

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ പാഴാക്കിയ സംഭവം അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ രൂപീകരിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ഡോ. ഷര്‍മ്മിള മേരി ജോസഫ് ചെയര്‍പേഴ്‌സണായും ഡോ. രേണു രാജ് കണ്‍വീനറായുമുള്ള അന്വേഷണ സമിതിയാണ് രൂപികരിച്ചത്. അതത് സ്ഥാപനങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരും അന്വേഷണ സമിതിയിലുണ്ട്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മാനേജിങ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ എന്നിവരും അംഗങ്ങളാണ്.
ആരോഗ്യവകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും അന്വേഷണ പരിധിയില്‍ വരും. ശുപാര്‍ശകള്‍ അടക്കം രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ സമിതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോവിഡ് കാലത്തെ ഉപകരണങ്ങള്‍ വാങ്ങിയതുള്‍പ്പടെ അന്വേഷണപരിധിയില്‍ വരും.
വയനാട് മെഡിക്കല്‍ കോളജിലെ ഗോഡൗണില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ പുറത്ത് വിട്ടിരുന്നു. കോടിക്കണക്കിന് രൂപ വിലവരുന്ന ഉപകരണങ്ങള്‍ നശിച്ച നിലയിലാണ് കണ്ടെത്തിയത്. ആറ് മൊബൈല്‍ മോര്‍ച്ചറി യൂണിറ്റുകള്‍ ഉള്‍പ്പെടെ ഗോഡൗണില്‍ കൂട്ടിയിട്ട നിലയിലായിരുന്നു. ഇതില്‍ ഒരു യൂണിറ്റിന് ഏതാണ്ട് 20 ലക്ഷത്തിലധികം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം വയനാട്ടില്‍ സന്ദര്‍ശം നടത്തിയ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍ ഈ നിലയില്‍ ഉപകരണങ്ങള്‍ കൂട്ടിയിട്ടത് നേരില്‍ കണ്ട് ബോധ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ പത്ത് വര്‍ഷ കാലത്ത് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആദ്യ പിണറായി സര്‍ക്കാരിന്റെയും രണ്ടാം പിണറായി സര്‍ക്കാരിന്റെയും കാലത്ത് വാങ്ങിയ ഉപകരണങ്ങളുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളാണ് പരിശോധിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates