ഓണക്കാലത്ത് വിലക്കയറ്റമാണെന്ന് പറഞ്ഞാല്‍ നിങ്ങളുടെ വീട്ടുകാര്‍ അംഗീകരിക്കുമോ?; പ്രതിപക്ഷത്തിന് മന്ത്രിയുടെ മറുപടി

സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന ഒന്നിലും വിലവര്‍ധനവുണ്ടായിട്ടില്ല.
gr anil
ജിആര്‍ അനില്‍
Updated on
2 min read

തിരുവനന്തപുരം: ഓണക്കാലത്ത് ഉള്‍പ്പെടെ പൊതുവിപണിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍. സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന ഒന്നിലും വിലവര്‍ധനവുണ്ടായിട്ടില്ല. കഴിഞ്ഞ ഓണക്കാലത്ത് കമ്പോളത്തിലെത്തിയ മാധ്യമങ്ങള്‍ ആളുകളുടെ പ്രതികരണം ചോദിച്ചപ്പോള്‍ വിലക്കയറ്റമുണ്ടെന്ന് ഒരാളും പറഞ്ഞില്ല. പ്രതിപക്ഷം കാണുന്നത് സമ്പന്നരുടെയും ലാഭത്തിന്റെയും കണക്ക് മാത്രമാണ്. എന്നാല്‍ സര്‍ക്കാരിന്റേത് സാധാരണക്കാരെ ചേര്‍ത്തുനിര്‍ത്തുന്ന നിലപാടാണെന്നും ജിആര്‍ അനില്‍ പറഞ്ഞു. വിലക്കയറ്റം ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് കാലത്ത് തകര്‍ന്നുകിടന്ന പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിച്ചത് എല്‍ഡിഎഫ് സര്‍ക്കാരുകളാണ്. അരി, പച്ചക്കറി, പലവ്യഞ്ജനം ഇവ ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടുവെന്നും മന്ത്രി പറഞ്ഞു. ഓണത്തിന് ഒരുമണി അരിപോലും കേന്ദ്രസര്‍ക്കാര്‍ തന്നില്ല. എന്നാല്‍ അത് കേട്ട് തിരിച്ചുവന്ന് വെറുതെ ഇരിക്കുകയായിരുന്നില്ല സര്‍ക്കാര്‍. വിപണിയില്‍ 50 രൂപയിലധികം വിലയുള്ള അരി വെള്ള കാര്‍ഡുകാര്‍ക്ക് 15 കിലോയാണ് നല്‍കിയത്. നീല കാര്‍ഡുകാര്‍ക്ക് ലഭിക്കുന്ന അരിക്ക് പുറമെ 10 കിലോ നല്‍കി. ചുവന്ന കാര്‍ഡുകാര്‍ക്കും അധികമായി 5 കിലോ നല്‍കി. അതിന് പുറമെയാണ് സപ്ലൈകോ വഴി 20 കിലോ അരി 25 രൂപ നിരക്കില്‍ കൊടുത്തത്. ഒരു കുടുംബത്തിന് 44 കിലോയോളം അരി സൗജന്യ നിരക്കിലും ന്യായവിലയ്ക്കും വാങ്ങാനുള്ള അവസരമൊരുക്കിയെന്നും മന്ത്രി പറഞ്ഞു.

gr anil
'പപ്പടം അടുത്തൊന്നും വെളിച്ചെണ്ണ കാണില്ല, ചുട്ടു തിന്നേണ്ടിവരും'; വിലക്കയറ്റം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് പി സി വിഷ്ണുനാഥ്

22.36 ലക്ഷം ലിറ്റര്‍ ശബരി വെളിച്ചെണ്ണയാണ് ഓണക്കാലത്ത് സപ്ലൈകോ വഴി വിറ്റത്. എഎവൈ കാര്‍ഡുകാരായ ആറ് ലക്ഷം കുടുംബങ്ങള്‍ക്ക് അരലിറ്റര്‍ വെളിച്ചെണ്ണ സൗജന്യമായി നല്‍കി. 87 ശതമാനം മലയാളി കടുബംങ്ങളാണ് റേഷന്‍ കടയില്‍നിന്ന് അരിവാങ്ങിയത്. ഇത് ചരിത്രമാണ്. എഎഐ കാര്‍ഡുകാരില്‍ 99 ശതമാനവും അരി വാങ്ങി. ആ കുടുംബങ്ങളോട് പ്രതിപക്ഷം വിലക്കയറ്റത്തിന്റെ കഥപറഞ്ഞാല്‍ വിശ്വസിക്കില്ല. എഎഐ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കുമായി 6.14 ലക്ഷം സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. 500 ഗ്രാം മുളക് സബ്‌സിഡിയായി നല്‍കിയ സ്ഥാനത്ത് രണ്ട് കിലോ മുളകാണ് ഇത്തവണ നല്‍കിയത്. എല്ലാ സബ്‌സിഡി സാധനങ്ങളും ഇരട്ടിയായി നല്‍കി.

gr anil
ആ പരിപാടി കുസാറ്റ് സംഘടിപ്പിച്ചതല്ല; പ്രചാരണം അടിസ്ഥാനരഹിതം

ഓണക്കാലത്ത് വിലക്കയറ്റമാണെന്ന് പറഞ്ഞാല്‍ നിങ്ങളുടെ കുടുംബങ്ങളില്‍ പോയി പറഞ്ഞാല്‍ വീട്ടിലുള്ളവര്‍ അംഗീകരിക്കുമോയെന്നും മന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു. അടിയന്തരപ്രമേയ വിഷയം അവതരിപ്പിച്ച പി സി വിഷ്ണുനാഥാണ് കുണ്ടറയിലെ ഓണച്ചന്ത ഉദ്ഘാടനം ചെയ്തത്. പറവൂരിലെ ഓണച്ചന്ത ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷനേതാവാണ്. അവിടെ എവിടെയെങ്കിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സാധനം ഇല്ലായ്മയുടെയോ വിലക്കയറ്റത്തിന്റെയോ ഗുണമേന്മയുടെയോ പരാതി ലഭിച്ചോ? മലയാളിക്ക് അരി നിഷേധിച്ച കേന്ദ്രസര്‍ക്കാരിനെതിരെ ഒരു പ്രസ്താവന ഇറക്കാന്‍ പോലും പ്രതിപക്ഷം തയ്യാറായില്ലെന്നും മന്ത്രി പറഞ്ഞു.

അവശ്യസാധനങ്ങളുടെ വില വര്‍ധന ജനജീവിതത്തെ സാരമായ ബാധിച്ചിട്ടും സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിച്ചത്. പിസി വിഷ്ണുനാഥ് ആണ് അടിയന്തരപ്രമേയം അവതരിപ്പിച്ചത്. കേരളത്തില്‍ വിലക്കയറ്റ തോത് ക്രമാതീതമായി ഉയര്‍ന്ന നിലയിലാണ്. ഉപഭോക്തൃ വില (സിപിഐ) സൂചിക ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഓഗസ്റ്റിലെ വിലക്കയറ്റ തോത് കേരളത്തില്‍ 9 ആണ്. പട്ടികയില്‍ രണ്ടാമതുളള കര്‍ണാടകയില്‍ അത് വെറും 3.8 ആണെന്നും പി സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. വിലക്കയറ്റ തോതില്‍ തുടര്‍ച്ചയായി എട്ടു മാസങ്ങളായി കേരളം നമ്പര്‍ വണ്‍ ആണെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ വിപണിയില്‍ നടത്തുന്ന ഇടപെടല്‍ കാര്യക്ഷമമല്ലെന്നും പി സി വിഷ്ണുനാഥ് ആരോപിച്ചു. വെളിച്ചെണ്ണയുടെ ഉയര്‍ന്ന വില ചൂണ്ടിക്കാട്ടിയായിരുന്നു പി സി വിഷ്ണുനാഥിന്റെ ആക്ഷേപങ്ങള്‍. ഓണക്കാലത്ത് വിപണി ഇടപെടലിന് 420 കോടി രൂപയാണ് സപ്ലൈകോ ആവശ്യപ്പെട്ടത്. 205 കോടി മാത്രമാണ് വകയിരുത്തിയത്. 176 കോടി രൂപയാണ് ചെലവഴിച്ചത്. ഇത്തരത്തിലായാല്‍ എങ്ങനെയാണ് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയുക. സബ്‌സിഡി സാധനങ്ങള്‍ക്ക് പോലും വില വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് പപ്പടം ചുട്ട് തിന്നേണ്ട അവസ്ഥയാണ്. സപ്ലൈകോ കേര വെളിച്ചെണ്ണയ്ക്ക് 429 രൂപയാണ്. പപ്പടവും വെളിച്ചെണ്ണയും തമ്മിലുള്ള സമാഗമം അടുത്തിടെ ഒന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.

Summary

During the Onam season and other times, the government effectively intervened in the open market, says Minister GR Anil.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com