

പിടി തോമസിനെ അനുസ്മരിച്ച് ഡോ. എസ്എസ് ലാല്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്;
ഒരേയൊരു പി.ടി
പി.ടി യുടെ പത്ത് ദിവസം മുമ്പുള്ള ചിത്രമാണിത്. അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു അന്ന്. വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴും ജന്മദിനം ഓര്‍മ്മിക്കാനുള്ള മകന്‍ വിവേകിന്റെ ആവശ്യത്തിന് അദ്ദേഹം വഴങ്ങി. രോഗവും വേദനയുമെല്ലാം ഉള്ളിലൊതുക്കി പി.ടി എനിക്കായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് ചിരിക്കുകയും ചെയ്തു. ഇതാണ് പി.ടി. ഇതായിരുന്നു പി.ടി.
1982ല്‍ അദ്ദേഹം കെ.എസ്.യു പ്രസിഡന്റ് ആയപ്പോള്‍ പരിചയപ്പെട്ടത് മുതല്‍ മനസിനെ തൊട്ടറിയുന്ന നേതാവ്. ജ്യേഷ്ഠ സഹോദരന്‍. സുഹൃത്ത്. തികഞ്ഞ നിസ്വാര്‍ത്ഥന്‍.
ഒരു തലമുയിലെ യുവാക്കളെ കെ.എസ്.യു വിലൂടെ നല്ല മനുഷ്യരായി വാര്‍ത്തെടുത്തത് പി.ടി യാണ്. സ്വന്തം ഭാവിയെപ്പറ്റിയുള്ള ചിന്തയും ആഗ്രഹങ്ങളും നിലപാടുകളെ സ്വാധീനിക്കാതെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന് പി.ടി യെപ്പോലെ മറ്റൊരു മാതൃകയില്ല. ആ സ്വാധീനമാണ് പി.ടി അവശേഷിപ്പിക്കുന്നത്.
പി.ടി ഒരിക്കലും എന്നെ ലാലേ എന്ന് വിളിച്ചതായി ഓര്‍മ്മയില്ല. 1982 ല്‍ പരിചയപ്പെട്ടത് മുതല്‍ നീ എന്നും എടാ എന്നും ഒക്കെ വിളിക്കും. അത് കേള്‍ക്കുമ്പോള്‍ എനിക്കൊരു കൊച്ചനിയനാകാന്‍ കഴിയും. സംരക്ഷിക്കാന്‍ ഒരു വല്യേട്ടന്‍ ഉണ്ടെന്ന വിശ്വാസവും കിട്ടും.
കഴിഞ്ഞ ദിവസങ്ങളില്‍ പലപ്പോഴും മരുന്നുകളുടെ മയക്കത്തിലായിരുന്ന പി.ടി പെട്ടെന്ന് ഉണര്‍ന്നാല്‍ അടുത്തിരിക്കുന്ന എന്നോടുള്‍പ്പെടെയുള്ളവരോട് ചോദിക്കുന്നത് ഞങ്ങളുടെ കുടുംബാംഗങ്ങളുടെയോ മറ്റേതെങ്കിലും സുഹൃത്തിന്റെയോ കാര്യമായായിരിക്കും. അല്ലാതെ സ്വന്തം രോഗത്തിന്റെയാ ചികിത്സയുടെയോ കാര്യമല്ല.
പി.ടി യുടെ ശക്തി അദ്ദേത്തിന്റെ കുടുംബവും ലോകം മുഴുവനുമുള്ള സുഹൃത്തുക്കളുമാണ്. പി.ടി യുടെ ഭാര്യ ഉമയും മക്കള്‍ വിഷ്ണുവും വിവേകും സ്വന്തം ശരീരത്തിലെ രോഗം പോലെയാണ് പി.ടി യുടെ രോഗത്തെ കണ്ടത്. ഒരു കുടുംബത്തിന് ഇതില്‍ കൂടുതല്‍ ചെയ്യാന്‍ കഴിയില്ല. രാഷ്ടീയത്തിരക്കിനിടയിലും ഇങ്ങനെ സുദൃഢ ബന്ധമുള്ള ഒരു കുടുംബത്തെക്കൂടി വാര്‍ത്തെടുക്കാന്‍ കഴിഞ്ഞത് ചെറിയ കാര്യമല്ല.
വെല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി ലോകോത്തര ചികിത്സയാണ് പി.ടി യ്ക്ക് നല്‍കിയത്. ചികിത്സ നയിച്ച ഡോക്ടര്‍ ടൈറ്റസ് മഹാരാജാസ് കോളേജില്‍ പഠിച്ചയാളായിരുന്നു. വെല്ലൂരിലെ മലയാളികളായ ഡോ: സുകേശും ഡോ: ആനൂപും ഒക്കെ കുടുംബാംഗങ്ങളെപ്പോലെയാണ് പി.ടി യെ നോക്കിയത്. അമേരിക്കയിലെ പ്രശസ്തരായ മലയാളി ഡോക്ടര്‍മാരായ ജെയിം എബ്രാഹം ഉള്‍പ്പെടെയുള്ളവര്‍ ചികിത്സയ്ക്ക് ഉപദേശകരായി ഉണ്ടായിരുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ പി.ടി യെ സന്ദര്‍ശിക്കുകയും നിരന്തരം വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. മറ്റു പാര്‍ട്ടി നേതാക്കളും പി.ടി യുടെ കാര്യത്തില്‍ വലിയ ശ്രദ്ധ കാണിച്ചു.
പി.ടി യുടെ പേര്‍പാടിന്റെ നഷ്ടം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമല്ല. കേരളത്തിന് മൊത്തത്തിലാണ്. കേരളത്തിലെ നന്മയുടെ ലോകത്തിലാണ് വലിയ വിടവുണ്ടായിരിക്കുന്നത്.
എടാ എന്ന് വിളിക്കുന്ന ഒരു നേതാവിന്റെ, ജ്യേഷ്ഠന്റെ, വിടവ് എന്നെയും തുറിച്ചു നോക്കുന്നുണ്ട്.
പി.ടി യുടെ ഓര്‍മ്മകളും നിലപാടുകളും മരിക്കില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates