തിരുവനന്തപുരം: സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് തല്ലിയൊടിച്ച കേസിൽ അറസ്റ്റിലായ പിതാവിന് ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. മുൻവൈരാഗ്യം മൂലം തനിക്കെതിരെ വധശ്രമം നടത്തിയെന്ന് കാണിച്ച് പരിക്കേറ്റ അയൽവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പിതാവിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നത്. എന്നാൽ, മകളെ അയൽവാസി ഉപദ്രവിക്കുന്നത് നേരിട്ട് കണ്ടതിന് പിന്നാലെയുണ്ടായ സ്വാഭാവിക പ്രതികരണമായിരുന്നു ഇതെന്ന പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് കോടതി നടപടി.
തന്റെ മകളെ അതിക്രമത്തിന് ഇരയാക്കാൻ ശ്രമിക്കുന്നത് കണ്ട് തടയുന്നതിനിടയിലാണ് അയൽക്കാരന് പരിക്കേറ്റതെന്ന പിതാവിന്റെ വാദങ്ങൾ കേസ് രജിസ്റ്റർ ചെയ്യുന്ന ഘട്ടത്തിൽ പരിഗണിക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. എന്നാൽ, കോടതി ഇടപെടലോടെ അതിക്രമം നേരിട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, പിതാവിന്റെ മർദ്ദനമേറ്റ് നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അയൽവാസിക്കെതിരെ പൊലീസ് പോസ്കോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ആശുപത്രിയിൽ വെച്ച് തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates