

കൊച്ചി; മകനെ പൊലീസുകാർ മർദിച്ചു കൊലപ്പെടുത്തിയതാണെന്നും സ്വതന്ത്ര്യ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അച്ഛൻ ഹൈക്കോടതിയിൽ. കോട്ടയം കുമരകത്ത് കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ അച്ചിനകം വാടപ്പുറത്തുംചിറ ജിജോയുടെ (27) അച്ഛൻ ആന്റണി ആണ് കോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണം അടക്കം ആവശ്യപ്പെടുന്നതാണ് ഹർജി. കേസിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.
പൊലീസുകാർ പിന്തുടർന്നതിന് തെളിവുകൾ
നവംബർ ഏഴിനാണ് ജിജോയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അന്ന് രാത്രി പൊലീസുകാർ ഇയാളെ പിന്തുടർന്നതിന് തെളിവുകളുണ്ട്. പൊലീസുകാർ മകനെ മർദിച്ച് കൊലപ്പെടുത്തി കാനയിൽ തള്ളുകയായിരുന്നു എന്നാണ് ആന്റണിയുടെ ആരോപണം. സംഭവ ദിവസം രാത്രിയിൽ കുമരകം ചക്രംപടിക്കു സമീപം ജില്ലാ പൊലീസ് മേധാവിയുടെ ഡ്രൈവറെ തടഞ്ഞുവയ്ക്കുരയും അസഭ്യം പറയുകയും ചെയ്തുവെന്ന പേരിൽ ജിജോയെ പൊലീസ് പിന്തുടർന്നിരുന്നു എന്നാണ് ഹർജിയിലുള്ളത്.
ഒരടി താഴ്ചയുള്ള കനാലിൽ മുങ്ങിമരിച്ചെന്ന് റിപ്പോർട്ട്
8.40ന് ജിജോ ഹോട്ടലിൽ കയറുന്നതും നാലു പൊലീസുകാർ പിന്തുടരുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇതിനു പിന്നിലുള്ള ചെറിയ കനാലിലാണ് രാത്രി 9 മണിക്ക് മൃതദേഹം കണ്ടെത്തുന്നത്. മുങ്ങി മരണമാണ് എന്നാണ് പോസ്റ്റു മോർട്ടം റിപ്പോർട്ട്. എന്നാൽ ഇതിന് സാധ്യതയില്ലെന്നും കനാലിന് ഒരടി താഴ്ച മാത്രമാണ് ഉള്ളത് എന്നുമാണ് ഹർജിയിൽ വ്യക്തമാക്കുന്നു. മകനെ പിന്തുടർന്ന പൊലീസുകാരാണ് മരണത്തിന് പിന്നിൽ എന്നാണ് ആന്റണി ആരോപിക്കുന്നത്. ഡിജിപിക്കു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates