

കേരളത്തിലെ പുതിയ രാഷ്ട്രീയ വിവാദങ്ങളിലൊന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന കോൺഗ്രസ് എം എൽ എയുമായി ബന്ധപ്പെട്ട സ്ത്രീവിഷയ ആരോപണങ്ങൾ. ആരോപണങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാഹുൽ രാജിവച്ചെങ്കിലും എം എൽ എ സ്ഥാനം രാജിവച്ചില്ല. ഇതേ തുടർന്ന്, കോൺഗ്രസിൽ നിന്ന് കാലാവധി പറയാതെ സസ്പെൻഷൻ നടത്തി പാർട്ടിയുടെ ആദർശമുഖം സംരക്ഷിക്കുകയായിരുന്നു കോൺഗ്രസ് കഴിഞ്ഞ ദിവസം ചെയ്തത്.
എന്നാൽ കോൺഗ്രസ് പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറയുന്ന ഈ ആദർശത്തിൽ എത്രത്തോളം ആദർശമുണ്ട് എന്നതാണ് കോൺഗ്രസിനുളളിൽ തന്നെ ഉയർന്നിരിക്കുന്ന ചോദ്യം. പൊതുസമൂഹത്തിന്റെ കണ്ണിൽ പൊടിയിടാൻ കോൺഗ്രസ് നേതാക്കൾ നടത്തിയ ഒത്തുതീർപ്പ് ഫോർമുലയാണ് ഈ സസ്പെൻഷൻ എന്നാണ് വിമർശനം. ആ വിമർശനത്തിൽ എത്രത്തോളം വസ്തുതയുണ്ട്.
പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് ഏറ്റവും അടുപ്പമുള്ള വ്യക്തികളായി അറിയപ്പെട്ടിരുന്നവരാണ് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും.
ഷാഫി വടകരയിൽ നിന്ന് എം പിയായി ജയിച്ചപ്പോൾ വന്ന ഒഴിവിലാണ് പാലക്കാട് മണ്ഡലത്തിൽ രാഹുൽ മത്സരിക്കാനെത്തുന്നത്. പാലക്കാട് ഡി സി സി യുടെ ആവശ്യം പോലും തള്ളിക്കളഞ്ഞാണ്, രാഹുലിനെ പാലക്കാട് സ്ഥാനാർത്ഥിയാക്കുന്നത്. വളരെ പെട്ടെന്ന് കോൺഗ്രസിനുള്ളിൽ വളർന്ന് വന്ന യുവനേതാവായിരുന്നു രാഹുൽ. രാഹുലിന്റെ വളർച്ചയ്ക്കൊപ്പം വിവാദങ്ങളുമുണ്ടായിരുന്നു. വ്യാജ ഐഡികാർഡ് വിവാദം മുതൽ ഇപ്പോൾ എത്തി നിൽക്കുന്ന വിഷയങ്ങൾ വരെ. രാഹുലിന്റെ വളർച്ചയോളം വിവാദങ്ങൾക്കും വളർച്ചയുണ്ടായിരുന്നു.
ഈ വിവാദങ്ങൾക്കൊപ്പം പതിവുപോലെ കോൺഗ്രസിലെ ഗ്രൂപ്പും വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങളുമൊക്കെ എന്നും കടന്നുവന്നിരുന്നു. അതുകൊണ്ടുതന്നെ കോൺഗ്രസിലെ ഭരണഘടന അനുസരിച്ച് സസ്പെൻഷൻ നടപടി നടപ്പാക്കുമ്പോൾ ഈ വിമർശനം ഉയരുന്നത്.
കോൺഗ്രസിലെ ഭരണ ഘടന അനുസരിച്ച സസ്പെൻഷൻ സംബന്ധിച്ച് ചില വ്യക്തമായ മാനദണ്ഡങ്ങൾ പറയുന്നുണ്ട്. അത് ഇങ്ങനെയാണ്:
ഐ എൻ സി യുടെ ഭരണഘടനയിൽ അച്ചടക്ക നടപടികൾ (ഡിസ്പ്ലിനറി ആക്ഷൻസ്) എന്ന തലക്കെട്ടിൽ വരുന്ന അദ്ധ്യായമുണ്ട്. പേജ് 50 ൽ പവർ ഓഫ് സസ്പെൻഷൻ എന്ന തലക്കെട്ടിൽ 3 ക്ലാസ് ബി യിൽ പറയുന്നത് നടപടിയെടുക്കുന്നതിനെ കുറിച്ചാണ്. നടപടിയെടുത്താൽ ഒരു മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ നടപടിയെടുത്ത് തീർപ്പാക്കണം എന്നാണ്. അതായത് സസ്പെൻഷൻ കാലാവധി പറയാത്ത കേസുകളിലാണ് ഒരുമാസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീർപ്പാക്കണം എന്ന് പറയുന്നത്.
ഇനി നിശ്ചിത കാലാവധി പറഞ്ഞാണ് ഒരംഗത്തെ സസ്പെൻ ചെയ്യുന്നതെങ്കിൽ എന്ത് ചെയ്യണം എന്ന് അച്ചടക്കനടപടികൾ സംബന്ധിച്ച നിയമത്തിലെ 6 - സിയിൽ പറയുന്നുണ്ട്. അത് പ്രകാരം നിശ്ചിത കാലയളവിലേക്ക് സസ്പെൻഡ് ചെയ്യപ്പെടുന്ന ഒരംഗം ഏതെങ്കിലും ജനപ്രതിനിധി ആണെങ്കിൽ അത് തദ്ദേശസ്ഥാപനമാകാം നിയമസഭയാകാം പാർലമെന്റാകാം ആ സ്ഥാനം കോൺഗ്രസുകാരനെന്ന നിലയിൽ രാജിവെക്കണം എന്ന് പറയുന്നുണ്ട്.
എന്തുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിന്റെ സസ്പെൻഷന് കാലാവധി വെക്കാത്തത് എന്നതിനുള്ള കാരണം അദ്ദേഹത്തിന്റെ രാജി വാങ്ങേണ്ടി വരും എന്നതാണ്. കാലാവധി പറയാതിരുന്നാൽ ഒരു മാസത്തിനുള്ളിൽ നടപടിയിൽ തീർപ്പ് കൽപ്പിക്കാം എന്നതാണ്. അതായത് കോൺഗ്രസിൽ നിന്നുള്ള സസ്പെൻഷൻ എന്നത് കോൺഗ്രസ് നേതൃത്വം കാണിച്ച കബളിപ്പിക്കൽ തന്ത്രമെന്ന വിമർശനത്തെ സാധൂകരിക്കുന്നതാണ് ഈ വസ്തുതകൾ.
വിമർശകർ ഉന്നയിക്കുന്ന മറ്റൊരു കാര്യം ഒരാളെ സസ്പെൻഡ് ചെയ്താൽ അത് എവിടെ നിന്നാണെങ്കിലും അന്വേഷണവിധേയമായിട്ടായിരിക്കും ആ നടപടി. എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷനെ കുറിച്ച് അന്വേഷണം നടത്തുമെന്നോ അതിനായി വ്യക്തിയെയോ സമിതിയെയോ നിയമിച്ചിട്ടുണ്ടെന്നോ കോൺഗ്രസ് പ്രസിഡന്റോ പ്രതിപക്ഷ നേതാവോ പറഞ്ഞിട്ടില്ല.
ശിക്ഷാനടപടി എന്നാൽ അന്വേഷണത്തിന് വിധേയമായ ഒന്നാകണം. അതായത് സസ്പെൻഷന് ശേഷം തിരിച്ചെടുക്കണോ പുറത്താക്കണോ സസ്പെൻഷൻ തുടരണോ ആരോപണങ്ങൾ ശരിയാണോ എന്നൊക്കെ കണ്ടെത്താനും തീരുമാനിക്കാനും നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുന്നതിനും നടപടി സ്വീകരിക്കുന്നതിന് വേണ്ട മാർഗം. അങ്ങനെയൊരു അന്വേഷണവും കോൺഗ്രസ് പ്രഖ്യാപിച്ചിട്ടില്ല. അതായത്, ഒരുമാസം കഴിയുമ്പോൾ തിരിച്ചെടുക്കാം.
പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു എന്നതുകൊണ്ട് എം എൽ എ എന്ന നിലയിലുള്ള പദവിയോ അധികാരങ്ങളോ അവകാശങ്ങളോ നിലവിൽ നഷ്ടമാകില്ല. അതുകൊണ്ടുതന്നെ നിയമസഭ ചേരുമ്പോൾ അദ്ദേഹത്തിന് സഭയിൽ വരാം. പക്ഷേ, കോൺഗ്രസ് സ്പീക്കർക്ക് സസ്പെൻഷൻ സംബന്ധിച്ച് കത്ത് നൽകിയാൽ യു ഡി എഫിനൊപ്പം ഇരിക്കാനാവില്ല. എന്നാൽ എം എൽ എ എന്ന നിലയിൽ സ്വതന്ത്രനായി ഇരിക്കാം. അതിന് സ്പീക്കർ പ്രത്യേക സീറ്റ് നൽകും. സെപ്തംബർ പകുതിക്ക് ശേഷം നിയമസഭ ചേർന്നേക്കാം. നിലവിലെ കോൺഗ്രസിലെ സസ്പെൻഷൻ രീതി വച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ കാലാവധി സെപ്തംബർ 25 ന് അവസാനിക്കും. അപ്പോൾ അദ്ദേഹത്തിന് കോൺഗ്രസ് എം എൽ എ മാരുടെ കൂട്ടത്തിൽ തന്നെയിരിക്കാൻ സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
