

കൊച്ചി: എം ജി റോഡിലെ റെസ്‌റ്റോറന്റില്‍ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ മുട്ട തൊണ്ടയില്‍ കുടുങ്ങി അപകടത്തിലായ യുവാവിന്റെ ജീവന്‍ രക്ഷിച്ച് സുഹൃത്ത്. കൊല്ലം സ്വദേശിയായ അനീഷിനാണ് ചോറിനൊപ്പം കഴിച്ച പുഴുങ്ങിയ മുട്ടയുടെ കഷ്ണം തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം നേരിട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മനേഷിന്റെ സമയോചിതമായ ഇടപെടലാണ് അനീഷിന്റെ ജീവന്‍ തിരിച്ചുകിട്ടാന്‍ കാരണമായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും റെസ്റ്റോറന്റില്‍ എത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെ ആദ്യത്തെ കഷ്ണം മുട്ട എടുത്തു കഴിച്ച ഉടന്‍ തന്നെ അനീഷിന് സംസാരിക്കാന്‍ കഴിയാതാവുകയും ശ്വാസം മുട്ടുകയും ചെയ്യുകയായിരുന്നു. അനീഷ് ആംഗ്യത്തിലൂടെ കാര്യം വ്യക്തമാക്കിയതോടെ അപകടം മനസ്സിലാക്കിയ മനേഷ് ഉടന്‍ തന്നെ ഇദ്ദേഹത്തെ എഴുന്നേല്‍പ്പിച്ചു കുനിച്ചുനിര്‍ത്തി പുറത്ത് ശക്തമായി അടിക്കാന്‍ തുടങ്ങി. ജീവനക്കാരും റെസ്റ്ററന്റ് ഉടമയും ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കൊടുവില്‍ മുട്ടയുടെ കഷ്ണം പുറത്തുചാടുകയും അനീഷ് സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.
ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ അനീഷിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നില്ല. ഭക്ഷണം കഴിക്കുമ്പോള്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന സന്ദേശം നല്‍കുന്നതിനും, ഇത്തരം സാഹചര്യങ്ങളില്‍ നല്‍കേണ്ട പ്രഥമ ശുശ്രൂഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് ഈ സിസിടിവി ദൃശ്യങ്ങള്‍ പങ്കുവെച്ചതെന്ന് മനേഷ് വ്യക്തമാക്കി.
തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍ നല്‍കേണ്ട പ്രഥമ ശുശ്രൂഷ
തൊണ്ടയില്‍ എന്തെങ്കിലും വസ്തു കുടുങ്ങിയാല്‍ വ്യക്തിയുടെ പുറകില്‍ നിന്ന് വയറിന്റെ മുകള്‍ഭാഗത്തായി, പൊക്കിളിന് മുകളിലും വാരിയെല്ലിന് താഴെയുമായി മുഷ്ടി ചുരുട്ടി വെച്ച് മറ്റേ കൈകൊണ്ട് മുറുകെ പിടിക്കണം.
മുഷ്ടി ഉപയോഗിച്ച് വയറിന് ഉള്ളിലേക്കും മുകളിലേക്കും 'j'ആകൃതിയില്‍ ശക്തിയായി അഞ്ചു തവണ തള്ളുക. കുടുങ്ങിയ വസ്തു പുറത്തുവരികയോ വ്യക്തിക്ക് ശ്വാസമെടുക്കാന്‍ സാധിക്കുകയോ ചെയ്യുന്നതുവരെ ഇത് തുടരാവുന്നതാണ്.
ഈ ശ്രമങ്ങള്‍ പരാജയപ്പെടുകയോ വ്യക്തി അബോധാവസ്ഥയിലാവുകയോ ചെയ്താല്‍ ഉടന്‍ തന്നെ സിപിആര്‍ നല്‍കുകയും വൈദ്യസഹായം ലഭ്യമാക്കുകയും വേണം.
കുട്ടികളുടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍
കുട്ടികളിലാണ് ഇത് സംഭവിക്കുന്നതെങ്കില്‍ പ്രായത്തിനനുസരിച്ച് പ്രഥമ ശുശ്രൂഷയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.
രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ കൈത്തണ്ടയില്‍ കമഴ്ത്തിക്കിടത്തി തോളെല്ലുകള്‍ക്ക് നടുവില്‍ ശക്തിയായി അഞ്ചുതവണ അടിക്കുന്നത് കുടുങ്ങിയ വസ്തു പുറത്തുവരാന്‍ സഹായിക്കും.
അബോധാവസ്ഥയിലായാല്‍ കുഞ്ഞിനെ മലര്‍ത്തിക്കിടത്തി വിരലുകള്‍ ഉപയോഗിച്ച് അമര്‍ത്തി സിപിആര്‍ നല്‍കണം.
രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികളില്‍ മുതിര്‍ന്നവരിലേതുപോലെ വയറിന് മുകള്‍ഭാഗത്തായി അമര്‍ത്തി പുറത്തേക്ക് തള്ളുന്ന രീതിയാണ് ഉപയോഗിക്കേണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates