'പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല'; ആദിവാസി വിദ്യാര്‍ഥിയുടെ മരണത്തില്‍ ഹൈവേ പൊലീസിനെതിരെ കുടുംബം

സംഭവത്തില്‍ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്
Manu
മനു
Edited By:
Updated on
2 min read

കൽപ്പറ്റ: വയനാട് മുത്തങ്ങയ്ക്ക് സമീപം സൈക്കിള്‍ അപകടത്തില്‍ പരിക്കേറ്റ് രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച 11 വയസ്സുകാരനായ ആദിവാസി വിദ്യാര്‍ഥിയുടെ മരണത്തില്‍ ഹൈവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. സംഭവസ്ഥലത്തെത്തിയിട്ടും പൊലീസ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ലെന്നും അതുമൂലമാണ് കുട്ടിയുടെ ജീവന്‍ നഷ്ടമായതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Manu
'വിവേകം വേണം, പൊതിച്ചോര്‍ നിരോധിച്ചിട്ട് സര്‍ക്കാരിന് എന്തു നേട്ടമാണ്?' ; രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍

മുത്തങ്ങ പൊന്‍കുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനുവിന്റെയും ചിക്കിയുടെയും മകന്‍ മനു (11) കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചത്. കല്ലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ഇടത് തുടയിലെ പ്രധാന രക്തധമനിക്ക് പരിക്കേറ്റതിനെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മുത്തങ്ങ പൊന്‍കുഴി ദേശീയപാതയ്ക്ക് സമീപത്തായിരുന്നു അപകടം. സൈക്കിള്‍ മരക്കുറ്റിയില്‍ ഇടിച്ച് മറിഞ്ഞതോടെയാണ് അപകടമുണ്ടായതെന്നാണ് ബത്തേരി പൊലീസിന്റെ വിശദീകരണം. ദേശീയപാതയില്‍ നിന്ന് ഏകദേശം 30 മീറ്റര്‍ അകലെയാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മനുവിനെ കണ്ടെത്തിയത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടമെന്ന് പൊലീസ് പറയുന്നു.

സംഭവസമയത്ത് മകനെ തോളിലേറ്റി ആംബുലന്‍സിനായി കാത്തുനില്‍ക്കുമ്പോഴാണ് വൈകിട്ട് 5.30 ഓടെ ഹൈവേ പൊലീസ് സ്ഥലത്തെത്തിയതെന്ന് പിതാവ് ബിനു പറഞ്ഞു. 'ആംബുലന്‍സ് വിളിച്ചോ എന്നാണ് പൊലീസ് ആദ്യം ചോദിച്ചത്. നേരത്തെ തന്നെ വിളിച്ചിട്ടുണ്ടെന്നും ഇതുവരെ എത്തിയിട്ടില്ലെന്നും അറിയിച്ചു. കുട്ടിക്ക് രക്തസ്രാവമുണ്ടെന്ന കാരണം പറഞ്ഞ് പൊലീസ് വാഹനത്തില്‍ കയറ്റാന്‍ തയ്യാറായില്ല. പിന്നീട് രാത്രി 6.30 ഓടെ ആംബുലന്‍സ് എത്തിയ ശേഷമാണ് ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പൊലീസ് ഉടന്‍ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ 5.45 ഓടെ തന്നെ ചികിത്സ ലഭിക്കുമായിരുന്നു' ബിനു പറഞ്ഞു.

അതേസമയം, പൊലീസിന്റെ ഭാഗത്ത് വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി എസ്. ദേവമനോഹര്‍ വ്യക്തമാക്കി. പരാതി ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം അറിയിച്ചു. 'ശനിയാഴ്ച തന്നെ വിഷയം ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ മാനന്തവാടി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. കുടുംബം ആരോപിക്കുന്ന തരത്തിലുള്ള സംഭവങ്ങളല്ല നടന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. കുട്ടിയെ മറ്റൊരു വാഹനം ഇടിച്ചതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സൈക്കിളില്‍ നിന്ന് വീഴുന്നതിനിടെ സമീപത്തെ മരക്കുറ്റിയില്‍ തുടയിടിച്ച് ഗുരുതര പരിക്കേറ്റതായാണ് കണ്ടെത്തിയത്.' ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

പരിക്കേറ്റതിന് പിന്നാലെ കുട്ടി സമീപത്തെ അരുവിയില്‍ കാല്‍ കഴുകി വീട്ടിലെത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.'അന്ന് ഹൈവേ പട്രോളിങ് സംഘം മുത്തങ്ങയില്‍ മറ്റൊരു വാഹനാപകടവുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലായിരുന്നു. വിവരം ലഭിച്ച ഉടന്‍ സ്ഥലത്തെത്തി. അതിന് മുമ്പേ കുടുംബം ആംബുലന്‍സ് വിളിച്ചിരുന്നു. സ്ഥലത്തെത്തിയപ്പോള്‍ കുട്ടി ബോധവാനായിരുന്നു. തനിക്ക് കുഴപ്പമില്ലെന്നാണ് കുട്ടി പറഞ്ഞത്. പരിക്ക് പാന്റിനുള്ളിലായിരുന്നതിനാല്‍ അതിന്റെ ഗുരുതരാവസ്ഥ പൊലീസിന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.

ആംബുലന്‍സ് എവിടെയെത്തിയെന്ന് പൊലീസ് വിളിച്ച് അന്വേഷിച്ചു. മൂന്ന് മുതല്‍ നാല് മിനിറ്റിനുള്ളില്‍ ആംബുലന്‍സ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിയ ശേഷമാണ് പ്രധാന രക്തധമനിക്ക് പരിക്കേറ്റതായി കണ്ടെത്തിയത്. അപ്പോള്‍ തന്നെ വലിയ അളവില്‍ രക്തം നഷ്ടമായിരുന്നു.' എസ്.പി. പറഞ്ഞു. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന പരാതിയെ തുടര്‍ന്നാണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Manu
പാർട്ടി അംഗത്വം പുതുക്കിയില്ല; അഡ്വ. ജയശങ്കർ സിപിഐയിൽ നിന്ന് പുറത്തേക്ക് ?
Manu
ഇനി '149' ല്‍ വിളിക്കാം; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പറുമായി കെഎസ്ആര്‍ടിസി
Manu
'ആഹാരത്തിന് രാഷ്ട്രീയമോ മതമോ ഇല്ല, സ്ഥലം കയ്യേറിയതാണ് എതിര്‍ത്തത്'; പൊതിച്ചോര്‍ വിവാദത്തില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍
Summary

Family against highway police regarding tribal student's death

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com