'മദ്യപിക്കാത്ത എന്നെ മദ്യപാനിയാക്കി, വയോധികനെ റോഡ് മുറിച്ചു കടക്കാന്‍ സഹായിച്ചതാണോ കുറ്റം?' പൊലീസിനെതിരെയുള്ള കുറിപ്പ് വൈറല്‍

കേരള ഗവര്‍ണര്‍ കണ്ണൂരിലെത്തിയ ദിവസം വയോധികനെ റോഡ് മുറിച്ച് കടക്കുന്നതിന് സഹായം ചോദിക്കുകയും എന്നാല്‍ പൊലീസുകാരന്‍ പ്രകോപിതനാവുകയും ചെയ്‌തെന്നാണ് പരാതി.
Eyya Valapattanam
ഇയ്യ വളപട്ടണം വയോധികനെ റോഡ് മുറിച്ചു കടക്കാന്‍ സഹായിക്കുന്നു, ഇയ്യ വളപട്ടണം/Eyya ValapattanamFacebook
Updated on
3 min read

കണ്ണൂര്‍: എഴുത്തുകാരന്‍ ഇയ്യ വളപട്ടണത്തിനെതിരെ പൊലീസ് അതിക്രമം നടത്തിയതായി പരാതി. വയോധികനായ വഴി യാത്രക്കാരനെ റോഡു മുറിച്ചു കടക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതിന് പൊലീസ് തന്നെ പിടിച്ചു കൊണ്ടുപോയെന്നും മദ്യപനാക്കി ചിത്രീകരിച്ചുമെന്നുമാണ് ഇയ്യ വളപട്ടണം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഈ മാസം അഞ്ചാം തിയതിയാണ് സംഭവം. കേരള ഗവര്‍ണര്‍ കണ്ണൂരിലെത്തിയ ദിവസം വയോധികനെ റോഡ് മുറിച്ച് കടക്കുന്നതിന് സഹായം ചോദിക്കുകയും എന്നാല്‍ പൊലീസുകാരന്‍ പ്രകോപിതനാവുകയും ചെയ്‌തെന്നാണ് പരാതി. വയോധികനെ റോഡ് മുറിച്ച് കടക്കാന്‍ സഹായിക്കുന്നതിന്റെ വിഡിയോയും ഇയ്യ വളപട്ടണം പങ്കുവെച്ചിട്ടുണ്ട്.

ഗവര്‍ണര്‍ തളിപ്പറമ്പിലേക്ക് കടന്നുപോകുന്നതിന്റെ സുരക്ഷയ്ക്കായാണ് പൊലീസുകാരന്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് തനിക്കറിയില്ലായിരുന്നുവെന്നാണ് ഇയ്യ പറയുന്നത്. ഒരൊറ്റ വാഹനം പോലും നിരത്ത് മുറിച്ചു കടക്കാന്‍ വിവിഐപി ഡ്യൂട്ടി കാരണം പൊലീസ് അനുവദിച്ചിരുന്നില്ലെന്നും തന്റെ അഭ്യര്‍ഥനകേട്ട് അവിടെയെത്തിയ എസ്‌ഐയും ബലമായി പിടിച്ചു തള്ളി ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോവുകയും മദ്യപാനിയാണെന്ന് ചിത്രീകരിച്ചു അസഭ്യം പറയുകയും ചെയ്തുവെന്നും ഫെയ്‌സ്ബുക്കില്‍ കുറിപ്പില്‍ പറയുന്നു. പൊലീസ് സേന മുഴുവനും ഇത്തരത്തിലാണെന്ന് ചിത്രീകരിക്കാന്‍ ഇടയാക്കുമെന്നറിയാമെന്നും ഇയ്യ വളപട്ടണം പറയുന്നു.

Eyya Valapattanam
'സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി'; വീണ്ടും വെട്ടിലായി സജി ചെറിയാന്‍

ഇയ്യ വളപട്ടണത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇവിടെ വായിക്കാം.

നടക്കാന്‍ ബുദ്ധിമുട്ടായ ഒരാളെ റോഡ് മുറിച്ച് കടക്കാന്‍ സഹായിക്കാന്‍ പോയതാണ്. ഒരൊറ്റ വാഹനം പോലും നിരത്ത് മുറിച്ച് കടക്കാന്‍ അനുവദിക്കുന്നില്ല. അക്കാര്യം മുന്നില്‍ നില്‍ക്കുന്ന പോലിസുകാരനോട് പറഞ്ഞതാണ് പ്രശ്നം. എന്നാല്‍ പോലിസുകാരന്‍ ട്രാഫിക്ക് നിയന്ത്രിക്കാനല്ല ഗവര്‍ണ്ണരുടെ യാത്ര സുരക്ഷിതമാക്കാന്‍ നില്‍ക്കുന്നത് എന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. ; എന്റെ പോലിസ് സുഹൃത്തുക്കള്‍ക്ക് വളരെ സങ്കടത്തോടെയും വേദനയോടെയുമാണ് ഈ കുറിപ്പ് എഴുതുന്നത്. ഇന്നലെ രാത്രി ഉറങ്ങിയില്ല. കണ്ണടക്കുമ്പോള്‍ എന്നെ മാനസീകമായി ക്രൂശിച്ച പോലിസുകാരുടെ മുഖം മനസ്സില്‍ വരുന്നു. പിന്നെ ഉറക്കം വന്നില്ല. അവരുടെ രൂക്ഷമായ, മനസ്സിനെ മുറിപ്പെടുത്തുന്ന സംസാരം ചെവിയില്‍ കേള്‍ക്കുന്നു. പിന്നെങ്ങനെ എനിക്ക് ഉറങ്ങാന്‍ കഴിയും. ഈ കുറിപ്പ് ഏഫ്ബിയില്‍ എനിക്ക് പോസ്റ്റ് ചെയ്യാം. എന്നാല്‍ പോലിസുകാരില്‍ നിന്നുള്ള അനുഭവം എഫ്ബിയില്‍ എഴുതിയാല്‍ അത് സര്‍ക്കാരിനെതിരെയും മൊത്തം പോലിസ് സേനക്ക് എതിരെയുമാക്കി മാറ്റാന്‍ അധികം സമയം വേണ്ട എന്നു അറിയുന്നതുകൊണ്ടാണ് ഇങ്ങനെ എന്റെ പോലിസ് സുഹൃത്തുക്കള്‍ക്ക് മാത്രമായി എഴുതുന്നത്. ഇവിടത്തെ സിസ്റ്റം എത്ര നന്നാക്കാന്‍ ശ്രമിച്ചാലും നന്നാകാന്‍ വിടില്ല എന്നു തീരുമാനിക്കുന്ന ഒരു വിഭാഗം പോലിസുകാരുണ്ട്. ഞാന്‍ പറയുന്നത് കേള്‍ക്കാനുള്ള സന്മനസ്സ് പോലും പോലിസുകാര്‍ കാണിച്ചില്ല.

Eyya Valapattanam
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍

ഒരു മനുഷ്യനോട് പോലും കടുപ്പിച്ചു സംസാരിക്കാന്‍ പോലും കഴിയില്ല എന്നു തിരിച്ചറിഞ്ഞതു കൊണ്ട് എസ്ഐ ടെസ്റ്റ് എഴുതാതെ മടങ്ങി വന്ന ഒരാളാണ് ഞാന്‍ എന്ന കാര്യം നിങ്ങള്‍ക്ക് അറിയാവുന്നതാണല്ലോ. ഞാന്‍ അന്ന് പരീക്ഷ എഴുതാതെ ഇറങ്ങി വന്നത് ശരിയാണ് എന്ന് ഇന്നലെ വളപട്ടണം പോലിസ് സ്റ്റേഷനില്‍ (5/7/2025) നിന്നുണ്ടായ ഒരു മണിക്കൂര്‍ ദുരനുഭവം കൊണ്ടു മനസ്സിലായി. ജീവിതത്തില്‍ ഇതുവരെ ഒരാളെപോലും അടിച്ചിട്ടില്ല. അടിക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വേദന ഞാന്‍ ആലോചിക്കും. അപ്പോള്‍ കൈ അന്നും ഇന്നും പൊന്തില്ല. എന്നെ പോലിസ് ജീപ്പില്‍ കയറ്റി കൊണ്ട് പോകുമ്പോള്‍ തന്നെ പോലിസ് ഡ്രൈവറും എസ്ഐയും പറഞ്ഞത് നിന്നെ റിമാന്റ് ആക്കി 60 ദിവസം കിടത്തും എന്നാലേ നീയൊക്കെ പഠിക്കൂ എന്നാണ്. സ്റ്റേഷനില്‍ എത്തിയപ്പോള്‍ കയ്യിലെ മൊബൈലും പീടികയുടെ താക്കോലും വാങ്ങി വെച്ചു. അഡ്രെസ്സ് പറഞ്ഞുകൊടുത്തപ്പോള്‍ ആധാര്‍ ചോദിച്ചു. ഇല്ല എന്ന് പറഞ്ഞപ്പോള്‍ കയ്യില്‍ കൊണ്ടു നടന്നില്ലെങ്കില്‍ വേറെയും കേസ് ഉണ്ടാകും എന്ന് അറിയുമോ എന്നുള്ള സ്റ്റേഷനിലെ റിസപ്ഷനില്‍ ഇരിക്കുന്ന പൊലിസുകാരന്റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല.

ഇങ്ങനെയൊക്കെ നിയമം ഉണ്ട് എന്നു ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. നടക്കാന്‍ ബുദ്ധിമുട്ടായ ഒരാളെ റോഡ് മുറിച്ച് കടക്കാന്‍ സഹായിക്കാന്‍ പോയതാണ്. ഒരൊറ്റ വാഹനം പോലും നിരത്ത് മുറിച്ച് കടക്കാന്‍ അനുവദിക്കുന്നില്ല. അക്കാര്യം മുന്നില്‍ നില്‍ക്കുന്ന പോലിസുകാരനോട് പറഞ്ഞതാണ് പ്രശ്നം. എന്നാല്‍ പോലിസുകാരന്‍ ട്രാഫിക്ക് നിയന്ത്രിക്കാനല്ല ഗവര്‍ണ്ണരുടെ യാത്ര സുരക്ഷിതമാക്കാന്‍ നില്‍ക്കുന്നത് എന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. അനീതി കണ്ടാല്‍ ചോദിക്കണം എന്നായിരുന്നു അന്നും ഇന്നും മനസ്സിലുള്ളത്. അപ്പോഴേക്കും എസ്ഐ വന്നു പിടിച്ചു തള്ളി ജീപ്പില്‍ കയറ്റി. സ്റ്റേഷനില്‍ നിന്നും ഒരു മിനുട്ട് ഫോണ്‍ കിട്ടിയത് കൊണ്ട് രക്ഷപ്പെട്ടു. അതുകൊണ്ട് എന്റെ ചങ്ങാതിയെ വിളിക്കാന്‍ കഴിഞ്ഞു. അല്ലെങ്കില്‍ അവര്‍ എന്നെ പല വകുപ്പുകള്‍ ചാര്‍ത്തി കിടത്തുമായിരുന്നു. ചങ്ങാതിയെ വിളിക്കാന്‍ കഴിഞ്ഞതുകൊണ്ട് മാത്രമാണ് ഞാന്‍ പൊലിസ് കേസില്‍ നിന്നും രക്ഷപ്പെട്ടത്. എനിക്കായി വിളിച്ചവരോടൊക്കെ ഞാന്‍ മദ്യപിച്ചു എന്നാണ് പോലിസുകാര്‍ പറഞ്ഞത്. ജീവിതത്തില്‍ ഇതുവരെ മദ്യപിക്കാത്ത എന്നെ പോലിസുകാര്‍ മദ്യപാനിയാക്കി ചിത്രീകരിച്ചു.

പട്ടിയെ പേപ്പട്ടിയാക്കി അടിച്ചു കൊല്ലുക എന്നതാണ് ആ പൊലിസുകാരുടെ തന്ത്രം. ഇങ്ങനെയൊക്കെ മനസ്സുള്ള പൊലിസുകാര്‍ക്കു സമാധാനത്തോടെ കുടുംബത്തില്‍ ജീവിക്കാന്‍ ദൈവം അനുവദിക്കില്ല എന്നു വിശ്വസിക്കാനാണ് ഇഷ്ടം. ഇവരൊക്കെ കുടുംബത്തിലും ഇങ്ങനെയാണോ പെരുമാറുന്നത്. അവര്‍ക്കു ശിക്ഷ കൊടുക്കാന്‍ ഞാന്‍ രാത്രി ഉറക്കമില്ലാതെ പ്രാര്‍ത്ഥിച്ചിരുന്നു. അത്രയ്ക്ക് എന്നെ വേദനിപ്പിച്ചിരുന്നു. എനിക്കൊരിക്കലും ആ ഒരു മണിക്കൂര്‍ മറക്കാന്‍ കഴിയില്ല അതുപോലെ ആ പോലിസുകാരെയും മറക്കില്ല. എനിക്ക് ജീവിതത്തില്‍ ഇതുവരെ ഇത്രയ്ക്കു കടുത്ത ദുരനുഭവം ഉണ്ടായിട്ടില്ല. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ തരികയായിരുന്നു. രാജേഷ് പോലീസ്, സിപിഎം ലോക്കല്‍ സെക്രട്ടറി ഷക്കീല്‍, ബിജു പോലീസ്, രത്നകുമാര്‍ സാര്‍, രമേശന്‍ വെള്ളോറ, വളപട്ടണം സിഐ എന്നിവര്‍ ഉള്ളത്കൊണ്ട് മാത്രമാണ് മദ്യപാനകുറ്റത്തില്‍ നിന്നും രക്ഷപ്പെട്ടത്. അവരോട് എന്റെ സ്നേഹം അറിയിക്കുന്നു. മരിക്കുന്നതുവരെ ഇവരെ മറക്കില്ല. തിരക്കിന്റെ ഇടയിലും എനിക്ക് വേണ്ടി അവര്‍ സംസാരിച്ചല്ലോ.അവരോട് പോലും ഞാന്‍ മദ്യപിച്ചു എന്നാണ് പോലിസ് പറഞ്ഞത്. ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ല എന്നത് ഈ പോലിസ് സുഹൃത്തുക്കള്‍ക്കും ചങ്ങാതിമാര്‍ക്കും അറിയാവുന്നതാണ്. എനിക്ക് കുറെ പോലിസ് സുഹൃത്തുക്കളുണ്ട്. ബിജു പോലിസും സുജിത്തും സാദിര്‍ തലപ്പുഴയും സുരേഷ് ഇപിയും രത്നകുമാര്‍ സാറും സദാനന്ദന്‍ സാറും രാജേഷ് പോലീസും, ചരിത്രകാരന്‍ ബാബുവും രമേശന്‍ വെള്ളോറയും ഒക്കെ നല്ലവരായ പൊലിസുകാര്‍ ആയിരുന്നു. അവര്‍ എന്നോടും ഞാന്‍ അവരോടും സ്നേഹത്തോടെ, കാരുണ്യത്തോടെ എന്നും സംസാരിച്ചിരുന്നു. അവര്‍ക്കു എല്ലാവര്‍ക്കും ഞാന്‍ മദ്യപിക്കാറില്ല എന്നു അറിയാം. എന്നിട്ടും എന്നെ പിടിച്ചു കൊണ്ടുപോയ പോലിസുകാര്‍ മദ്യപാനിയാക്കിയത് എന്തിനാണ് എന്നു മനസ്സിലായില്ല. എനിക്ക് വല്ലാതെ പേടി തോന്നിയത് ജയിലില്‍ കിടക്കുന്നതിനെ കുറിച് ആലോചിട്ട് ആയിരുന്നില്ല. സ്റ്റേഷനിലുള്ള പോലിസുകാരൊക്കെ ഒരു കൊലപാതകിയോട് പെരുമാറുന്നത് പോലെ അത്രയ്ക്ക് രൂക്ഷമായിട്ടാണ് പെരുമാറിയത്. എനിക്ക് ആ പോലിസുകാരോട് ദേഷ്യമില്ല തോന്നിയത്. സങ്കടമാണ്. ഇങ്ങനെയുള്ളവരില്‍ നിന്നും എന്ത് നീതി നിര്‍വഹവണമാണ് സമൂഹത്തിനു ലഭിക്കുക. ഇവരില്‍ നിന്നും എന്ത് നീതിയാണ് സമൂഹം പ്രതീക്ഷിക്കേണ്ടത്. ഞാന്‍ ഒരു ഹാര്‍ട്ട് പേഷ്യന്റ് ആണെന്ന് നിങ്ങള്‍ക്കൊക്കെ അറിയാവുന്നതാണല്ലോ. എനിക്ക് സംഘര്‍ഷങ്ങള്‍ സഹിക്കാന്‍ കഴിയില്ല. എന്തിനാണ് ഇങ്ങനെ മനുഷ്യന്മാരോട് പോലിസ്സുകാര്‍ പെരുമാറുന്നത് .എന്നാണ് എന്റെ പോലിസ് സുഹൃത്തുക്കളോട് എനിക്ക് ചോദിക്കാനുള്ളത്.

സ്നേഹത്തോടെ

നിങ്ങളുടെ ഇയ്യ വളപട്ടണം

Summary

Eyya Valapattanam-A complaint has been filed against writer Iyya Valapattanam alleging police brutality. Eyya Valapattanam wrote on Facebook that the police had taken him away and filmed him drunk for asking to help an elderly passerby cross the road.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com