

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു പ്രോസിക്യൂഷന്‍. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുമെന്ന പ്രതീക്ഷിയില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടിഎ ഷാജി കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് നാളെ പരിഗണിക്കാനായി മാറ്റി.
അന്വേഷണം ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. നിരവധി തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇനിയും പ്രതികള്‍ക്ക് അറസ്റ്റില്‍നിന്നു സംരക്ഷണം നല്‍കരുത്. മുന്‍കൂര്‍ ജാമ്യത്തിനല്ല, റെഗുലര്‍ ജാമ്യത്തിനു പോലും പ്രതികള്‍ക്ക് അര്‍ഹതയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് ഈ കേസില്‍ നടക്കുന്നതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രതിയാണ് ഇവിടെ വ്യവസ്ഥകള്‍ നിര്‍ദേശിക്കുന്നത്. ഫോണുകള്‍ കൈവശമുണ്ട്, എന്നാല്‍ കൈമാറാനാവില്ലെന്നാണ് പ്രതി പറഞ്ഞത്. ഈ പ്രതിക്ക് എന്താണിത്ര പ്രത്യേകത? മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അതു തെറ്റായ കീഴ് വഴക്കം ആവുമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.
പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട ഏഴില്‍ ആറു ഫോണുകളും കോടതിക്കു കൈമാറിയെന്ന് ദിലീപിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള അറിയിച്ചു. 33 മണിക്കൂറാണ് ദിലീപ് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായത്. എന്നിട്ടും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പറയുന്നത്. മാധ്യമ വിചാരണയാണ് കേസില്‍ നടക്കുന്നതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.
ഫോണ്‍ അന്വേഷണ സംഘത്തിനു കൈമാറണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തു.
ഫോണുകള്‍ കൈമാറി
കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടേയും മൊബൈല്‍ ഫോണുകള്‍ ഹൈക്കോടതിക്ക് കൈമാറി. രാവിലെ 10.15 ന് മുമ്പായി ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് ഫോണുകള്‍ കൈമാറണമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്.
ദിലീപിന്റെ മൂന്നു ഫോണുകളും സഹോദരന്‍ അനൂപിന്റെ രണ്ടും സഹോദരീ ഭര്‍ത്താവ് സുരാജിന്റെ ഒരു ഫോണും അടക്കം ആറു ഫോണുകളാണ് കോടതിയില്‍ അഭിഭാഷകന്‍ എത്തിച്ചത്. മുദ്ര വെച്ച കവറില്‍ ഈ ഫോണുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറി. ദിലീപ് തന്നെ സ്വകാര്യ ഫോറന്‍സിക് പരിശോധനയ്ക്കായി മുംബൈയിലേക്കയച്ച രണ്ട് ഫോണുകള്‍ ഇന്നലെ രാത്രി കൊച്ചിയില്‍ തിരിച്ചെത്തിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates