

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ശിക്ഷാവിധി ശനിയാഴ്ചത്തേക്ക് മാറ്റി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ശിക്ഷയിന്മേൽ വാദം പൂര്‍ത്തിയായി. അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്നും, പ്രതി സന്ദീപിന് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
താൻ എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും, കുറ്റകൃത്യം മനഃപൂർവം അല്ലെന്നും പ്രതി സന്ദീപ് കോടതിയിൽ പറഞ്ഞു. എന്ത് പ്രായശ്ചിത്തം ചെയ്യാനും താൻ തയ്യാറാണ്. പ്രായമായ അമ്മയുണ്ട്. അമ്മയെ കാണാൻ അവസരം നൽകണം. ശിക്ഷാവിധിയിൽ ഇളവ് നൽകണമെന്നും സന്ദീപ് കോടതിയോട് അപേക്ഷിച്ചു. പ്രതിയുടെ പ്രായവും പ്രായമായ അമ്മയെ ശുശ്രൂഷിക്കേണ്ടത് കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് കൊടുക്കണമെന്ന് പ്രതിഭാഗവും വാദിച്ചു.
ഡോ. വന്ദനദാസ് വധക്കേസിലെ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു. പ്രതിക്കെതിരെ പ്രോസിക്യൂഷൻ ആരോപിച്ച കുറ്റങ്ങളെല്ലാം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രതിക്ക് മാനസിക വൈകല്യം ഉണ്ടെന്ന വാദവും കോടതി തള്ളിയിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെയാണ് ഡോ.വന്ദന ദാസിന് കുത്തേൽക്കുന്നത്.
2023 മേയ് 10ന് പുലർച്ചെയാണ് വന്ദന മരിച്ചത്. ചികിത്സയ്ക്കായി പൂയപ്പള്ളി പൊലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച സ്കൂൾ അധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം സ്വദേശി സന്ദീപ് (44) അക്രമാസക്തനായി ആശുപത്രിയിലെ സർജിക്കൽ കത്തി ഉപയോഗിച്ചു കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്.
സന്ദീപിന്റെ ആക്രമണത്തിൽ മൂന്നു പൊലീസുകാർ ഉൾപ്പെടെ അഞ്ചു പേർക്കു പരിക്കേറ്റിരുന്നു. കേസിൽ 70ൽ ഏറെ സാക്ഷികളെ വിസ്തരിച്ചു. 207 രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതിക്കുള്ള ശിക്ഷാവിധി കേൾക്കാൻ ഡോക്ടർ വന്ദനയുടെ മാതാപിതാക്കൾ കോടതിയിലെത്തിയിരുന്നു. വാദത്തിനിടെ പ്രതിയും പ്രതിയുടെ മാതാവും ഡോ. വന്ദനയുടെ മാതാവും പൊട്ടിക്കരഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates