

കൊച്ചി: മംഗളവനം പക്ഷിസങ്കേതത്തിന്റെ പരിസ്ഥിതി ലോല മേഖലയിലുള്‍പ്പെടുന്ന പഴയ റെയില്‍വേ സ്റ്റേഷന്‍ വളപ്പില്‍ ഹൈക്കോടതിക്കായി പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മ്മിക്കാനുള്ള തീരുമാനത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത്. ഈ തീരുമാനം പക്ഷി സങ്കേതത്തെ തകര്‍ക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റാന്‍ സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കിയിരിക്കേ, പുതിയ പാര്‍ക്കിങ് ഗ്രൗണ്ടിന്റെ ആവശ്യകതയെന്താണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നു.
എന്നാല്‍, 250ഓളം കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന ഈ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം 6 കോടി രൂപ അനുവദിക്കുകയും ഇതില്‍ 4.35 കോടി രൂപ റെയില്‍വേയുമായുള്ള ലീസ് കരാറിനായി വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഹൈക്കോടതി പരിസരത്തെ ഗതാഗതക്കുരുക്കും അഭിഭാഷകരുടെയും പൊതുജനങ്ങളുടെയും പാര്‍ക്കിങ് ദുരിതവും പരിഹരിക്കാന്‍ പാര്‍ക്കിങ് ഗ്രൗണ്ട് അടിയന്തരമായി വേണമെന്നാണ് കൊച്ചി കോര്‍പ്പറേഷന്റെയും കോടതി അധികൃതരുടെയും നിലപാട്. എന്നാല്‍ വികസന ആവശ്യങ്ങള്‍ക്കായി നഗരത്തിലെ അവശേഷിക്കുന്ന ഒരേയൊരു ഹരിതത്തുരുത്ത് നശിപ്പിക്കരുതെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു. പകരം ഹൈക്കോടതി വളപ്പില്‍ തന്നെ മള്‍ട്ടി ലെവല്‍ റോബോട്ടിക് പാര്‍ക്കിംഗ് പോലുള്ള അത്യാധുനിക ബദല്‍ മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കണമെന്നതാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രധാന ആവശ്യം.
അഭിഭാഷകനായ സുമന്‍ ചക്രവര്‍ത്തി 2015ലാണ് പാര്‍ക്കിങ് ഗ്രൗണ്ട് എന്ന ആവശ്യവുമായി കോടതിയെ സമീപിക്കുന്നത്. 2026വരെ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ജൂണില്‍, ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് വി എം ശ്യാം കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ലീസ് കരാര്‍ അന്തിമമാക്കാന്‍ കോര്‍പ്പറേഷനോടും ദക്ഷിണ റെയില്‍വെയോടും നിര്‍ദേശം നല്‍കുകയായിരുന്നു.
പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണത്തെക്കുറിച്ച് മേയര്‍ വി കെ മിനിമോള്‍ പറയുന്നത്:
'കോടതി നിര്‍ദേശപ്രകാരമാണ് കോര്‍പ്പറേഷന്‍ പാര്‍ക്കിങ് സൗകര്യം വികസിപ്പിക്കാന്‍ സൗകര്യമൊരുക്കുന്നത്. ആകെ 460 ചതുരശ്ര മീറ്റര്‍ ഭൂമി 35 വര്‍ഷത്തേക്ക് ഹൈക്കോടതി ബാര്‍ അസോസിയേഷന് പാട്ടത്തിന് നല്‍കുകയാണ്. പാട്ടത്തുക നല്‍കാന്‍ സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പാണ് ഭൂമിയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മരങ്ങള്‍ മുറിക്കുന്നതിനായി 'ട്രീ കമ്മിറ്റി ചേര്‍ന്ന് അനുമതി നല്‍കണം.' മേയര്‍ പറഞ്ഞു.
പരിസ്ഥിതി പ്രവര്‍ത്തകന്‍ വിഷ്ണുപ്രിയന്‍ കര്‍ത്തയുടെ വാദം:
'പക്ഷി സങ്കേതം സന്ദര്‍ശിക്കുന്ന പക്ഷികള്‍ക്ക് കൂടു കൂട്ടാന്‍ ഇടമൊരുക്കുന്ന ഈ പ്രദേശത്തെ ഹരിതമേലാപ്പ് പാര്‍ക്കിങ് ഗ്രൗണ്ട് വരുന്നതോടെ ഇല്ലാതാകും. പക്ഷി സങ്കേതത്തിന് സമീപമുള്ള ഉയര്‍ന്ന കെട്ടിടങ്ങള്‍ മംഗളവനത്തില്‍ എത്തുന്ന പക്ഷികളുടെ സുഗമമായ പറക്കലിനെ തടസപ്പെടുത്തുന്നുണ്ട്. പക്ഷികള്‍ക്ക് ഉയരത്തില്‍ പറക്കാനും മംഗളവനത്തില്‍ വന്നിറങ്ങാനും ഇടം ആവശ്യമാണ്. ഈ പ്രദേശവും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചാല്‍ അത് പക്ഷികളുടെ സഞ്ചാരത്തെ ദോഷകരമായി ബാധിക്കും.' കര്‍ത്ത പറഞ്ഞു.
എന്നാല്‍, പാര്‍ക്കിങ് ഗ്രൗണ്ട് അനുവദിക്കുന്നത് പരിസ്ഥിതിയെ ബാധിക്കില്ലെന്ന് ഒരു വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ന്യായീകരിച്ചു. 'പരിസ്ഥിതി സംരക്ഷണ നിയമം ക്വാറികളും മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളും മാത്രമാണ് നിരോധിക്കുന്നത്. പരിസ്ഥിതിലോല മേനേജുമെന്റിനായി ഒരു സോണല്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം, ജില്ലാ കലക്ടര്‍ അധ്യക്ഷനായ മോണിറ്ററിംഗ് കമ്മറ്റി അവിടെയുള്ള ഏത് വികസനപ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കണം.' ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2026 മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപന പ്രകാരം ദക്ഷിണ റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള 22 ഏക്കര്‍ ഭൂമി മംഗളവനം സങ്കേതത്തിന്റെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മംഗളവനത്തിന്റെ വടക്ക്, പടിഞ്ഞാറ് അതിരുകളില്‍ ഹൈക്കോടതി ഉള്‍പ്പടെയുള്ള വന്‍കിട കെട്ടിടങ്ങള്‍ അടുത്തുള്ളതിനാല്‍ അവിടെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ പെടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates