

കൊച്ചി: അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാരോപിച്ച് നടന്‍ ബാലു വര്‍ഗീസിനെതിരെ യുവതി വക്കീല്‍ നോട്ടീസ് അയച്ചു. നീന്തല്‍ക്കുളത്തില്‍ വെച്ച് തന്നെ ബലമായി പിടിച്ചുവെന്നും, ഇത് അബദ്ധത്തില്‍ സംഭവിച്ചതല്ലെന്ന് ഉറപ്പാണെന്നും പരാതിക്കാരി വ്യക്തമാക്കി. 'ദ ന്യൂസ് മിനിറ്റ്' റിപ്പോര്‍ട്ടു ചെയ്ത സംഭവത്തില്‍, ഖേദം പ്രകടിപ്പിച്ചുള്ള മാപ്പപേക്ഷയും ഇനി ഇത്തരം പെരുമാറ്റം ആവര്‍ത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പും നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം.
സംഭവം നടന്നയുടന്‍ തന്നെ താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും, അബദ്ധം പറ്റിയതാണെന്നായിരുന്നു ബാലുവിന്റെ മറുപടി. തുടര്‍ന്ന് ഭര്‍ത്താവ് വിഷയം ബാലുവുമായി സംസാരിച്ചപ്പോഴും കൈ അബദ്ധത്തില്‍ തട്ടിയതാണെന്ന ന്യായീകരണമാണ് അദ്ദേഹം നല്‍കിയത്. എന്നാല്‍ ഇത് ബോധപൂര്‍വ്വമായ കടന്നുകയറ്റമാണെന്ന് ബോധ്യപ്പെട്ടതായും, തന്റെ അനുഭവം സുഹൃത്തുക്കളായ മറ്റ് സ്ത്രീകളോട് പങ്കുവെച്ചപ്പോഴാണ് ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് മനസ്സിലായതെന്നും യുവതി വെളിപ്പെടുത്തി. ഇതിനെത്തുടര്‍ന്നാണ് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.
ഇതിനുപുറമെ, കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ ബാലുവില്‍നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നെന്ന വെളിപ്പെടുത്തലുമായി മറ്റൊരു യുവതിയും രംഗത്തു വന്നിട്ടുണ്ട്. ആളുകള്‍ ചുറ്റുമുള്ള പൊതുസ്ഥലങ്ങളില്‍ വെച്ചാണ് ഇത്തരത്തിലുള്ള മോശം പെരുമാറ്റങ്ങള്‍ ഉണ്ടായതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ വിസമ്മതിച്ചിട്ടും ബാലു പിന്മാറാന്‍ തയ്യാറായില്ലെന്നും, 'തനിക്ക് ഭയമാണോ' എന്ന് ചോദിച്ചുകൊണ്ട് കടന്നുപിടിക്കാന്‍ ശ്രമിച്ചതായും മറ്റൊരു യുവതിയും വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ ഇതുവരെ ബാലു വര്‍ഗീസിന്റെ ഭാഗത്തുനിന്ന് പ്രതികരണം വന്നിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates