമല ക്ഷേത്രവുമായോ, വിശ്വാസവുമായോ ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്.
ശബരിമലയിലെ യുവതീപ്രവേശന വിലക്ക് ലിംഗപരമായ വിവേചനമല്ല, മറിച്ച് അത് ആരാധനയുടെയും ആചാരത്തിന്റെയും ഭാഗമായിട്ടുള്ളതാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിലപാട് സ്വീകരിച്ചത്. അത് വിശ്വാസികള്‍ സ്വമേധയാ ചെയ്യുന്നതാണ്. അതില്‍ കോടതികള്‍ ഇടപെടേണ്ടതില്ല. ഹിന്ദു മതത്തിനു പുറമെ, ഇസ്ലാം മതത്തിലെ അടക്കം വിശ്വാസപരമായ കാര്യങ്ങള്‍ ഉദാഹരിച്ചുകൊണ്ടായിരുന്നു സോളിസിറ്റര്‍ ജനറല്‍ വാദിച്ചത്. മതപരമായ കാര്യത്തില്‍ കോടതിക്ക് എത്രത്തോളം ഇടപെടാനാകുമെന്ന റഫറന്‍സില്‍, ഇടപെടാനാകില്ലെന്നും കേന്ദ്രം നിലപാട് സ്വീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates