

കൊച്ചി: കേന്ദ്ര കാലാവസ്ഥ വകുപ്പ് എല്‍ നിനോയുടെ വരവ് സ്ഥിരീകരിച്ചതോടെ, സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ കുറവുണ്ടാകുമെന്ന ആശങ്ക ശക്തമാകുന്നു. കാര്‍ഷിക മേഖലയേക്കാള്‍ ഉപരി ഈ വാര്‍ത്ത കെഎസ്ഇബിയെയാണ് ഏറെ ആശങ്കപ്പെടുത്തുന്നത്.
സംസ്ഥാനത്തെ മൊത്തം വൈദ്യുതി ആവശ്യകതയുടെ ഏകദേശം 75 ശതമാനവും സെന്‍ട്രല്‍ ഗ്രിഡില്‍ നിന്നും സ്വകാര്യ വൈദ്യുതി ഉല്‍പ്പാദകരില്‍ നിന്നും വാങ്ങിയാണ് കെഎസ്ഇബി കണ്ടെത്തുന്നത്. ബാക്കി വരുന്ന വൈദ്യുതി ആവശ്യകത മാത്രമാണ് ഇടുക്കി, ശബരിഗിരി, ഇടമലയാര്‍ തുടങ്ങിയ സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍ നിന്ന് പ്രയോജനപ്പെടുത്തുന്നത്.
ഏപ്രില്‍ 27ന് 118 ദശലക്ഷം യൂണിറ്റ് ആയിരുന്നു വൈദ്യുതി ഉപഭോഗം. കാലവര്‍ഷം ആരംഭിച്ചതോടെ ഇത് 85 ദശലക്ഷം യുണിറ്റായി കുറഞ്ഞിട്ടുണ്ട്. എങ്കിലും ഡാമുകളിലെ ജലനിരപ്പ് ശരാശരി 21 ശതമാനമായി താഴ്ന്നു എന്നത് ആശങ്കപ്പെടുത്തുകയാണ്. നിലവിലെ ജലസംഭരണം അനുസരിച്ച് കെഎസ്ഇബിക്ക് ഇനി 851 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമേ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കൂ. കാലവര്‍ഷം ചതിക്കുകയും ഡാമുകളിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്താല്‍ സംസ്ഥാനത്തിന് പൂര്‍ണ്ണമായും പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരും.
ജൂണ്‍ 1 മുതല്‍ ജൂണ്‍ 12 വരെയുള്ള കാലയളവില്‍ കേരളത്തില്‍ 22 ശതമാനം അധികം മഴ ലഭിച്ചിരുന്നു. എന്നാല്‍ അടുത്ത ആഴ്ച മുതല്‍ കാലവര്‍ഷം ദുര്‍ബലമാകുമെന്നാണ് പ്രവചനം. തുടര്‍ച്ചയായ മൂന്ന് മാസങ്ങളിലെ സമുദ്രോപരിതല താപനിലയിലെ വ്യതിയാനം ശരാശരി 0.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയാല്‍ എല്‍ നിനോ സാഹചര്യം സ്ഥിരീകരിക്കാമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
2025 ജൂണ്‍, ജൂലായ് മാസങ്ങളില്‍ പസഫിക് സമുദ്രത്തില്‍ 'ന്യൂട്രല്‍' (El Nino Southern Oscillation- ENSO ) സാഹചര്യമായിരുന്നു. എന്നാല്‍ 2025 ഓഗസ്റ്റില്‍ 'ലാ നിന' (La Nina) സാഹചര്യം രൂപപ്പെടുകയും അത് 2026 ഫെബ്രുവരി വരെ തുടരുകയും ചെയ്തു. തുടര്‍ന്ന് 2026 മാര്‍ച്ചില്‍ വീണ്ടും 'ഇഎന്‍എസ്ഒ-ന്യൂട്രല്‍' അവസ്ഥയിലേക്ക് മാറി. എന്നാല്‍ ഏപ്രില്‍-മെയ്-ജൂണ്‍ മാസങ്ങളിലെ ഏറ്റവും പുതിയ മൂന്ന് മാസത്തെ ശരാശരി താപനില വ്യതിയാനം എല്‍ നിനോ പരിധിയായ +0.5°C മറികടന്നിരിക്കുന്നുവെന്ന് കാലാവസ്ഥവകുപ്പിന്റെ (ഐഎംഡി) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
'മധ്യ-കിഴക്കന്‍ ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം ചൂടുപിടിക്കുന്ന ഒരു കാലാവസ്ഥാ പ്രതിഭാസമാണ് എല്‍ നിനോ. ഇത് മുന്‍പും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തെ തകിടം മറിച്ചിട്ടുണ്ട്. ഇത് കാറ്റിന്റെ ഗതി ദുര്‍ബലപ്പെടുത്തുകയോ ചില തീവ്ര സാഹചര്യങ്ങളില്‍ മാറ്റുകയോ ചെയ്‌തേക്കാം. ഇതോടൊപ്പം തന്നെ മേഘവിസ്‌ഫോടനം പോലുള്ള പ്രാദേശികമായ തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും ഇത് കാരണമായേക്കാമെന്ന് ഐഎംഡി തിരുവനന്തപുരം ഡയറക്ടര്‍ നീത കെ ഗോപാല്‍ പറഞ്ഞു.
കാലവര്‍ഷത്തില്‍ 10 ശതമാനം കുറവുണ്ടാകുമെന്ന് ഐഎംഡി പ്രവചിച്ചിട്ടുണ്ടെങ്കിലും, 'ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍' (IOD) കുറച്ചെങ്കിലും ആശ്വാസം നല്‍കുമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥാ നിരീക്ഷകര്‍. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ അവസാനത്തോടെ (ഓഗസ്റ്റ്-സെപ്റ്റംബര്‍) ഐഒഡി പോസിറ്റീവ് ആകാന്‍ സാധ്യതയുണ്ടെന്നും ഇത് എല്‍ നിനോയുടെ ആഘാതം കുറയ്ക്കുമെന്നും ഐഎംഡി പറയുന്നു. കിഴക്കന്‍ ആഫ്രിക്കയ്ക്ക് സമീപമുള്ള സമുദ്രജലം ചൂടുപിടിക്കുകയും ഇന്തോനേഷ്യയ്ക്ക് സമീപമുള്ള സമുദ്രം തണുക്കുകയും ചെയ്യുമ്പോഴാണ് 'പോസിറ്റീവ് ഐഒഡി' ഉണ്ടാകുന്നത്. ഇത്തരം സാഹചര്യങ്ങള്‍ ഇന്ത്യയില്‍ മികച്ച മഴ ലഭിക്കാന്‍ സഹായിക്കാറുണ്ട്. ഇത് എല്‍ നിനോയുടെ വരള്‍ച്ചാ സ്വഭാവത്തെ ഒരു പരിധി വരെ പ്രതിരോധിക്കും.
'മാര്‍ച്ച്-മെയ് കാലയളവില്‍ ഹ്രസ്വകാല കരാറുകളിലൂടെ വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി വേനല്‍ക്കാലത്തെ കടുത്ത ഡിമാന്‍ഡ് നേരിട്ടത്. മെയ് ആദ്യവാരം 6,000 മെഗാവാട്ട് കടന്ന കൂടിയ വൈദ്യുതി ആവശ്യകത ജൂണ്‍ ആയതോടെ 4,500 മെഗാവാട്ടായി കുറഞ്ഞിട്ടുണ്ട്. എല്‍ നിനോ കാരണം കാലവര്‍ഷം പരാജയപ്പെട്ടാല്‍ സെന്‍ട്രല്‍ ഗ്രിഡിനെ കൂടുതല്‍ ആശ്രയിക്കേണ്ടി വരുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലേക്ക് ഹ്രസ്വകാല അടിസ്ഥാനത്തില്‍ വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബി ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ജൂണ്‍ 15-ന് ശേഷം ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും. പവര്‍ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കുകയാണെങ്കില്‍ ബോര്‍ഡിന് കൂടുതല്‍ വൈദ്യുതി പുറത്തുനിന്ന് വാങ്ങാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates